Connect with us

Kerala

ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതര്‍

രാവിലെ 11 ഓടെയാണ് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്

Published

|

Last Updated

തൊടുപുഴ  | ജലനിരപ്പുയര്‍ന്നതോടെ ഇടുക്കി ഡാം തുറന്നു. രാവിലെ 11 ഓടെയാണ് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും.അതേ സമയം ആശങ്ക വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി

ഡാം തുറക്കുന്നതിന്റെ ഭാഗമായി രാവിലെ 10.55ന് ആദ്യമുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. നിലവില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായി.ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷമാണ് മറ്റ് ഷട്ടറുകള്‍ തുറക്കുക

മുന്‍കരുതലിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018ല്‍ അണക്കെട്ട് തുറന്നപ്പോള്‍ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു.
അണക്കെട്ട് തുറന്നുള്ള ആദ്യംവെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകര്‍ന്നിരുന്നു.

നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു.വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അണക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.പെരിയാര്‍ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവര്‍ത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു

 

 

---- facebook comment plugin here -----

Latest