From the print
പ്രകടനപത്രികയിൽ മുമ്പേ പറന്ന് ഇന്ത്യ സഖ്യം
എല്ലാ വീട്ടിലും സർക്കാർ ജോലി • 200 യൂനിറ്റ് വൈദ്യുതി സൗജന്യം • സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ
പാറ്റ്‌ന | ബിഹാറിൽ പ്രകടന പത്രികയിറക്കുന്നതിൽ മുമ്പേ പറന്ന് ഇന്ത്യ സഖ്യം. തൊഴിൽ, സാമൂഹിക സുരക്ഷ തുടങ്ങിയവയിൽ ഊന്നുന്ന സമഗ്ര പ്രകടനപത്രികയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയും ആർ ജെ ഡി മേധാവിയുമായ തേജസ്വി യാദവ് പ്രകാശനം ചെയ്തത്. ഓരോ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന് തേജസ്വി നേരത്തേ പ്രഖ്യാപിച്ച പദ്ധതി തന്നെയാണ് പ്രകടനപത്രികയുടെ ഹൈലൈറ്റ്. “20 ദിവസത്തിനുള്ളിൽ, ഓരോ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി നൽകും. ഇക്കാര്യത്തിലാകും മന്ത്രിസഭ ആദ്യ തീരുമാനമെടുക്കുക’- പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ തേജസ്വി പറഞ്ഞു. പ്രകടന പത്രികയിലെ 25 പോയിന്റുകളിൽ ആദ്യത്തേത് ഈ തൊഴിൽ വാഗ്ദാനമാണ്.
ലോക ബേങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബിഹാർ റൂറൽ ലിവ്‌ലിഹുഡ്‌സ് പ്രൊജക്ട് വളണ്ടിയർമാരായ ജീവിക ദീദികളെ സ്ഥിരം സർക്കാർ ജീവനക്കാരാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം.
200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായം എന്നിവയും ഉറപ്പ് നൽകുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഓരോ സബ് ഡിവിഷനിലും ഹോസ്റ്റലുകൾ, ഓരോ ബ്ലോക്കിലും ഡിഗ്രി കോളജ്, ഭൂപരിഷ്‌കരണത്തെക്കുറിച്ചുള്ള ബന്ധോപാധ്യായ കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും “തേജസ്വി പ്രാൺ പത്ര’യെന്ന് പേരിട്ട പ്രകടന പത്രികയിലുണ്ട്.
എല്ലാ കരാർ, ഔട്ട്സോഴ്സ് തൊഴിലാളികളെയും സ്ഥിരപ്പെടുത്തും. പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങുമെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്.
“സംസ്ഥാനം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഈ 25 കാര്യങ്ങൾ സംസ്ഥാനത്തെ സമൃദ്ധിയിലേക്ക് നയിക്കും. ഞങ്ങൾക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ട്. അഞ്ച് വർഷത്തേക്ക് പ്രവർത്തിക്കാനുള്ള പദ്ധതി രേഖയായി ഇപ്പോൾ പ്രകടന പത്രികയുമുണ്ട്. എൻ ഡി എ അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവർക്ക് എന്തെല്ലാം പദ്ധതികളുണ്ട്? അവരുടെ കാഴ്ചപ്പാട് എന്താണ്? അവർ ബിഹാറിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും?- തേജസ്വി യാദവ് ചോദിച്ചു. നെഗറ്റീവായ കാര്യങ്ങൾ മാത്രമേ എൻ ഡി എ നേതാക്കൾക്ക് പറയാനുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയും വികാസ്ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സഹാനി, കോൺഗ്രസ്സിന്റെ പവൻ ഖേര, സി പി ഐ (എം എൽ)യുടെ ദീപാങ്കർ ഭട്ടാചാര്യ പങ്കെടുത്തു. മുന്നണിക്കകത്തെ പ്രശ്‌നങ്ങൾ കാരണം പ്രചാരണ രംഗത്ത് സജീവമാകാൻ ഇന്ത്യ സഖ്യത്തിന് സാധിച്ചിരുന്നില്ല. ഈ കുറവ് നികത്തി മുന്നോട്ട് പോകാൻ ഇപ്പോൾ സഖ്യത്തിന്
കഴിയുന്നുണ്ട്.
അതേസമയം, രാഹുലിന്റെ ചിത്രം പ്രകടനപത്രികയുടെ മുഖപ്പേജിൽ ചെറുതായിപ്പോയെന്നും തേജസ്വിമയമായിപ്പോയെന്നും ചിലർ വിമർശമുയർത്തുന്നുണ്ട്. പ്രകടനപത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്.
കഴിഞ്ഞ തവണ “പ്രാൺ ഹമാര’ എന്നായിരുന്നു പ്രകടന പത്രികയുടെ പേര്. അന്നും കവറിലെ പ്രധാന ചിത്രം തേജസ്വിയുടേതായിരുന്നു. എന്നാൽ ഇത്തവണ പേര് തന്നെ തേജസ്വിയുടേതായി. ഇന്നും നാളെയുമായി രാഹുൽ ഗാന്ധി സംസ്ഥാനത്തുണ്ടാകും. പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ്സ് പ്രസിഡന്റ്മല്ലികാർജുൻ ഖാർഗെയും പിറകേ വരുന്നുണ്ട്.



