Connect with us

articles

ദുരിത യാത്ര എത്രനാള്‍?

യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേരളത്തിലെ ഏഴ് ഹ്രസ്വദൂര ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന ഉറപ്പും യാഥാര്‍ഥ്യമായില്ല.

Published

|

Last Updated

ഇന്ത്യയില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറാണ്. കേന്ദ്ര സര്‍ക്കാറിന് കീഴിലാണ് റെയില്‍വേ വകുപ്പുള്ളത്. എന്നാല്‍ കേരളത്തിലെ ട്രെയിന്‍ യാത്രക്കാരോട് കടുത്ത അവഗണനയും നിഷേധാത്മക നയവുമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നാളിതുവരെ ഇന്ത്യ ഭരിച്ച മറ്റൊരു സര്‍ക്കാറും കേരളത്തിലെ ട്രെയിന്‍ യാത്രക്കാരെ ഇത്രയും നരകയാതന അനുഭവിപ്പിച്ചിട്ടില്ല. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല.

മലബാര്‍ മേഖലയില്‍ ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്നത് അക്ഷരാര്‍ഥത്തില്‍ പീഡനം തന്നെയാണ്. മുമ്പ് 16 കോച്ചുകളുണ്ടായിരുന്ന മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ വണ്ടിക്ക് ഇപ്പോള്‍ 10 കോച്ചുകള്‍ മാത്രമാണുള്ളത്. കൊവിഡ് കാലത്ത് പാസഞ്ചര്‍ വണ്ടിക്ക് പകരം മെമു സര്‍വീസാണ് ഈ റൂട്ടിലുണ്ടായിരുന്നത്. അതിന് 14 കോച്ചുകളുണ്ടായിരുന്നു. പിന്നീട് പാസഞ്ചര്‍ വണ്ടി പുനഃസ്ഥാപിച്ചതോടെയാണ് കോച്ചുകളുടെ എണ്ണം 10 ആയി ചുരുങ്ങിയത്. പാസഞ്ചര്‍ വണ്ടിയില്‍ ദിവസവും സൂചി കുത്താന്‍ ഇടമില്ലാത്ത വിധം യാത്രക്കാരുടെ തിരക്കാണ്. കാസര്‍കോട്ട് നിന്നും കണ്ണൂരില്‍ നിന്നും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് ജോലികള്‍ക്ക് പോകുന്നവരും അടക്കമുള്ള യാത്രക്കാര്‍ തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്. പാസഞ്ചര്‍ വണ്ടിക്ക് മുമ്പ് ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളുണ്ടായിരുന്നു. ഇപ്പോള്‍ അതുപോലും ഒഴിവാക്കി. ഇതോടെ എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും പുരുഷ യാത്രക്കാര്‍ക്കൊപ്പം സ്ത്രീ യാത്രക്കാരുടെയും തിരക്ക് കൂടുകയാണ്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്കും തിരിച്ചുമുള്ള എട്ട് ട്രെയിനുകളിലെ കോച്ചുകള്‍ വെട്ടിക്കുറച്ചത് ഈയിടെയാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം കുറച്ച് പകരം എ സി കോച്ചുകള്‍ ഘടിപ്പിക്കുകയായിരുന്നു. ഇത്തരം കോച്ചുകളില്‍ നിരക്ക് കൂടുതലാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുന്നു.

ട്രെയിന്‍ യാത്രയോട് തന്നെ വെറുപ്പുതോന്നുന്ന തിക്താനുഭവങ്ങളാണ് യാത്രക്കാര്‍ക്ക് പറയാനുള്ളത്. ക്രിസ്മസിനും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധി കൂടിയാകുമ്പോള്‍ വരും ദിവസങ്ങളില്‍ ട്രെയിനുകളില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കായിരിക്കും ഉണ്ടാകുക. പഠനത്തിനും ജോലിയാവശ്യാര്‍ഥവും വിനോദയാത്രക്കും മറ്റു ആവശ്യങ്ങള്‍ക്കുമൊക്കെ ആളുകള്‍ ബസ് യാത്രയേക്കാള്‍ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇതര സംസ്ഥാനങ്ങളിലേക്ക് ഭൂരിഭാഗം മലയാളികളും യാത്ര പോകുന്നതും തിരിച്ചുവരുന്നതും ട്രെയിനുകളിലാണ്. തിരക്ക് കാരണം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ട്രെയിനുകളില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയാണ്. മലബാറിലാണ് യാത്രാക്ലേശം കൂടുതല്‍ രൂക്ഷമായ തോതില്‍ അനുഭവപ്പെടുന്നത്. കാസര്‍കോടിനും കോഴിക്കോടിനും ഇടയില്‍ ട്രെയിന്‍ യാത്രക്കിടെ തളര്‍ന്നുവീഴുന്നവരുടെ എണ്ണം കൂടുകയാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യുന്നവരാണ് ഇങ്ങനെ കുഴഞ്ഞുവീഴുന്നത്. ഇവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. തിരക്കില്‍ ഏറെ നേരം നിന്ന് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയും ക്ഷീണവും ഉണ്ടാകുന്നു. വായു സഞ്ചാരം തടസ്സപ്പെടുത്തുന്നത്ര രൂക്ഷമാണ് യാത്രക്കാരുടെ തിരക്ക്. ഇതാണ് തളര്‍ന്നുവീഴാന്‍ കാരണം. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് തിരക്ക് കാരണം കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. വരാനിരിക്കുന്നത് ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്ന മാസങ്ങളാണ്. ഈ സമയങ്ങളിലെ ട്രെയിന്‍ യാത്ര കൂടുതല്‍ ദുഷ്‌കരവും ദുസ്സഹവുമാകുമെന്നതില്‍ സംശയമില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കൊടും ചൂട് അനുഭവിച്ച് വിയര്‍ത്തൊലിച്ച് യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടാകും.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റുകയെന്നത് തന്നെ ഇന്നത്തെ സാഹചര്യത്തില്‍ സാഹസിക പ്രവൃത്തിയാണ്. യാത്രക്കാര്‍ ഇടിച്ചുകയറുകയാണ്. മുന്നിലുള്ള ആളെ ചവിട്ടിത്തള്ളി പിറകെ വരുന്ന ആള്‍ക്ക് കടന്നുപോകേണ്ടിവരുന്നു. വാതില്‍പ്പടിയില്‍ തൂങ്ങിപ്പിടിച്ചാണ് പലരും യാത്ര ചെയ്യുന്നത്. ഇത് അത്യന്തം അപകടകരമാണ്. കൈയും കാലും വഴുതിയാല്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ തന്നെ നഷ്ടമായെന്നുവരാം. ഇത്തരം നിരവധി അപകടങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. തിരക്ക് കാരണം എല്ലാ യാത്രക്കാര്‍ക്കും സമയത്തിന് ട്രെയിനില്‍ കയറാന്‍ സാധിക്കുന്നില്ല. യാത്രക്കാര്‍ കയറിക്കഴിയും മുമ്പെ സമയമാകുമ്പോള്‍ ട്രെയിന്‍ പുറപ്പെടുന്നു. ഏതുവിധേനയും ട്രെയിനില്‍ കയറിപ്പറ്റാന്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടുമ്പോഴും അപകടം സംഭവിക്കുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴും തിരക്ക് മൂലമുള്ള പ്രശ്നം യാത്രക്കാരെ അപകടത്തിലാക്കുന്നു.

ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വെട്ടിച്ചുരുക്കിയതാണ് ഇത്തരമൊരു ദുരവസ്ഥക്ക് കാരണം. മലബാര്‍ മേഖലയില്‍ മുമ്പ് കൂടുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുണ്ടായിരുന്ന നിരവധി പാസഞ്ചര്‍ വണ്ടികള്‍ ഓടിയിരുന്നു. ഇത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരം തന്നെയായിരുന്നു. എന്നാലിപ്പോള്‍ പാസഞ്ചര്‍ വണ്ടികളുടെ എണ്ണം പകുതിയിലും താഴെയാണ്. എക്‌സ്പ്രസ്സ് ട്രെയിനുകളാണ് കൂടുതലും. എക്‌സ്പ്രസ്സ് വണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ടുകള്‍ കുറവാണ്. എന്നാല്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാള്‍ വര്‍ധിച്ചു. കൂടിയ നിരക്കുള്ള മറ്റ് കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് നിരക്ക് കുറവുള്ള കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഇതുമൂലം യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ കാണാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് അവകാശപ്പെട്ടാണ് കേന്ദ്രം സംസ്ഥാനത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചത്. എന്നാല്‍ വന്ദേ ഭാരതിന് പോകാന്‍ വേണ്ടി പലയിടങ്ങളിലും മറ്റ് ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നു. ഭീമമായ നിരക്ക് നല്‍കി വന്ദേ ഭാരതില്‍ യാത്ര ചെയ്യാന്‍ എല്ലാ യാത്രക്കാര്‍ക്കും നിര്‍വാഹമില്ല. സാധാരണക്കാരെല്ലാം മറ്റ് ട്രെയിനുകളെ തന്നെയാണ് ഇന്നും കൂടുതലായി ആശ്രയിക്കുന്നത്. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ തുടങ്ങുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേരളത്തിലെ ഏഴ് ഹ്രസ്വദൂര ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന ഉറപ്പും യാഥാര്‍ഥ്യമായില്ല. ട്രെയിനുകളിലെ തിരക്ക് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവര്‍ക്കും കവര്‍ച്ചക്കാര്‍ക്കും മാത്രമാണ് അനുഗ്രഹമായിരിക്കുന്നത്.

യാത്രക്കാരില്‍ നിന്നുള്ള വരുമാനം മാത്രം മതിയെന്നും അവരുടെ സുരക്ഷയും സ്വസ്ഥതയോടെയും സന്തോഷത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം പ്രധാനമല്ലെന്നുമുള്ള റെയില്‍വേയുടെ നിലപാട് യാത്രക്കാരോടുള്ള ക്രൂരതയും വെല്ലുവിളിയുമാണ്. പരിഹാരമില്ലാതെ തുടരുന്ന ദുരിതയാത്ര എത്രനാള്‍ എന്ന ചോദ്യമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. പരിഹാരം കാണേണ്ട ഉത്തരവാദിത്വം റെയില്‍വേക്കാണ്. പരിഹാരം കണ്ടേ മതിയാകൂ.