തെളിയോളം
നിങ്ങളുടെ മധുരം മറ്റുള്ളവരുടെ രുചിയാകുന്നതെങ്ങനെ!
നിങ്ങളെ അരുചികരമായി ട്രീറ്റ് ചെയ്യുന്ന ഓരോ നാവിനും അനുസരിച്ച് നിങ്ങളുടെ രുചി മാറ്റേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നത്, നിങ്ങൾ തെറ്റാണെന്നല്ല, അവർ നിങ്ങളുടെ രുചിക്ക് ചേർന്ന ആളുകളല്ല എന്നു മാത്രമാണ് അതിനർഥം.
നല്ല മധുരമുള്ള മാമ്പഴം അധികപേരും ഇഷ്ടപ്പെടുന്നു, നല്ല ഐസ്ക്രീമിട്ട അവിൽ മിൽക്ക് പലരുടെയും വീക്നെസ് ആണ്. ഈ രണ്ട് പ്രസ്താവനകളും വായിച്ചാൽ തന്നെ മനസ്സിലാകും മാമ്പഴവും അവിൽ മിൽക്കും ഒക്കെ ഇഷ്ടപ്പെടാത്ത കുറച്ചുപേരെങ്കിലും ഉണ്ട് എന്ന്. നമ്മളെ ആർക്കെങ്കിലും ഇഷ്ടമല്ല എന്ന് തോന്നുമ്പോൾ, ആ തോന്നൽ നമ്മിൽ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുമ്പോൾ ഈ പ്രസ്താവന രണ്ടാവർത്തി വായിച്ച് സ്വയം ബോധ്യപ്പെടേണ്ട ഒരു സുപ്രധാന കാര്യമിതാണ് – കുഴപ്പം മാമ്പഴത്തിനോ അവിൽ മിൽക്കിനോ അല്ല, അവ ഇഷ്ടമല്ല എന്ന് പറയുന്നവരുടെ രുചി വിചാരത്തിനാണ്. ജീവിതത്തിലും കൃത്യമായി ഇങ്ങനെയാണ്.
ചില ആളുകൾക്ക് നിങ്ങളെ ഇഷ്ടപ്പെടില്ല, അത് നിങ്ങൾക്ക് എന്തോ കുഴപ്പമുള്ളതുകൊണ്ടല്ല – നിങ്ങളുടെ മധുരം അവരുടെ രുചിയുമായി പൊരുത്തപ്പെടുന്നില്ല. ലോകത്തിലെ ഏറ്റവും സ്വാദിഷ്ഠമായ മാമ്പഴമായിരിക്കാം നിങ്ങൾ, പക്ഷേ ചിലർക്ക് അതിനേക്കാൾ ഇഷ്ടം ഓറഞ്ചിനോടായിരിക്കും. നിങ്ങൾ ഏറ്റവും മികച്ച പാൽപ്പായസമായിരിക്കാം, പക്ഷേ ചിലർക്ക് അതിനേക്കാൾ സോഡാ സർബത്തായിരിക്കും ഇഷ്ടം. ഡിറ്റ വോൺ ടീസ് പറഞ്ഞതുപോലെ, “നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും ജ്യൂസിയായ പീച്ച് ആകാം, പക്ഷേ, പീച്ചുകളെ വെറുക്കുന്ന ഒരാളെങ്കിലും ഇപ്പോഴും ഉണ്ടാകും.’ ചില ആളുകൾ “എന്റെ വൈബിന് ചേരില്ല’ എന്ന തരത്തിൽ നിങ്ങളെ മാറ്റിനിർത്തിയെങ്കിൽ അത് യഥാർഥത്തിൽ നിങ്ങളുടെ സൂപ്പർ പവർ ആണ്. നിങ്ങളെ അരുചികരമായി ട്രീറ്റ് ചെയ്യുന്ന ഓരോ നാവിനും അനുസരിച്ച് നിങ്ങളുടെ രുചി മാറ്റേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നത്, നിങ്ങൾ തെറ്റാണെന്നല്ല, അവർ നിങ്ങളുടെ രുചിക്ക് ചേർന്ന ആളുകളല്ല എന്നു മാത്രമാണ് അതിനർഥം.
നമ്മുടെ ജീവിത ഒഴുക്കിനിടയിൽ അവിചാരിതമായുണ്ടായ വിഷമകരമോ ആഘാതകരമോ ആയ ഒരു അനുഭവം, അത് ഉറ്റ ഒരാളുടെ മരണം, അതിസങ്കീർണമായ ഒരു വിവാഹമോചനം, ഒരു മോശം വേർപിരിയൽ ഇതൊക്കെ സംഭവിച്ചതിനു ശേഷം ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്ന തോന്നൽ ഒരു നെഗറ്റീവ് വികാരമായി നിങ്ങളിൽ തനിയെ ഉടലെടുത്തേക്കാം. അത്തരം സന്ദർഭങ്ങളിൽ ഇഷ്ടപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള ആവശ്യം നിങ്ങൾക്ക് വളരെ കൂടുതലാണ്. അതിനാൽ ഒരാളുടെ എന്തെങ്കിലും ഒരു പെരുമാറ്റം നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ വന്നാൽ പോലും, നിങ്ങളതിനെ സാമാന്യവത്കരിക്കുകയും എല്ലാവരും ഇതുപോലെ തന്നെയാണ് ചിന്തിക്കുന്നതെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്ന തോന്നൽ നിങ്ങളുടെ ആത്മാഭിമാനത്തെ ആഴത്തിൽ ക്ഷതമേൽപ്പിക്കും എന്നോർക്കുക. അത് നിങ്ങളെ ഒറ്റപ്പെടുത്തുകയും ആർക്കും ആവശ്യമില്ലാത്തവരാക്കി മാറ്റുകയും ചെയ്യും. കൂടാതെ, ആ തോന്നൽ കൂടുതൽ നിലനിൽക്കുന്തോറും നിങ്ങൾ അമിതമായ ചിന്തയുടെ ദൂഷിത വലയത്തിൽ അകപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടുകയോ പിന്തുടരുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നതിലല്ല നിങ്ങളുടെ മഹത്വമിരിക്കുന്നത്. മറ്റുള്ളവർ അവഗണിക്കുമ്പോഴും നിങ്ങളുടെ മൂല്യം നിങ്ങൾ സ്വയം അറിയുന്നതിലാണതുള്ളത്. നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, ഒരു തിരസ്കരണത്തിനും നിങ്ങളെ നിർവചിക്കാൻ കഴിയില്ല. അവഗണിക്കുന്നവരുടെ ചെറിയ മനസ്സുകൾക്കുള്ളിൽ ഒതുങ്ങാൻ നിങ്ങൾ സ്വയം ചുരുങ്ങുകയുമരുത്. ആരെങ്കിലും നിങ്ങളുടെ മൂല്യം കാണുന്നില്ലെങ്കിൽ, അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കേണ്ടതില്ല. ഒരു വജ്രവും വിലമതിക്കപ്പെടാനായി ആർക്കുമുന്നിലും യാചിക്കുന്നില്ല.
മറ്റുള്ളവർ നിങ്ങളെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്നത് പ്രശ്നമേയല്ല, നിങ്ങൾക്ക് അവരുടെ വിചാരം മാറ്റാൻ കഴിയില്ല, ഒപ്പം സ്വയം മാറാനുള്ള വലിയ സാധ്യതകൾ മുന്നിലുണ്ടുതാനും. “നിങ്ങൾക്ക് കാറുകൾ എങ്ങനെ നിർമിക്കണമെന്ന് അറിയില്ല.’ എന്ന് പറഞ്ഞ ഫോർഡിന്റെ ജാഗ്വാർ, ലാൻഡ് റോവർ തുടങ്ങിയ വമ്പൻ ബ്രാൻഡുകളെ പിന്നീട് സ്വന്തം പേരിലാക്കിയ രത്തൻ ടാറ്റയെ ഓർത്തുനോക്കൂ. നിങ്ങളുടെ ഒരു പരിശ്രമവും ശ്രദ്ധിക്കാത്ത ആളുകളെ പ്രീതിപ്പെടുത്താൻ നിങ്ങളുടെ വ്യക്തിത്വം എഡിറ്റ് ചെയ്യുന്നത് നിർത്തി, സ്വന്തം മൂല്യം ഉയർത്താൻ നിങ്ങൾ പ്രാപ്തരാണെന്നറിയും. സ്വയം മുല്യമറിഞ്ഞവർ പിന്തുടരുകയല്ല; ആകർഷിക്കുകയാണ് എന്നും മത്സരിക്കുകയല്ല; സൃഷ്ടിക്കുകയാണ് എന്നും വിശദീകരിക്കുകയല്ല; ശക്തിയോടെ നിലനിൽക്കുകയാണ് എന്നും തിരിച്ചറിയും.
നിങ്ങളുടെ തിളക്കം മറ്റുള്ളവർ മനസ്സിലാക്കണമെന്നത് ഒരു ആവശ്യമേയല്ല. ചിലർ അത് കാണില്ല എന്ന് ശഠിക്കുന്നെങ്കിൽ അവർ കാണാതിരിക്കുക മാത്രമേ ചെയ്യൂ, നിങ്ങളുടെ തിളക്കം ഒരിക്കലും മങ്ങുകയില്ല. മറ്റുള്ളവരുടെ മനസ്സിൽ ഇടംകിട്ടാൻ സ്വയം ചെറുതാകാതിരിക്കുക; അവരുടെ പരിധി ചെറുതായിരിക്കാം, എന്നാൽ നിങ്ങളുടെ പ്രതാപം അതിരില്ലാത്തതാണ്. “ഒരിക്കലും പ്രകാശിക്കാൻ പാടില്ലാത്ത സ്ഥലങ്ങളിൽ നിങ്ങളുടെ വെളിച്ചം ഒതുങ്ങാൻ വേണ്ടി നിങ്ങൾ സ്വന്തം പ്രകാശം മങ്ങിക്കരുത്.’ എന്ന മഹത് വചനം എത്രമാത്രം ശക്തിപ്രവാഹമുള്ളതാണ്!



