Connect with us

National

ഒരു കോടി തൊഴിലവസരങ്ങൾ; 50 ലക്ഷം പുതിയ കോൺഗ്രീറ്റ് വീടുകൾ; ബീഹാറിൽ എൻ ഡി എ പത്രിക പുറത്തിറക്കി

വനിതാ ശാക്തീകരണ പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന പ്രകടന പത്രിക, ഒരു കോടി സ്ത്രീകളെ പ്രതിവർഷം ഒരു ലക്ഷം രൂപ വരുമാനമുള്ള 'ലക്ഷപതി ദീദി'മാരാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.

Published

|

Last Updated

പറ്റ്ന | ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ) പ്രകടന പത്രിക പുറത്തിറക്കി. ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ചേർന്നാണ് പത്രിക പുറത്തിറക്കിയത്.

സംസ്ഥാനത്ത്, ഒരു കോടി സർക്കാർ ജോലിയും തൊഴിലവസരങ്ങളുമാണ് എൻ ഡി എ മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനം. വനിതാ ശാക്തീകരണ പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന പ്രകടന പത്രിക, ഒരു കോടി സ്ത്രീകളെ പ്രതിവർഷം ഒരു ലക്ഷം രൂപ വരുമാനമുള്ള ‘ലക്ഷപതി ദീദി’മാരാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഏഴ് എക്സ്പ്രസ് വേകളും നിർമ്മിക്കുമെന്നും വാഗ്ദാനമുണ്ട്.

50 ലക്ഷം പുതിയ കോൺഗ്രീറ്റ് വീടുകൾ നിർമ്മിക്കുമെന്നും, സൗജന്യ റേഷൻ, 125 യൂണിറ്റ് സൗജന്യ വൈദ്യുതി, 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവ നൽകുമെന്നും എൻ ഡി എ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, കർഷകർക്ക് എല്ലാ വിളകൾക്കും താങ്ങുവില (എം എസ് പി) ഉറപ്പാക്കുമെന്നും, പുതിയ കർപ്പൂരി ഠാക്കൂർ കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്കുള്ള ആകെ സഹായം 9,000 രൂപയായി ഉയർത്തുമെന്നും സങ്കൽപ് പത്രയിൽ പറയുന്നു.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കെ ജി മുതൽ പി ജി വരെ സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസവും, ഉച്ചഭക്ഷണത്തോടൊപ്പം പോഷകസമൃദ്ധമായ പ്രഭാതഭക്ഷണവും എൻ ഡി എ വാഗ്ദാനം ചെയ്യുന്നുണ്ട്.

---- facebook comment plugin here -----

Latest