National
ജബല്‍പൂരില്‍ ഓട്ടോയിലേക്ക് കുതിര ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
അരമണിക്കൂറോളം ഓട്ടോക്കുള്ളില്‍ കുടുങ്ങിയ കുതിരയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്

ജബല്‍പൂര്‍ | നടുറോഡില്‍ ഏറ്റുമുട്ടിയ കുതിരകളിലൊന്ന് ഓട്ടോറിക്ഷക്കുള്ളിലേക്ക് ഓടിക്കയറി അപകടം. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് നാടകീയ സംഭവമുണ്ടായത്. അരമണിക്കൂറോളം ഓട്ടോക്കുള്ളില്‍ കുടുങ്ങിയ കുതിരയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഏറെ തിരക്കേറിയ നഗ്രാത്ത് ചൗക്ക് നഗരത്തിലാണ് കുതിരകള്‍ ഏറ്റുമുട്ടിയത്. ഇവയെ തുരത്താന്‍ നാട്ടുകാര്‍ ശ്രമിച്ചതോടെ കുതിരകളിലൊന്ന് അടുത്തുള്ള ഷോറൂമിലേക്ക് ഇടിച്ചുകയറി. ഇവിടെയുണ്ടായിരുന്ന വസ്തുക്കള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കുതിരയെ ഷോറൂമില്‍ നിന്ന് തുരത്തിയയതോടെ വീണ്ടും ഏറ്റുമുട്ടല്‍ തുടങ്ങി. ഈ സമയം യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയെത്തിയതോടെ പ്രകോപിതനായ ഒരു കുതിര ഓട്ടോറിക്ഷക്ക് നേരെ കുതിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഭാഗികമായി തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് യാത്രക്കാരനെയും ഡ്രൈവറെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുപതുമിനിട്ടോളം കഠിന പരിശ്രമം നടത്തിയാണ് കുതിരയെ പുറത്തെടുത്തത്. കുതിരക്കും പരുക്കേറ്റിട്ടുണ്ട്.