Connect with us

Aksharam Education

അറിയാം വാനരപ്പടയെ

Published

|

Last Updated

കുരങ്ങൻമാർ എക്കാലത്തും നമ്മിൽ കൗതുകമുണർത്തുന്നവരാണ്. മനുഷ്യന്റെ ഓരോ പ്രവൃത്തികളോടും ഭാവങ്ങളോടും വളരെയധികം സാമ്യം പുലർത്തുന്നവരാണ് അവർ. അവയുടെ ചലനങ്ങളും പ്രവൃത്തികളും നമ്മെ ഏറെ രസിപ്പിക്കുന്നതാണ്. കുരങ്ങൻമാരെ കൂട്ടുകാർക്ക് പരിചയപ്പെടാം.

◊ ചിമ്പാൻസി

ശാസ്ത്രീയ നാമം: ആന്ത്രോപിതേകസ് ട്രോഗ്ലോഡൈറ്റസ്
ജീവിത കാലയളവ്: 50 വർഷം
തൂക്കം: 100 കിലോ
പടിഞ്ഞാറൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലുമാണ് ഇവയെ കണ്ടുവരുന്നത്. ആൺ ചിമ്പാൻസിക്ക് അഞ്ചടിയോളം ഉയരവും നൂറ് കിലോയോളം തൂക്കവുമുണ്ട്. പെൺ ചിമ്പാൻസിക്ക് വലിപ്പം കുറവായിരിക്കും. കറുത്ത നിറമാണ് ഇവക്ക്. കുരങ്ങൻമാരിൽ ഏറ്റവും ബുദ്ധിയുള്ളവരാണ് ചിമ്പാൻസികൾ.
പഴങ്ങളും ഇലകളുമൊക്കെയാണ് ചിമ്പാൻസിയുടെ പ്രധാന ഭക്ഷണം. പുഴുക്കൾ, ചിതലുകൾ എന്നിവയും ഇവയുടെ ഭക്ഷണത്തിൽ പെടുന്നു. ചിമ്പാൻസിക്ക് ഭാരിച്ച കീഴ്ത്താടിയുള്ള വലിയ തലയാണ്. ശരീരം മുഴുവനും രോമാവൃതമായിരിക്കും. കാലുകളിൽ നിവർന്നു നിൽക്കുമ്പോൾ കൈകൾ നിവർത്തിയിട്ടാൽ കാൽമുട്ടുകൾക്ക് താഴെ വരെയെത്തും. കൈകാലുകളിലെ തള്ളവിരലുകൾ മറ്റു വിരലുകൾക്കെതിരെ മടക്കാൻ കഴിയും. കുടുംബങ്ങളായാണ് ചിമ്പാൻസികളുടെ വാസം.

◊ ഗിബ്ബൺ

ശാസ്ത്രീയ നാമം: ഹൈലോ ബാറ്റിഡെ
ജീവിത കാലയളവ്: 25 വർഷം
തൂക്കം: ആറ് കിലോ
ഹൈലോബേറ്റ്സ് ജനുസ്സിൽപെടുന്ന ആൾ കുരങ്ങുകളാണ് ഗിബ്ബൺ. ചെറുകൂട്ടങ്ങളായാണ് ഗിബ്ബണുകൾ ജീവിക്കുന്നത്. മരച്ചില്ലകളിൽ തൂങ്ങിയാണ് ഇവയുടെ സഞ്ചാരം. രണ്ടു കാലിൽ നിവർന്നു നിൽക്കുമ്പോൾ ഏകദേശം മൂന്ന് അടി ഉയരം വരും. മെലിഞ്ഞ ദേഹമാണിതിന്.
കൈകൾ കാൽമുട്ടിന് താഴേക്ക് നീണ്ടുകിടക്കും. പഴങ്ങളും ഇലകളുമാണ് ഇവയുടെ പ്രധാന ഭക്ഷണമെങ്കിലും മുട്ടകൾ, ചെറുപക്ഷികൾ എന്നിവയൊക്കെ ആഹാരമാക്കും. നിവർന്ന് രണ്ട് കാലിൽ നടക്കാനുള്ള കഴിവ് മറ്റു ആൾകുരങ്ങുകളേക്കാൾ അധികമാണ് ഇവക്ക്. പ്രധാനമായും ആറിനം ഗിബ്ബണുകളാണുള്ളത്.
ഏറ്റവും വലിയ ഇനമായ “സയമാംഗ് ഗിബ്ബൺ’ മലയ സുമാത്ര കാടുകളിലും “സ്വാർഫ് ഡയമാംഗ്’ സുമാത്രക്കടുത്ത ചില ദ്വീപുകളിലും കാണപ്പെടുന്നു. ലാർ ഗിബ്ബണുകളും ഈ പ്രദേശങ്ങളിലാണുള്ളത്. കോൺകളർ, ഹുലോക്ക്, ബ്ലാക് ക്യാപ്പ്ഡ് എന്നിവയാണ് മറ്റു ഗിബ്ബണുകൾ.

◊ ഗോറില്ല

ശാസ്ത്രീയ നാമം: ഗോറില്ല ഗോറില്ല ഗ്രോവറി
ജീവിത കാലയളവ്: 30- 40 വർഷം
തൂക്കം: 220 കിലോ
ആഫ്രിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഗോറില്ലകളിൽ ആൺ ഗോറില്ലകൾക്ക് ശരാശരി അഞ്ചടിയാണ് ഉയരം. ഭാരം 135 മുതൽ 220 കിലോ വരും. ഗോറില്ലകളെല്ലാം വംശനാശഭീഷണി നേരിടുകയാണ്. വന്യമൃഗങ്ങളുടെ ഇറച്ചിക്കുവേണ്ടിയുള്ള വേട്ടയാടൽ ആഫ്രിക്കയിൽ ഇന്നും തുടരുന്നതാണ് മുഖ്യകാരണം.

◊ ഒറാങ്ങ് ഉട്ടാൻ

ശാസ്ത്രീയ നാമം: പോങ്ങോ പിഗ്മയെസ്
ജീവിത കാലയളവ്: 30-45 വർഷം
തൂക്കം: 75 കിലോ
ഒറാങ്ങ് ഉട്ടാൻ എന്നതിന് ‘മലയ’ ഭാഷയിൽ കാട്ടുമനുഷ്യൻ എന്നാണ് അർഥം. വീതിയേറിയ നെറ്റിത്തടം, പതിഞ്ഞ മൂക്ക്, മുന്നോട്ടുന്തിയ മുഖം, ക്ഷീണിച്ചു തളർന്ന നോട്ടം എന്നിങ്ങനെയാണ് ഇവയുടെ പ്രത്യേകതകൾ.
പൊതുവെ ശാന്തരാണ് ഇവർ. മലയ, ബോർണിയോ, സുമാത്ര തുടങ്ങിയ പ്രദേശങ്ങളിലെ കാടുകളിലാണ് ഈ മനുഷ്യക്കുരങ്ങുകളെ കാണാറുള്ളത്. ആൺ കുരങ്ങിന് 4.5 അടി ഉയരവും 75 കിലോ തൂക്കവും കാണും. നീണ്ട ചെമ്പൻ മുടികൾ കൊണ്ട് പൊതിഞ്ഞതാണ് ഇതിന്റെ ശരീരം. പൊതുവെ നീളം കുറഞ്ഞ കൈകളാണ് ഇവക്ക്. നീളൻ കൈകൾ ഉപയോഗിച്ച് വൃക്ഷക്കൊമ്പുകളിൽ തൂങ്ങിയാണ് ഇവയുടെ സഞ്ചാരം. മരച്ചില്ലകൾ കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന മെത്തയിലാണ് ഉറക്കം. ഒരു മെത്ത ഒരു രാത്രിയെ ഉപയോഗിക്കൂ എന്ന് മാത്രം.

◊ ഹനുമാൻ കുരങ്ങുകൾ

ശാസ്ത്രീയ നാമം: സെംനോ പിത്തക്കസ്
ജീവിത കാലയളവ്: 20 വർഷം
തൂക്കം: 20 കിലോ
ഇന്ത്യയിൽ സാധാരണയായി കണ്ടു വരുന്ന ഒരിനം കുരങ്ങാണിത്. കോമൺ ലാംഗർ എന്ന പേരിലാണ് ഈ ഇനത്തിൽപ്പെട്ട കുരങ്ങുകൾ അറിയപ്പെടുന്നത്. എന്നാൽ എല്ലാവർക്കും ചിരപരിചിതമായ പേര് ഹനുമാൻ കുരങ്ങ് എന്നാണ്.
ഹനുമാൻ കുരങ്ങിന് ചാരനിറമായിരിക്കും. മുഖമാകട്ടെ കറുത്തതും. നല്ല നീളമുള്ള കൈകാലുകൾ ഇവയുടെ പ്രത്യേകതയാണ്. വാലിന് മൂന്നടി നീളമെങ്കിലും ഉണ്ടാകും. പത്ത് മുതൽ 20 കിലോ ഗ്രാം വരെ തൂക്കമുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്. അതു പോലെ ഉയരം 2.5 അടിയും കാണും.

വ്യത്യസ്ത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഹനുമാൻ കുരങ്ങുകൾ നിറത്തിലും തൂക്കത്തിലും വലിപ്പത്തിലും വ്യത്യസ്തമായി കാണപ്പെടുന്നു. ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊരു മരക്കൊമ്പിലേക്ക് അനായാസം ചാടാനും ഇവക്കു കഴിയും.
സാധാരണയായി മരക്കൊമ്പുകളിൽ കൂട്ടമായാണ് ഇവയുടെ വാസം. ചിലപ്പോൾ പാറക്കൂട്ടങ്ങളുടെ ഇടക്കും വാസസ്ഥലം കണ്ടെത്താറുണ്ട്. 15 മുതൽ 25 വരെ അംഗങ്ങൾ ഒരു കൂട്ടത്തിൽ ഉണ്ടായിരിക്കും. പഴങ്ങളും ഇലകളും പൂവുകളും മറ്റുമാണ് ഇവയുടെ ഭക്ഷണം.

 

◊ സിംഹവാലൻ കുരങ്ങ്

ശാസ്ത്രീയ നാമം: മക്കാക്ക സൈലനസ്
ജീവിതകാലയളവ്: 20 വർഷം
തൂക്കം: 10 കിലോ
പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതും വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതുമായ ഒരിനം സസ്തനിയാണ് സിംഹവാലൻ കുരങ്ങ്.
പേര് കേൾക്കുമ്പോൾ തന്നെ ഇവരുടെ ഏകദേശം രൂപം നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും. മെലിഞ്ഞ നീണ്ട വാലിന്റെ അറ്റത്തു കാണപ്പെടുന്ന രോമങ്ങളും തല മുതൽ കവിൾ തടം വരെയും അവിടുന്ന് താഴേക്ക് താടി വരെയും ഉള്ള വെള്ളി നിറത്തിൽ തിളങ്ങുന്ന രോമങ്ങളുമാണ് ഇവയുടെ പ്രത്യേകത. രോമമില്ലാത്ത മുഖത്തിന് കറുപ്പ് നിറമാണ്.

തല മുതൽ വാലറ്റം വരെയും ഏകദേശം 4,260 സെ.മി നീളമുള്ള ഇവർക്ക് പത്ത് കിലോഗ്രാമിൽ താഴെയേ തൂക്കമുണ്ടാവൂ. കാടുകളിൽ ഏകദേശം 20 വർഷം ജീവിക്കുന്ന ഇവർ മൃഗശാലയിൽ 30 വർഷം ജീവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മികച്ച മരം കയറ്റക്കാരായ ഇവർ മിക്ക സമയവും മഴക്കാടുകളിലെ മുകൾത്തട്ടിലാണ് കഴിച്ചു കൂട്ടുന്നത്. കൂട്ടമായി ജീവിക്കുന്ന ഇവരിൽ ഓരോ കൂട്ടത്തിലും 1,020 വരെ അംഗങ്ങൾ കാണും.
മിശ്രഭോജികളായ സിംഹവാലന്റെ പ്രധാന ഭക്ഷണം മഴക്കാടുകളിലെ പഴങ്ങൾ, ഇലകൾ, മുകുളങ്ങൾ, പ്രാണികൾ, ചെറുജീവികൾ തുടങ്ങിയവയാണ്. 92 ഇനം മരങ്ങളും ചെടികളും ഭക്ഷണത്തിനായി ഇവ ആശ്രയിക്കുന്നു. വെളിപ്ലാവ്, കാട്ടുപ്ലാവ്, ആൽമരം, കാട്ടുമാവ് എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

◊ കരിങ്കുരങ്ങ്

ശാസ്ത്രീയ നാമം: മക്കാക്ക നൈഗ്ര
ജീവിത കാലയളവ്: 20 വർഷം
തൂക്കം: 10 കിലോ
കുരങ്ങുകളുടെ കുടുംബമായ സെർകോപിതേസിഡേ (cercopithecidae)യിൽ ഉൾപെടുന്ന ഒരിനം സസ്തനിയാണ് കരിങ്കുരങ്ങ്. ഇവരെ ഇന്തോനേഷ്യയിലെ ദ്വീപുകളിലാണ് സാധാരണയായി കണ്ടുവരുന്നത്.
പൊതുവെ കൂട്ടം കൂടിയുള്ള ജീവിതം ഇഷ്ടപ്പെടുന്ന കരിങ്കുരങ്ങുകളുടെ ഒരു കൂട്ടത്തിൽ അഞ്ച് മുതൽ 25 വരെ കുരങ്ങന്മാർ ഉണ്ടായിരിക്കും. അംഗങ്ങൾ കുറവുള്ള കൂട്ടത്തിൽ ഒരു ആൺകുരങ്ങും കൂടുതൽ പേരുള്ള ഗ്രൂപ്പിൽ നാല് ആൺ കുരങ്ങുകളുമാണ് ഉണ്ടാകുക. കുഞ്ഞുങ്ങൾ പ്രായപൂർത്തി എത്തിയാൽ കൂട്ടത്തിൽ നിന്നും മാറി ചിലപ്പോൾ സ്വന്തമായി പുതിയൊരു ഗ്രൂപ്പിന് രൂപം നൽകുന്നതായും കാണുന്നു. ശബ്ദങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഇവർ ആശയവിനിമയം സാധ്യമാക്കുന്നത്.


രോമമില്ലാത്ത തൊലി, അങ്ങിങ്ങായി കാണുന്ന വെള്ള നിറത്തിലുള്ള രോമങ്ങൾ ഉള്ള ചുമൽ, നീണ്ട മുഖം, കവിൾസഞ്ചി, മടക്കുകളോട് കൂടിയ പുരികം, കുഞ്ഞുവാൽ എന്നിവയാണ് കരിങ്കുരങ്ങുകളുടെ പ്രത്യക്ഷത്തിൽ ഉള്ള ശാരീരിക സവിശേഷതകൾ. ഇവയിൽ ചിലർക്ക് തലയിൽ കുത്തനെ നിൽക്കുന്ന രോമങ്ങൾ കാണാം. മരത്തിലെന്ന പോലെ ഏറെക്കുറെ സമയം ഇവ മണ്ണിലും ചെലവഴിക്കാറുണ്ട്. ഭക്ഷണത്തിനും ഉറക്കത്തിനും വേണ്ടിയാണ് പ്രധാനമായും മരങ്ങളെ ആശ്രയിക്കുന്നത്.

മറ്റ് കുരങ്ങുകളെ പോലെ തന്നെ മെലിഞ്ഞ് നീണ്ട വാലാണ് കരിങ്കുരങ്ങിന്റെയും പ്രധാന സവിശേഷത. വാലിനു മാത്രം ഏകദേശം രണ്ട് സെന്റീമീറ്റർ നീളം ഉണ്ടാകും. നീളം 44 സെന്റീമീറ്ററും ഭാരം 3.8 മുതൽ 10.4 കിലോഗ്രാം വരെ വരും. ഏകദേശം 20 വർഷമാണ് ഇവരുടെ ആയുസ്സ്. ഗർഭകാലം 174 ദിവസമാണ്.
ഒരു പ്രസവത്തിൽ സാധാരണയായി ഒറ്റക്കുട്ടി മാത്രമാണ് ഉണ്ടാവുക. ഒരു വർഷം വരെ മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന കുഞ്ഞുങ്ങൾ 3-4 വർഷം കൊണ്ട് പൂർണമായി പ്രായപൂർത്തി എത്തിയിരിക്കും.
മിശ്രഭുക്കാണെങ്കിലും ഫലങ്ങളോടാണ് ഇവർക്ക് കൂടുതലിഷ്ടം. ഭക്ഷണത്തിന്റെ 70 ശതമാനവും പഴങ്ങളാണ്. കൂടാതെ ചെടിയുടെ ഇലകൾ, മൊട്ട്, വിത്ത് തുടങ്ങിയവയും ഭക്ഷിക്കാറുണ്ട്. അപൂർവമായി ചെറിയ പക്ഷികളെയും കുഞ്ഞുപല്ലി, തവള തുടങ്ങിയവയെയും കരിങ്കുരങ്ങ് ഭക്ഷിക്കാറുണ്ട്.

തയ്യാറാക്കിയത്: ഷാക്കിർ തോട്ടിക്കൽ

Latest