National
ഹിജാബ് ധരിച്ചെത്തിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ല: കർണാടക മന്ത്രി
ഒമ്പതിന് പ്രീ യൂനിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.
ബെംഗളൂരു | ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂനിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ കാര്യങ്ങൾ തുടരും. യൂനിഫോം ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാറും നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്്ലിം പെൺകുട്ടികളുടെ എണ്ണം വർധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കണക്കുകളൊന്നും വെക്കാൻ മന്ത്രിക്കായില്ല.
ഹിജാബ് ധരിച്ച് പഠനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രത്യേക ബഞ്ച് രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കടുത്ത നിലപാട് ശരിയാണോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയിൽ നടപടികൾ തുടരട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.
ഒമ്പതിന് പരീക്ഷ തുടങ്ങുന്നതിനാൽ ഹരജിയിൽ എത്രയും വേഗം തീർപ്പ് വേണമെന്ന് കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.




