articles
പഹൽഗാമിനോടുള്ള രോഷം തീർക്കേണ്ടതിങ്ങനെയോ?
പഹൽഗാമിലെ സംഭവത്തോട് ചേർത്തുവായിക്കേണ്ടതാണോ മംഗളൂരുവിലെ ആൾക്കൂട്ടക്കൊല എന്ന് സന്ദേഹിക്കുന്നവരുണ്ട്. ഇന്ത്യയുടെ വടക്കേയറ്റത്തെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ നിരപരാധികളെ കൊന്നുതള്ളിയ ഭീകരതയെ എങ്ങനെയാണ് ഇങ്ങ് തെക്കേയറ്റത്തെ ഒരു പ്രദേശത്ത് മുസ്‌ലിമായൊരാളെ കൊല്ലാനുള്ള കാരണമാക്കി മാറ്റിയത് എന്നാലോചിച്ചിട്ടുണ്ടോ? അതിശയകരമാണ് ഫാസിസത്തിന്റെ സംഹാരവഴികൾ. അവർ ആദ്യം കുഴപ്പങ്ങളുണ്ടാക്കും. പിന്നീട് കാരണങ്ങൾ പടച്ചുണ്ടാക്കും. അക്കാരണം കൊണ്ടാണ് കുഴപ്പം സംഭവിച്ചതെന്ന് അവർ സ്ഥാപിച്ചെടുക്കും. മംഗളൂരുവിൽ അതാണ് സംഭവിച്ചത്.

പെഹൽഗാമിൽ നടന്നത് പാകിസ്താൻ പിന്തുണയുള്ള ഭീകരവാദികളുടെ നരഹത്യ ആയിരുന്നു. ആർക്കാണ് അതിൽ സംശയം? ആർക്കുമില്ല. ഇന്ത്യക്കാരായ ആരെങ്കിലും ആ സംഭവത്തിൽ ഭീകരവാദികളെ പിന്തുണച്ചുവോ? ആരും പിന്തുണച്ചില്ല. പഹൽഗാമിലെ ടൂറിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം പോലും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചാണ് ഇന്ത്യൻ ജനതയൊന്നാകെ ഭീകരതക്കെതിരെ ഒച്ചവെച്ചത്, ഭരണകൂട നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. അതിൽ മതഭേദമുണ്ടായിരുന്നില്ല. അന്നേരം വരേയ്ക്കും തമ്മിൽ കലഹിച്ചിരുന്ന മനുഷ്യർ ആ സന്ദർഭത്തിൽ ‘നമ്മൾ ഇന്ത്യൻ ജനത’ മാത്രമായി.
അഭിപ്രായഭേദങ്ങൾ മാറ്റിവെച്ചു, രാഷ്ട്രം എന്ന ഒറ്റവികാരത്തിലേക്ക് നമ്മളുണർന്നു. രാഷ്ട്രം ആക്രമിക്കപ്പെട്ടു എന്നത് നമ്മുടെ അകം പൊള്ളിച്ചു. വെന്തമനസ്സുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയിൽ നമ്മൾ പങ്കുകൊണ്ടു. ഇന്ത്യയെന്റെ ജീവനേക്കാൾ ജീവനായ രാജ്യം എന്ന് നമ്മൾ ഒച്ചയില്ലാതെയും ഒച്ചയിട്ടും പാടി. സമീപവർഷങ്ങളിലൊന്നും കണ്ടിട്ടില്ലാത്തവിധം പൗരന്മാർക്കിടയിൽ ഐക്യം ദൃശ്യമായി. അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ രാജ്യത്തിന് കഴിയേണ്ടതായിരുന്നു. പാകിസ്താന് നൽകാൻ കഴിയുന്ന ഉചിതമായ മറുപടിയാകുമായിരുന്നു അത്. നിങ്ങളുടെ വ്യാമോഹങ്ങൾ ഇന്ത്യൻ മണ്ണിൽ നടപ്പില്ലെന്ന്, അതിനെ രാജ്യം ഒറ്റമനസ്സോടെ ചെറുക്കുമെന്ന് നിവർന്നുനിന്ന് പ്രഖ്യാപിക്കാമായിരുന്ന അവസരത്തെ തുലച്ചുകളഞ്ഞതാരാണ്? പറയാം. അതിനുമുമ്പ് ചില കാര്യങ്ങൾ കശ്മീരികളെക്കുറിച്ച് പറയേണ്ടതുണ്ട്.
കശ്മീരികളൊന്നാകെ ഭീകരർക്കെതിരെ തെരുവിലിറങ്ങിയത് നമ്മൾ കണ്ടതാണ്. അവർക്കിടയിലെ അനേകം രാഷ്ട്രീയ, സാമൂഹിക സംഘടനകളും പ്രതിഷേധവുമായിറങ്ങി. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പ്രതിഷേധക്കാരിലൊരാൾ പറയുന്നത് കേട്ടു: ‘ഞങ്ങൾ ശബ്ദിക്കുന്നത് ഞങ്ങളുടെ ഉപജീവനം മുട്ടി എന്നതുകൊണ്ടല്ല. ഞങ്ങളുടെ അതിഥികളായി വന്നവരാണ് കൊല്ലപ്പെട്ടത്. അവർ അങ്ങനെ തിരിച്ചുപോകേണ്ടവരല്ലായിരുന്നു’. ജമ്മുകശ്മീർ നിയമസഭ പെഹൽഗാം ആക്രമണത്തിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി. സഭയിൽ മുഖ്യമന്ത്രി ഉമർ അബ്ദുല്ല നടത്തിയ പ്രസ്താവനയിൽ കശ്മീരിന്റെ ഹൃദയമുണ്ട്: “പഹൽഗാം ആക്രമണം സംസ്ഥാനപദവി ആവശ്യപ്പെടാനുള്ള അവസരമായി ഉപയോഗിക്കില്ല. രാജ്യമാകെ ഈ ആക്രമണം ബാധിച്ചു. ഉറ്റവരെ നഷ്ടമായവരോട് മാപ്പുചോദിക്കാന്‍ വാക്കുകളില്ല. എന്നാൽ നിരവധി വര്‍ഷത്തിനുശേഷം എല്ലാവരും ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു. അത് ഒരു രാഷ്ട്രീയപാർട്ടിയോ സംഘടനയോ സംഘടിപ്പിച്ചതല്ല. അത് ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് നേരിട്ടുവന്നതാണ്.’
ഇതിലപ്പുറം എങ്ങനെയാണ് കശ്മീർ ജനത ഹൃദയം തുറന്നുകാണിക്കുക. എന്നിട്ടും നിങ്ങൾ അവരെ വിളിക്കുന്നതോ? തീവ്രവാദികൾ, ഒറ്റുകാർ, ഭീകരവാദികൾ, ദേശദ്രോഹികൾ. അങ്ങനെ വിളിക്കുന്നവരിൽ നിങ്ങളുണ്ടോ? എങ്കിൽ നിങ്ങൾക്ക് കൂടി ഉത്തരവാദിത്വമുള്ള കൊലപാതകമാണ് മംഗളൂരുവിൽ നടന്നത്.
പഹൽഗാമിലെ സംഭവത്തോട് ചേർത്തുവായിക്കേണ്ടതാണോ മംഗളൂരുവിലെ ആൾക്കൂട്ടക്കൊല എന്ന് സന്ദേഹിക്കുന്നവരുണ്ട്. ഇന്ത്യയുടെ വടക്കേയറ്റത്തെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ നിരപരാധികളെ കൊന്നുതള്ളിയ ഭീകരതയെ എങ്ങനെയാണ് ഇങ്ങ് തെക്കേയറ്റത്തെ ഒരു പ്രദേശത്ത് മുസ്‌ലിമായൊരാളെ കൊല്ലാനുള്ള കാരണമാക്കി മാറ്റിയത് എന്നാലോചിച്ചിട്ടുണ്ടോ? അതിശയകരമാണ് ഫാസിസത്തിന്റെ സംഹാരവഴികൾ. അവർ ആദ്യം കുഴപ്പങ്ങളുണ്ടാക്കും. പിന്നീട് കാരണങ്ങൾ പടച്ചുണ്ടാക്കും. അക്കാരണം കൊണ്ടാണ് കുഴപ്പം സംഭവിച്ചതെന്ന് അവർ സ്ഥാപിച്ചെടുക്കും. മംഗളൂരുവിൽ അതാണ് സംഭവിച്ചത്.
പഹൽഗാമിനെ മുൻനിർത്തി സാമൂഹികമാധ്യമങ്ങളിൽ ഹിന്ദുത്വ ഹാൻഡിലുകൾ തുടങ്ങിവെച്ച ഹേറ്റ് ക്യാമ്പയിനിന്റെ തുടർച്ചയിലാണ് ആ ആൾക്കൂട്ട ആക്രമണം സംഭവിച്ചത്. ആൾക്കൂട്ടം മുഖവും വിലാസവുമില്ലാത്തവരുടെ സംഘമല്ലെന്നുകൂടി ഓർത്തുവെക്കുക. അവർക്ക് മുഖമുണ്ട്, രാഷ്ട്രീയമുണ്ട്, പ്രത്യയശാസ്ത്രവുമുണ്ട്. അതിതീവ്ര ഹിന്ദുത്വയുടെ ഉന്മാദ നൃത്തമാണ് അശ്റഫിന്റെ ജീവനെടുത്തത്. കൊന്നശേഷം അവർ കാരണം പടച്ചുണ്ടാക്കി; പാകിസ്താൻ അനുകൂല മുദ്രാവാക്യം. പഹൽഗാമിന് പിറകെ ഹിന്ദുത്വർ തുറന്നുവിട്ട മുസ്‌ലിം വിരുദ്ധ, വിദ്വേഷ വിചാരണയുടെ വിഷച്ചുഴിയിൽ വീണുപോയ ഇന്ത്യൻ സവർണ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കഴിയുന്ന കാരണമാണ് അതെന്നു കൊലയാളികൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
എത്രക്രൂരമായാണ് ആ ഹിംസയെ ഹിന്ദുത്വർ ആഘോഷിച്ചത്. കേരളത്തിൽ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധയായ ഒരു സ്ത്രീ, കൊല്ലപ്പെട്ടത് മലയാളി ആണെന്നറിഞ്ഞപ്പോൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
“ആ പാകിസ്താനി മലയാളിയാണെന്ന്. മലയാളിക്കിനി അഭിമാനിക്കാം അർമാദിക്കാം. ആൾക്കൂട്ടം വെറുതെ മേഞ്ഞതല്ല, ക്രിക്കറ്റിനിടെ പാകിസ്‌താൻ സിന്ദാബാദ് വിളിച്ചതിന് ജനം സമ്മാനം കൊടുത്തതാണ്’. മാനസികാസ്വാസ്ഥ്യമുള്ള ഒരു യുവാവിനെ അടിച്ചുകൊന്നിട്ട് നിർലജ്ജം ന്യായീകരിക്കുകയാണ്. ‘ആൾക്കൂട്ടം സമ്മാനം കൊടുത്തു’ എന്ന് സന്തോഷിക്കുകയാണ്, പാകിസ്താന് സിന്ദാബാദ് വിളിച്ചു എന്ന് വിധിയെഴുതുകയാണ്, കൊല്ലപ്പെട്ട മനുഷ്യനെ പാകിസ്താനി എന്ന് ആക്ഷേപിക്കുകയാണ്. അടിച്ചുകൊന്നിട്ടും അരിശം തീരാതെ പിന്നെയും ക്ഷുദ്രജീവികൾ മുന്നോട്ടാണ്. തങ്ങളെ ചങ്ങലക്കിടാൻ നിയമത്തിനു കരുത്തില്ലെന്ന്, മോഡിഫൈഡ് ഇന്ത്യയിൽ തങ്ങൾ സുരക്ഷിതരാണെന്ന് ഈ വിഷജീവികൾക്കെല്ലാം അറിയാം. അതിന്റെ ക്രൗര്യമാണ് ഈവക എഴുത്തും കുത്തുമായി പുറത്തുവരുന്നത്. മംഗളൂരുവിലെ കൊലയാളികളോളം അപകടകാരികളാണിവർ.
മംഗളൂരുവിൽ മാത്രമല്ല വേറെയും പലയിടങ്ങളിലും പഹൽഗാമിന് പിറകെ മുസ്‌ലിംകൾ, വിശിഷ്യാ കശ്മീരിൽ നിന്നുള്ളവർ ആക്രമിക്കപ്പെടുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ ആക്രമണം എന്നറിയില്ല. ഭരണകൂടത്തിന് സംഭവിച്ച സുരക്ഷാവീഴ്ചയായിരുന്നു പെഹൽഗാമിലേത്. ഭീകരർ എങ്ങനെ രാജ്യത്ത് കടന്നുകൂടി? എന്തുകൊണ്ട് അത് മുൻകൂട്ടി അറിയാനും പദ്ധതി പരാജയപ്പെടുത്താനും സാധിച്ചില്ല? ഈ ചോദ്യങ്ങളെല്ലാം അന്തരീക്ഷത്തിലുണ്ട്. സമയമാകുമ്പോൾ കേന്ദ്രം അതിനൊക്കെ മറുപടി പറയുമായിരിക്കും. പക്ഷേ പെഹൽഗാമിൽ നടന്ന ഹീനമായ ആക്രമണത്തെ മുസ്‌ലിം വിദ്വേഷം പരത്താനുള്ള സുവർണാവസരമാക്കി മാറ്റുന്നവർ ആത്യന്തികമായി ഇന്ത്യയുടെ ഐക്യബോധത്തെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ ഒരുമിച്ചുനിൽക്കുകയാണ് എന്ന് ലോകത്തിനു കാണിച്ചുകൊടുക്കേണ്ട സന്ദർഭത്തിൽ സാമുദായികമായ ധ്രുവീകരണത്തിലൂടെ രംഗം സങ്കീർണമാക്കുകയാണവർ. അതുവഴി ലോകജനതക്ക് മുമ്പിൽ ഇന്ത്യയെ പരിഹാസ്യമാക്കുകയുമാണ്. ഞങ്ങളിപ്പോഴും ഭിന്നിച്ചുനിൽക്കുകയാണ് എന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചേ അടങ്ങൂ എന്ന് ആരിൽനിന്നോ ക്വട്ടേഷനെടുത്ത പോലെയാണ് അക്രമികൾ അഴിഞ്ഞാടുന്നത്.
അയൽരാജ്യത്തിന്റെ പിന്തുണയുള്ള ഭീകരർ നമ്മുടെ രാജ്യത്ത് കടന്നുകയറി ആളുകളെ കൊന്നൊടുക്കിയതിന് സ്വന്തം രാജ്യത്തെ സഹപൗരന്മാർക്കെതിരെ ആയുധമെടുക്കുന്നതിൽ എവിടെയാണ് ദേശസ്നേഹം? എവിടെയാണ് ദേശീയത?
മുസ്‌ലിംകൾക്കെതിരായ ഹിന്ദുത്വ ആക്രമണം പുതിയ കാര്യമല്ല. അത്തരം സംഭവങ്ങൾ വാർത്താപത്രങ്ങളിൽ ഒറ്റക്കോളമായെങ്കിലും അടിച്ചുവന്നാലായി. അത്രകണ്ട് സ്വാഭാവികമായിക്കഴിഞ്ഞു ഈ അതിക്രമങ്ങൾ. 2015 സെപ്തംബർ 28 നു ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനെ തല്ലിക്കൊന്ന സംഭവം അറിഞ്ഞപ്പോഴുണ്ടായ നടുക്കം ഇക്കഴിഞ്ഞ ദിവസം മംഗളൂരുവിൽ അശ്റഫിനെ തല്ലിക്കൊന്ന വാർത്തയറിഞ്ഞപ്പോൾ നമ്മളിലുണ്ടായോ? ഉണ്ടായിട്ടില്ല. നമ്മൾ ആൾക്കൂട്ടക്കൊലകളോട് അത്രകണ്ട് താദാത്മ്യപ്പെടുകയാണ്. സാബിർ മാലിക്, ഗുഡ്ഡു ഖാൻ, ചാന്ദ് മിയാഖാൻ, സദ്ദാം ഖുറേശി, മിസ്‌രിഖാൻ ബലോച്ച്- മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ആൾക്കൂട്ടക്കൊലകളിൽ ജീവൻ പോയ ചില സാധുമനുഷ്യരുടെ പേരുകളാണ്. മുഹമ്മദ് അഖ്‌ലാഖിനെ ഓർമയുള്ള എത്രപേർക്ക് ഈ പേരുകൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്?
നിയമവാഴ്ച ഉള്ള രാജ്യമാണ് നമ്മുടേത്. ഭരണഘടനയും നീതിന്യായ കോടതികളുമുണ്ടിവിടെ. ആൾക്കൂട്ടക്കൊലക്കെതിരെ പരമോന്നത കോടതി ശക്തമായി താക്കീത് നൽകിയിട്ട് ഏറെക്കാലമായില്ല. എന്നിട്ടും എന്തുകൊണ്ട് അശ്റഫ് കൊല്ലപ്പെട്ടു? മുൻകാല ആൾക്കൂട്ടക്കൊലകളിൽ നിയമം ഉദാരമായി പെരുമാറിയതിന്റെ ദുരന്തഫലം! വിഷപ്രചാരകരെ നിയന്ത്രിക്കാൻ അധികൃതർ തയ്യാറാകാത്തതിന്റെ പ്രത്യാഘാതം! മുസ്‌ലിം സമുദായത്തെക്കുറിച്ച് നിരന്തരം ഉത്പാദിപ്പിക്കപെടുന്ന വെറുപ്പിന്റെ കമ്പോളങ്ങൾ അടച്ചുപൂട്ടാതെ ഈ അതിക്രമങ്ങൾ അവസാനിക്കില്ല. നിയന്ത്രിക്കേണ്ടവർ തന്നെയാണ് ഗുണഭോക്താക്കൾ എന്നതിനാൽ ഈ കമ്പോളങ്ങൾ മംഗളൂരുവിനു ശേഷവും തുറന്നുപ്രവർത്തിക്കുക തന്നെ ചെയ്യുമെന്ന് സങ്കടപ്പെടാനേ നമുക്ക് സാധിക്കൂ.