Connect with us

Organisation

ഉംറക്കിടെ ഹറമിൽ കാണാതായ വയോധികനെ കണ്ടെത്തി നൽകി ഐ സി എഫ്

65കാരനായ മണ്ണാർക്കാട് സ്വദേശിയെയാണ് ഐ സി എഫ് പ്രവർത്തകർ കണ്ടെത്തിയത്

Published

|

Last Updated

മക്ക | നാട്ടിൽ നിന്നും മക്കയിലെത്തി ഉംറ നിർവഹിക്കുന്നതിനിടെ കാണാതായ പാലക്കാട് മണ്ണാർക്കാട് സ്വദേശിയെ കണ്ടെത്തി. കുടുബത്തോടപ്പം ഉംറ നിർവഹിക്കാനായി മതാഫിലേക്ക് വരുന്നതിനിടയിലാണ്  കനത്ത തിരക്കിൽ  മണ്ണാർക്കാട്  സ്വദേശി കോഴിക്കോടൻ മമ്മിയെ കാണാതായത്. വെള്ളിയാഴ്ച്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ബന്ധുക്കൾ മക്കയിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ശനിയാഴ്ച്ച വൈകിട്ടാണ് കാണാതായ വിവരം  നാട്ടിൽ നിന്നും ബന്ധുക്കൾ ഐ സി എഫ് പ്രവർത്തകരെ അറിയിച്ചത്. ഉടൻ മക്ക ഐ സി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഹറമിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ ആരംഭിക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി കാണാതായ വാർത്തയും ഫോട്ടോയും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു

ഞായറാഴ്ച്ച രാവിലെ ഐ സി എഫ് പ്രവർത്തകനായ മുഹമ്മദ് നിയാസ് ചാലിയമാണ് ഹറമിലെ പുറത്തെ ബാബു സലാം പരിസരത്ത് വെച്ച് മമ്മിയെ കണ്ടെത്തിയത്. വാട്സ്ആപ്പ് വഴി ലഭിച്ച ഫോട്ടോയാണ് തിരിച്ചറിയാൻ സഹായിച്ചതെന്ന്  നിയാസ് പറഞ്ഞു. ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

രണ്ട് ദിവസം ഹറമിലും പരിസരങ്ങളിലും മക്കളിൽ നിന്നും ഒറ്റപ്പെട്ട് കഴിഞ്ഞെങ്കിലും ഉംറ നിർവ്വഹിക്കാൻ വേണ്ടി ഒരു അറബി തന്നെ ഹറമിലേക്ക് കൊണ്ടുപോയി ഉംറ കർമങ്ങൾ അനായാസേന നിർവഹിക്കാൻ സഹായിക്കുകും തലമുടി കളഞ്ഞ ശേഷം ചെറിയ ഹദിയ കൂടി നൽകിയാണ് ഹറമിൽ വെച്ച് മടങ്ങിയതെന്നും ഇത് പുണ്യഭൂമിയിൽ ഒറ്റപ്പെട്ട തനിക്ക് അല്ലാഹു നൽകിയ അനുഗ്രഹമായാണ് താൻ കണക്കാകുന്നെതന്നും മമ്മി പറഞ്ഞു. ഹറമിൽ നിന്ന്  നോമ്പ്തുറയും അത്താഴവും ലഭിച്ചതിനാൽ യാതൊരു പ്രയാസവും അനുഭവപെട്ടിട്ടില്ലെന്നും മമ്മി സിറാജിനോട് പങ്കുവെച്ചു. തന്നെ കണ്ടെത്താൻ സഹായിച്ച ഐ സി എഫ് പ്രവർത്തകരോട് പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

ഷാഫി ബാഖവി  മക്ക, ശിഹാബ് കറുകത്താണി എന്നിവരും ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു. കനത്ത തിരക്കിനിടയിലും കാണാതായവരെ കണ്ടെത്താൻ പ്രയത്നിച്ച മക്കയിലെ  ഐ സി എഫ് പ്രവർത്തകരെ സഊദി നാഷണൽ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
മമ്മി മകൻ നൗഷാദിനോടപ്പം മക്കയിലെ താമസ സ്ഥലത്ത് തിരിച്ചെത്തി.

സിറാജ് പ്രതിനിധി, ദമാം

Latest