Kerala
മുതലമടയില്‍ ആദിവാസി മധ്യവയസ്‌ക്കനെ മുറിയില്‍ പൂട്ടിയിട്ട സംഭവം: വിവരം പുറത്തറിയിച്ച ആളെ കാണാനില്ലെന്ന് പരാതി
മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കാണാതായത്.

പാലക്കാട്| പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ട സംഭവം പുറത്തറിയിച്ച ആളെ കാണാനില്ലെന്ന് പരാതി. മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കാണാതായത്. ഇതേതുടര്‍ന്ന് ആദിവാസി നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന അരസിന്റെ വീഡിയോ സന്ദേശം ഉള്‍പ്പടെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മുതലമടയിലെ ഫാം സ്റ്റേയിലാണ് വെള്ളയന്‍ എന്നയാളെ ഫാം സ്റ്റേ ഉടമ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു. എസ്‌സി, എസ്ടിക്കെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തോട്ടത്തില്‍ ജോലിക്ക് പോയ വെള്ളയന്‍ പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പില്‍ ബിയര്‍ കുപ്പി കിടക്കുന്നത് കണ്ടു. ശേഷം ഇതെടുത്ത് അദ്ദേഹം കുടിച്ചു. ഇതുകണ്ട ഫാംസ്റ്റേ ഉടമ വെള്ളയനെ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിട്ടു എന്നുമാണ് പരാതി. ഫാംസ്റ്റേയിലെ ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വെള്ളയനെ രക്ഷപ്പെടുത്തിയത്.