Kerala
ആദിവാസി മധ്യവയസ്‌ക്കനെ ആറു ദിവസം മുറിയില്‍ അടച്ചിട്ട സംഭവം; ഫാം സ്റ്റേ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെയാണ് കൊല്ലംകോട് പോലീസ് കേസെടുത്തത്.

പാലക്കാട്| പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്‌ക്കനെ ആറു ദിവസം മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഹോം സ്‌റ്റേ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെയാണ് കൊല്ലംകോട് പോലീസ് കേസെടുത്തത്. എസ്‌സി, എസ്ടിക്കെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരൊക്കെയാണ് മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.
പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയില്‍ ആദിവാസി മധ്യവയസ്‌ക്കന്‍ വെള്ളയനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിലാണ് ഇയാള്‍ താമസിക്കുന്നത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുതലമട ഊര്‍ക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്.
ദിവസങ്ങള്‍ക്കു മുന്‍പ് തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു വെള്ളയന്‍. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പില്‍ മദ്യ കുപ്പി കിടക്കുന്നത് കണ്ടു. ഇതെടുത്ത് വെള്ളയന്‍ കുടിച്ചു. ഇതു കണ്ട ഫാംസ്റ്റേ ഉടമ വെള്ളയനെ മര്‍ദ്ദിക്കുകയും ഇരുട്ടു മുറിയില്‍ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിട്ടു എന്നാണ് പരാതി. ഫാം സ്റ്റേയിലെ ഒരു ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടക്കത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന പരാതിയുണ്ട്. ഫാം സ്റ്റേ ഉടമ ഉള്‍പ്പെടെയുള്ള പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേരത്തെയും ക്രിമിനല്‍ കേസുകളുണ്ട്.