Connect with us

articles

ഈ വിധിയെഴുത്ത് പ്രധാനമന്ത്രി ആരെന്നറിയാനല്ല

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും ഭാവി നിര്‍ണയിക്കാനുള്ളതാണ് ഈ വിധിയെഴുത്ത്. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാം ഘട്ട തിരഞ്ഞെടുപ്പോടെ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

Published

|

Last Updated

ജൂണ്‍ നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ ഇന്ത്യയുടെ ചരിത്രത്തിലെ അതിനിര്‍ണായകമായ വിധിയെഴുത്തായിരിക്കും. പക്ഷേ, ഈ വിധിയെഴുത്ത് ആര് പ്രധാനമന്ത്രിയാകണമെന്ന് അറിയാനുള്ളതല്ല. രാജ്യത്തെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും ഭാവി നിര്‍ണയിക്കാനുള്ളതാണ്. ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാം ഘട്ട തിരഞ്ഞെടുപ്പോടെ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉള്‍പ്പെടെ 57 മണ്ഡലങ്ങളിലാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കി അധികാരം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് “ഇന്ത്യ’ മുന്നണി നേതാക്കള്‍. “ഇന്ത്യ’ മുന്നണിയുടെ യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേരുന്നത് അടുത്ത സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുന്നതിലെ അസൗകര്യം അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ചില മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് അന്നാണ്. കൂടാതെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറെ നാശം വിതച്ച റിമാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയിരുന്നു. അതുകൊണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാനാകാത്ത സാഹചര്യമാണെന്നും മമത അറിയിക്കുകയുണ്ടായി. ഭാവി പ്രവര്‍ത്തനങ്ങളില്‍ മമതയുടെ സഹകരണം ഉണ്ടാകുമെന്ന് “ഇന്ത്യ’ മുന്നണിയിലെ മറ്റു നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം എന്‍ ഡി എ ക്ക് ലഭിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുമ്പോള്‍ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി ജെ പി ആയിരിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നു. സാധാരണ രീതിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആദ്യം ക്ഷണിക്കുക ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെയായിരിക്കും. ഈ ഘട്ടത്തില്‍ എം എല്‍ എമാരെയും എം പി മാരെയും വിലക്കെടുത്തും പാര്‍ട്ടികളെ കൂറുമാറ്റിയും സംസ്ഥാന ഭരണങ്ങള്‍ പിടിച്ചടക്കുന്നതില്‍ അധാര്‍മികത കാണാതിരുന്ന ബി ജെ പി കേന്ദ്ര ഭരണം നിലനിര്‍ത്താന്‍ അത്തരം ശ്രമങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ബി ജെ പിയുടെ ശക്തി സ്വന്തം പാര്‍ട്ടിയിലല്ല, മറ്റു പാര്‍ട്ടികളെ വരുതിയില്‍ കൊണ്ടുവരുന്നതിലാണ്. ശക്തമായ രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിച്ച വ്യക്തികളെയും പാര്‍ട്ടികളെയും ഒപ്പം കൊണ്ടുവരുന്നതില്‍ വിജയിച്ച ചരിത്രമാണ് ബി ജെ പിയുടേത്. അതിനാല്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്ന് കരുതി ബി ജെ പി നേതൃത്വം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് മാറിനില്‍ക്കില്ല. സീറ്റുകള്‍ വര്‍ധിപ്പിച്ചതു കൊണ്ട് മാത്രം ബി ജെ പിയുടെ ഭീഷണി തടയാന്‍ “ഇന്ത്യ’ മുന്നണിക്കാകില്ല. നിലവിലെ സാഹചര്യത്തില്‍ “ഇന്ത്യ’ മുന്നണിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ആരും കാണുന്നില്ല. ഇരു മുന്നണികള്‍ക്കും ഏറെക്കുറെ തുല്യനിലയില്‍ സീറ്റുകള്‍ ലഭിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

അതുകൊണ്ട് ബി ജെ പി നടത്തിയതു പോലുള്ള തന്ത്രങ്ങളെ കുറിച്ച് “ഇന്ത്യ’ മുന്നണി ആലോചിക്കേണ്ടതുണ്ട്. കൂടെയുള്ളവര്‍ കൂടുവിട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം മറുപക്ഷത്തുള്ളവരെ ആകര്‍ഷിക്കാനുള്ള ശ്രമവും “ഇന്ത്യ’ മുന്നണി നടത്തേണ്ടിവരും. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഡോ. അംബേദ്കറും ആഗ്രഹിച്ച ഇന്ത്യ നിലനിന്നു കാണാന്‍ ഇതുപോലുള്ള തന്ത്രങ്ങള്‍ ആവശ്യമാണ്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പെട്ടെന്നുള്ള രാജിയും പകരം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിമര്‍ശനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷവും ഇ ഡി, സി ബി ഐ, ആദായ നികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ വഴി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതും അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അസാധാരണ സംഭവങ്ങളായിരുന്നു. പ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാക്കളും മതവികാരം ഇളക്കിവിടാന്‍ ശ്രമം നടത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചു. വിദ്വേഷ പ്രചാരണം ആവര്‍ത്തിക്കുമ്പോഴും അതു തന്നെയായിരുന്നു സ്ഥിതി.

സൂററ്റിലെയും ഇന്‍ഡോറിലെയും പ്രതിപക്ഷ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനു പിന്നിലെ ഭീഷണിയെ കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം മൗനമായിരുന്നു. വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതിലും തിരഞ്ഞെടുപ്പ് കമ്മീഷന്റേത് അസാധാരണ നിലപാടായിരുന്നു. ഇത്തരം നിലപാട് കാവി പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും വോട്ടിംഗില്‍ അത് പ്രകടമായില്ല എന്ന റിപോര്‍ട്ടാണ്‌ പുറത്തുവരുന്നത്. 400ലേറെ സീറ്റെന്ന മോഹം ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ തന്നെ മോദി ഉപേക്ഷിക്കുകയുണ്ടായി. 2019ലെ വിജയം ആവര്‍ത്തിക്കുമെന്ന ബി ജെ പിയുടെ അവകാശവാദവും പ്രാഥമിക സര്‍വേകളും തിരഞ്ഞെടുപ്പ് വിദഗ്ധരും ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ തവണ ബി ജെ പി തൂത്തുവാരിയ വടക്കേ ഇന്ത്യയിലെ പോളിംഗിലെ ഇടിവ് “ഇന്ത്യ’ മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗതി നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഹിന്ദി ബെല്‍റ്റില്‍ 226 സീറ്റുകളാണുള്ളത്. ഇതില്‍ 178 സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ചത് ബി ജെ പിയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ സീറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും ബി ജെ പി കൈയടക്കി. കൂടാതെ പഞ്ചാബും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കര്‍ണാടകയും ബി ജെ പിക്കൊപ്പം നിന്നു. എന്നാല്‍ ഇത്തവണ ബി ജെ പി എല്ലായിടത്തും പരാജയം നേരിടുകയാണ്. സഖ്യകക്ഷികള്‍ ചേര്‍ന്ന് കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നിടത്ത് ബി ജെ പി എത്തി നില്‍ക്കുകയാണ്. രണ്ട് മാസം മുമ്പ് വരെ 400 ന് മുകളിലെന്ന് ആവര്‍ത്തിച്ചിരുന്ന മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് തുടങ്ങിയതിനു ശേഷം അത്തരം അവകാശവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് പരാജയം മണത്തതുകൊണ്ടാകണം.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സാധാരണ ഭരിക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് വേളകളില്‍ വോട്ട് തേടാറുള്ളത്. എന്നാല്‍ പത്ത് വര്‍ഷം അധികാരത്തിലിരുന്ന നരേന്ദ്ര മോദി ഭരണ നേട്ടങ്ങളെ കുറിച്ചോ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ചോ ആയിരുന്നില്ല തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സംസാരിച്ചത്. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ ബി ജെ പിക്ക് വോട്ട് നല്‍കിയവര്‍ ഇത്തവണ മാറിച്ചിന്തിച്ചതായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം നൂറ് രൂപയില്‍ കൂടുതല്‍ വരുമാനമില്ലാത്ത 60 കോടിയിലധികം വരുന്ന ജനത നിവസിക്കുന്ന രാജ്യത്ത് ജനങ്ങളെ മറന്നു പ്രവര്‍ത്തിച്ച സര്‍ക്കാറിനെതിരെ വോട്ടര്‍മാരുടെ പ്രതിഷേധം സ്വാഭാവികമാണ്. പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ വര്‍ധിക്കുന്നത് സര്‍ക്കാറിന്റെ ഭരണ പരാജയം കൊണ്ട് കൂടിയാണെന്ന് പ്രശാന്ത് കിഷോര്‍ വിശദീകരിക്കുന്നു.

അവകാശവാദങ്ങളുടെയും നിഗമനങ്ങളുടെയും സത്യാവസ്ഥ വ്യക്തമാകാന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കണം. വോട്ടെടുപ്പ് ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് പതിവിനു വിരുദ്ധമായ സമീപനങ്ങളുണ്ടായി. വോട്ടെണ്ണല്‍ സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തില്‍ പാര്‍ലിമെന്റിന്റെ സുരക്ഷാ ചുമതല ഡല്‍ഹി പോലീസില്‍ നിന്ന് മോദി സര്‍ക്കാര്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി ഐ എസ് എഫ്)ക്ക് കൈമാറിയതിലും മെയ് 31ന് വിരമിക്കേണ്ട കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഒരുമാസം നീട്ടിനല്‍കിയതിലും അസ്വാഭാവികമായി ഒന്നും ഇല്ലെന്നും ആശ്വസിക്കാം.

Latest