Kerala
കുടിശ്ശികയും വര്‍ധിപ്പിച്ച പെന്‍ഷനും ചേര്‍ത്ത് 3600 രൂപ വീതം നവംബറില്‍ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്യും: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും
 
		
      																					
              
              
            തിരുവനന്തപുരം | ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്ത് 3600 രൂപ നവംബറില്‍ വേിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും നല്‍കുന്നത്
നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശികയുണ്ടാകില്ലെന്നും ധന മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെന്‍ഷന്‍ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിശികയുടെ രണ്ടു ഗഡുക്കള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ബാക്കിയുള്ളതില്‍ രണ്ടു ഗഡുക്കളുടെയും വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അവസാന ഗഡു കുടിശ്ശികയും നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി
ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേര്‍ക്കുമാത്രമാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയില്‍ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


