editorial
മുങ്ങി മരണങ്ങളില്‍ അനാസ്ഥ
വെള്ളം ഓരോ വ്യക്തിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണെന്നതിനൊപ്പം, അതിനോടുള്ള സമീപനം ബോധപൂര്‍വമല്ലെങ്കില്‍ മരണത്തിന്റെ മുഖമായി മാറും. ജലസുരക്ഷയില്‍ വ്യക്തികളും സമൂഹവും ഭരണകൂടവും കാണിക്കുന്ന അനാസ്ഥയുടെയും അശ്രദ്ധയുടെയും ഫലം അനേകരുടെ ജീവിത നഷ്ടമായിരിക്കും.
		
      																					
              
              
            ഇക്കഴിഞ്ഞ ഞായറാഴ്ച ആറ് മുങ്ങിമരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കുന്നതിനിടെ കര്‍ണാടക സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. പാലക്കാട് ചിറ്റൂര്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരട്ടക്കുട്ടികളെ ഒരു ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് പീരുമേട്ടില്‍ എത്തിയ ഹരിപ്പാട് സ്വദേശി മഹേശ് തോട്ടില്‍ മുങ്ങി മരിച്ചു. മൂന്ന് ദിവസം മുമ്പാണ് വയനാട്ടില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ മേപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ആര്യദേവ് എന്ന കൗമാരക്കാരന്‍ പൊഴുതന പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്തെ പുഴയില്‍ മുങ്ങിമരിച്ചത്.
ജലസമൃദ്ധിയുടെ നാടാണ് കേരളം. വലിയ അനുഗ്രഹമാണ് നദികളും കായലുകളും കുളങ്ങളും കിണറുകളുമെല്ലാം. കേരളീയരെ ജലക്ഷാമമില്ലാതെ ജീവിക്കാന്‍ സഹായിക്കുന്നത് ഈ ജലസ്രോതസ്സുകളാണ്. ഇവ പലപ്പോഴും ദുരന്തങ്ങളുടെ വേദിയായി മാറുകയും ചെയ്യുന്നു. വര്‍ഷം തോറും ആയിരക്കണക്കിനു പേരാണ് സംസ്ഥാനത്തെ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്നത്. അവധി ആഘോഷിക്കാന്‍ കൂട്ടം ചേര്‍ന്നു പോകുന്നവര്‍, ബന്ധുവീടുകളില്‍ വിരുന്നിനെത്തുന്നവര്‍, സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ കുളിക്കാനിറങ്ങുന്നവര്‍, അബദ്ധത്തില്‍ കാല്‍വഴുതി വീണ് കയങ്ങളില്‍ താഴ്ന്നുപോകുന്നവര്‍ എന്നിങ്ങനെ അടിക്കടി മുങ്ങിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു വാര്‍ത്താമാധ്യമങ്ങള്‍.
മുങ്ങിമരണം കൂടുതലായി സംഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരള പോലീസിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും കണക്കു പ്രകാരം പ്രതിവര്‍ഷം 1,500ഓളം മുങ്ങിമരണങ്ങള്‍ നടക്കുന്നുണ്ട് സംസ്ഥാനത്ത്. വാഹനാപകടങ്ങളും ആത്മഹത്യകളും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് മുങ്ങിമരണങ്ങളിലാണ്. 5-14 വയസ്സിനിടയിലുള്ള കുട്ടികളാണ് കൂടുതലും. രാജ്യത്ത് പൊതുവെ വര്‍ഷക്കാലത്താണ് മുങ്ങിമരണങ്ങളുടെ നിരക്ക് ഉയരുന്നത്. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന കുളങ്ങളും കുഴികളും ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.
കേരളത്തില്‍ വേനല്‍ കാലത്തും ധാരാളമായി നടക്കുന്നു മുങ്ങിമരണങ്ങള്‍. മധ്യവേനല്‍ അവധിക്കാലത്തും മറ്റും ബന്ധുവീടുകളില്‍ വിരുന്നിനെത്തുന്നവര്‍ സമീപ പ്രദേശത്തെ പരിചയമില്ലാത്ത ജലാശയങ്ങളിള്‍ കുളിക്കാനിറങ്ങുമ്പോഴാണ് കൂടുതലും ഇത് സംഭവിക്കുന്നത്. വാഹനാപകടങ്ങളിലെന്ന പോലെ പ്രധാന വില്ലനാണ് മുങ്ങിമരണങ്ങളിലും മദ്യം. വിനോദ സഞ്ചാരത്തിനെത്തുന്ന പലരും മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചുമാണ് ജലാശയങ്ങളില്‍ കുളിക്കാനിറങ്ങുന്നത്. ഇത് അപകടമാണ്.
മദ്യലഹരി മനുഷ്യന്റെ ചിന്താശേഷിയും പ്രതിസന്ധി ഘട്ടത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവും ഇല്ലാതാക്കുന്നതിനാല്‍, ആഴമുള്ള ജലാശയങ്ങളില്‍ അകപ്പെടുമ്പോള്‍ നീന്തിരക്ഷപ്പെടാനുള്ള ബോധം പോലും ഇല്ലാതായേക്കാം മദ്യപാനിക്ക്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ആള്‍ക്കഹോളിസവും നടത്തിയ പഠന പ്രകാരം ജലവിനോദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 70 ശതമാനവും മദ്യലഹരിയിലാണ് സംഭവിക്കുന്നത്. യു എസ് കോസ്റ്റ്ഗാര്‍ഡിന്റെ കണക്കനുസരിച്ച് വിനോദ ബോട്ടിംഗ് അപകടങ്ങളിലും മരണങ്ങളിലും പ്രധാന പങ്കുവഹിക്കുന്നത് മദ്യമാണ്. മദ്യപിക്കാത്ത വ്യക്തി ബോട്ട് ഓടിക്കുന്നതിനേക്കാള്‍ 16 മടങ്ങ് ദുരന്ത സാധ്യതയുണ്ട് മദ്യപിച്ച വ്യക്തി വോട്ട് ഓടിക്കുമ്പോഴെന്ന് പഠനങ്ങള്‍ പറയുന്നു.
നീന്തല്‍ പരിശീലനം സാര്‍വത്രികമാക്കുകയും സമൂഹത്തില്‍ ജലസുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുകയുമാണ് മുങ്ങിമരണം കുറക്കാന്‍ പ്രഥമമായി സ്വീകരിക്കേണ്ടത്. വിദ്യാലയങ്ങള്‍ തൊട്ടേ ഇത് തുടങ്ങണം. പല പാശ്ചാത്യ രാജ്യങ്ങളിലും നീന്തല്‍ പരിശീലനവും ജലസുരക്ഷക്ക് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. ജലസുരക്ഷയെക്കുറിച്ചുള്ള അജ്ഞതയാണ് നല്ലൊരു വിഭാഗം മുങ്ങിമരണങ്ങള്‍ക്കും കാരണമെന്നാണ് കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ വിലയിരുത്തല്‍.
പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ അതിനെക്കുറിച്ച് സമീപവാസികളോട് ചോദിച്ചറിയുന്നത് ദുരന്തം ഒഴിവാക്കാന്‍ സഹായിക്കും. ഓരോ ജലാശയത്തിന്റെയും സ്വഭാവം വ്യത്യസ്തമായിരിക്കും. വെള്ളത്തിന്റെ ഒഴുക്ക്, ആഴം, പരപ്പ്, അടിഭാഗത്തിന്റെ ഘടന തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും. ആഴക്കൂടുതലും ദുരന്ത സാധ്യതയുള്ളതുമായ ജലാശയങ്ങള്‍ക്കരികെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, സുരക്ഷാ വേലികള്‍, സമീപത്ത് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ സജ്ജീകരിക്കല്‍, വിനോദ കേന്ദ്രങ്ങളില്‍ ലൈഫ് ഗാര്‍ഡുകളുടെ സാന്നിധ്യം എന്നിവയും ആവശ്യമണ്. പ്രാദേശിക ഭരണകൂടങ്ങളാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്.
ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയും സമൂഹത്തിന്റെ അവബോധമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ഐക്യരാഷ്ട്ര ദുരന്തനിവാരണ വിഭാഗത്തിൽ സേവനം ചെയ്യുന്ന മുരളി തുമ്മാരുകുടി ചൂണ്ടിക്കാണിച്ചതു പോലെ, റോഡപകടം കുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധാബദ്ധമാണ്. അതിന് റോഡ് സേഫ്റ്റി വകുപ്പുണ്ട്, സുരക്ഷാ കമ്മിറ്റികളുണ്ട്, സുരക്ഷാ വാരാചരണമുണ്ട്, കോടതികളുടെ ഇടപെടലുണ്ട്, നഷ്ടപരിഹാരവുമുണ്ട്. മുങ്ങിമരണത്തിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല. ഈ നിലപാട് മാറണം. വെള്ളം ഓരോ വ്യക്തിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണെന്നതിനൊപ്പം, അതിനോടുള്ള സമീപനം ബോധപൂര്‍വമല്ലെങ്കില്‍ മരണത്തിന്റെ മുഖമായി മാറും. ജലസുരക്ഷയില്‍ വ്യക്തികളും സമൂഹവും ഭരണകൂടവും കാണിക്കുന്ന അനാസ്ഥയുടെയും അശ്രദ്ധയുടെയും ഫലം അനേകരുടെ ജീവിത നഷ്ടമായിരിക്കും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


