Kerala
പി എം ശ്രീ പദ്ധതി: സിപിഐയുടെ പരാമര്‍ശങ്ങളില്‍ പ്രസക്തിയില്ല; ചില വാക്കുകള്‍ വായില്‍ നിന്നും വീണുപോയി: എം എ ബേബി
ഞങ്ങളെല്ലാം ഉറ്റ സുഹൃത്തുക്കളാണ്. സിപിഐ സഖാക്കളെന്നു പറഞ്ഞാല്‍ സഹോദരന്മാരെപ്പോലെയാണ്
ന്യൂഡല്‍ഹി | പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചതിനെപ്പറ്റി മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.ഉപസമിതി പരിശോധിക്കുന്ന ഘട്ടത്തില്‍ പിഎം ശ്രീ യുമായി ബന്ധപ്പെട്ട യാതൊരു അനന്തര നടപടികളും ഉണ്ടാകില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി എംഎ ബേബി പറഞ്ഞു
പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് മുന്നില്‍ വന്നിട്ടില്ലെന്നും എംഎ ബേബി വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രസക്തിയില്ല. ഞങ്ങളെല്ലാം ഉറ്റ സുഹൃത്തുക്കളാണ്. സിപിഐ സഖാക്കളെന്നു പറഞ്ഞാല്‍ സഹോദരന്മാരെപ്പോലെയാണ്. സംസാരിക്കുന്നതിന് ഇടയ്ക്ക് പ്രത്യേക സാഹചര്യത്തില്‍ ചില വാക്കുകള്‍ വായില്‍ നിന്നും വീണത്, അതിന് ആ അര്‍ത്ഥമേ ഉള്ളൂവെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കും തനിക്കും കഴിയുമെന്നും എംഎ ബേബി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുകയാണ്. അതിനിടയ്ക്ക് ഓരോരുത്തരുടേയും പങ്കാളിത്തത്തിലുള്ള ജാഗ്രതയുടേയും ശ്രദ്ധയുടേയും അളവ് സെന്റിമീറ്റര്‍ കണക്കില്‍ നോക്കേണ്ടതില്ലെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ പറഞ്ഞതില്‍ ഒരു പ്രസക്തിയുമില്ല. വിഡി സതീശന് വീണുകിട്ടിയ സൗഭാഗ്യമാണ് ഈ വാര്‍ത്തയെന്നും എംഎ ബേബി പറഞ്ഞു
അതേ സമയം പിഎം ശ്രീ പദ്ധതി വിവാദം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന

