Connect with us

National

യുപിയിൽ മഖ്ബറ തകർത്ത കേസിൽ പത്ത് ബിജെപി നേതാക്കൾക്കെതിരെ കേസ്

സംഘപരിവാർ പ്രവർത്തകരുടെ സംഘത്തെ നയിച്ച ജില്ലാ ബി ജെ പി അധ്യക്ഷൻ സുഖ്‌ലാൽ പാലിനെതിരെ കേസില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നൂറ്റാണ്ട് പഴക്കമുള്ള മഖ്ബറ തകർത്ത സംഭവത്തിൽ പത്ത് ബി ജെ പി നേതാക്കളടക്കം 150-ലധികം ആളുകൾക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം, സംഘപരിവാർ പ്രവർത്തകരുടെ സംഘത്തെ നയിച്ച ജില്ലാ ബി ജെ പി അധ്യക്ഷൻ സുഖ്‌ലാൽ പാലിനെതിരെ പോലീസ് കേസെടുത്തിട്ടില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് മഖ്ബറക്ക് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മഖ്ബറ നിര്‍മിച്ചതെന്ന് ആരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ കഴിഞ്ഞ ദിവസം പൊളിക്കാൻ ശ്രമം നടത്തിയത്. ഫത്തേപ്പൂര്‍ ജില്ലയിലെ സദര്‍ തെഹ്സിലിലെ റെഡിയ പ്രദേശത്തെ അബു നഗറില്‍ സ്ഥിതി ചെയ്യുന്ന മഖ്ബറ മുഗള്‍ ഭരണകാലത്ത് ആഗ്ര- ഔധ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഛതരി, താലിബ്നഗര്‍ എന്നിവയുടെ നവാബായിരുന്ന അബ്ദു സമദിന്റേതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. പ്രദേശത്തെ മുസ്ലിംകള്‍ കാലങ്ങളായി പരിചരിക്കുന്ന മഖ്ബറ ആക്രമിച്ചതിന് പിന്നാല്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

മഖ്ബറയിലേക്ക് ഒരുകൂട്ടം ഹിന്ദുത്വവാദികള്‍ ബലം പ്രയോഗിച്ച് പ്രവേശിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. മഖ്ബറയുടെ മതിലിന്റെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

 

Latest