Kerala
താന്‍ ബിസിനസ് നടത്തുന്നുണ്ട് അതില്‍ അഭിമാനിക്കുന്നു; കെ ടി ജലീലിനു മറുപടിയുമായി പി കെ ഫിറോസ്
യൂത്ത് ലീഗ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഒരു ഭാരവാഹി ഒറ്റക്കല്ല

കോഴിക്കോട് | താന്‍ ബിസിനസുകാരനാണെന്നും ബിസിനസ് നടത്താനും സ്ഥലവും വീടും വയ്ക്കാനും യൂത്ത് ലീഗിന്റെ ഫണ്ട് ചോര്‍ത്തി എന്ന ആരോപണം തെറ്റാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ ടി ജലീല്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഒരു ഭാരവാഹി ഒറ്റക്കല്ല. കെ ടി ജലീല്‍ ഭാരവാഹി ആയിരുന്നപ്പോള്‍ അങ്ങനെ ഫണ്ട് തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ജലീല്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതി പുറത്തുവരാന്‍ പോകുന്നു. അതിന്റെ വെപ്രാളമാണ് ഇപ്പോള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണത്തിനു പിന്നില്‍. ബന്ധു നിയമന കേസ് പുറത്തു വന്നപ്പോള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു പറഞ്ഞ ആള്‍ മന്ത്രിസ്ഥാനം രാജിവച്ചിട്ടും പൊതുപ്രവര്‍ത്തനം നിര്‍ത്തിയില്ല. കേരളത്തിലെ ജനങ്ങളുടെ കാരുണ്യം കൊണ്ടാണ് ജലീല്‍ ഇപ്പോഴും പൊതു സമൂഹത്തില്‍ നില്‍ക്കുന്നത്.
ഫിറോസ് എങ്ങിനെ സ്ഥലം വാങ്ങി, വീടുവച്ചു എന്നു ചോദിച്ച ജലീല്‍ തന്നെ ഫിറോസിന് ബിസിനസ്സ് ഉണ്ടെന്നു പറയുന്നു. വിദേശ യാത്രയെപ്പറ്റിപറയുന്ന ജിലീല്‍ തന്നെ തനിക്ക് വിദേശത്ത് ജോലിയും വിസയും ഉണ്ടെന്നു പറയുന്നു. ബിസിനസ് ചെയ്യുന്നതിലും തൊഴില്‍ ചെയ്യുന്നതിലും അഭിമാനമുള്ള ആളാണ് താന്‍. തന്റെ പ്രവര്‍ത്തകരോട് തൊഴില്‍ ചെയ്യണം ബിസിനസ് ചെയ്യണം എന്നു പറയുന്ന ആളാണ് താന്‍. ജലീലും തൊഴില്‍ ചെയ്തു ജീവിക്കണം എന്നാണ് താന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യെമ്മി സ്ഥാപനം ബിനാമിയല്ല. താന്‍ അതില്‍ പങ്കാളിയാണ്. ബിനാമി എന്നു ജലീല്‍ പറയുന്നയാള്‍ എന്റെ സുഹൃത്തും യുവ സംരംഭകനുമുണ്ട്. ജലീല്‍ ഇപ്പോള്‍ തന്റെ പാര്‍ട്ണര്‍മാരെ ഭയപ്പെടുത്തുന്നു. ദോത്തി ചാലഞ്ച് മുണ്ട് പൊക്കി കാണിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞും മുണ്ട് പൊക്കിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ മോശം മുണ്ടല്ല ഞങ്ങള്‍ നല്‍കിയതെന്നും പി കെ ഫിറോസ് പറഞ്ഞു.