Connect with us

Editorial

ഹിന്ദി നിരോധന നീക്കം അപക്വം

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനോടുള്ള ചെറുത്തുനില്‍പ്പ് പോലെയല്ല ഹിന്ദിനിരോധം. രാജ്യത്തെ ഭാഷാവൈവിധ്യത്തിനും ഭരണഘടന ഭാഷകള്‍ക്ക് നല്‍കുന്ന അംഗീകാരത്തിനും നിരക്കാത്തതാണിത്.

Published

|

Last Updated

ത്രിഭാഷാ നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കുന്നതിന് തമിഴ്നാട്ടില്‍ ഹിന്ദിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഡി എം കെ സര്‍ക്കാര്‍. സംസ്ഥാനത്ത് ഹിന്ദിയിലുള്ള പരസ്യ ഹോര്‍ഡിംഗുകള്‍, ബോര്‍ഡുകള്‍, ഹിന്ദി സിനിമാ പ്രദര്‍ശനം തുടങ്ങിയവ നിരോധിക്കുന്ന ബില്ലിന് സ്റ്റാലിന്‍ സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി നിയമവിദഗ്ധരുമായി സര്‍ക്കാര്‍ വിശദ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തോട് വിയോജിപ്പാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പൊതുവെ. ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കര്‍ക്കശവും ശക്തവുമാണ് തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പാര്‍ട്ടികളുടെ ഇക്കാര്യത്തിലുള്ള നിലപാട്. രക്തരൂക്ഷിത സമരം വരെ അരങ്ങേറിയിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍. ദ്രാവിഡരുടെ സാമൂഹികവും സാംസ്‌കാരികവുമായ അസ്തിത്വം സംരക്ഷിക്കാനുള്ള ഉറച്ച നിലപാടാണ് തമിഴരെ ഹിന്ദിവിരോധികളാക്കിയത്. തമിഴ് പോലുള്ള പുരാതന ഭാഷകളെ ഹിന്ദി മറികടക്കുമെന്ന ഭയം, ഭരണ-തൊഴില്‍ മേഖലകളില്‍ ഹിന്ദി അറിയാത്തവര്‍ പിന്തള്ളപ്പെടുമെന്ന ആശങ്ക, ഹിന്ദിയുടെ ആധിപത്യം രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥ അനുവദിക്കുന്ന ഭാഷാവൈവിധ്യത്തെയും പ്രാദേശിക സ്വയംഭരണ സംവിധാനത്തെയും പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ടെന്ന ബോധ്യം തുടങ്ങി പല ഘടകങ്ങളുമുണ്ട് ഹിന്ദിവിരോധത്തിനു പിന്നില്‍.

ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മോദി സര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവോടെ ഉടലെടുത്തതല്ല, ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് തമിഴരുടെ ഹിന്ദിക്കെതിരായ ചെറുത്തു നില്‍പ്പിന്. 1937ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സി രാജഗോപാലാചാരി(രാജാജി) സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ് തമിഴരുടെ ഹിന്ദിവിരോധം ആദ്യമായി ആളിക്കത്തിയത്. സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമി, ഡി എം കെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരൈ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭം അരങ്ങേറി. തമിഴ് വികാരത്തിനു മുമ്പില്‍ രാജാജിക്ക് മുട്ടുമടക്കേണ്ടി വന്നു. 1940ല്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു.

1965ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇംഗ്ലീഷിനു പകരം ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷയാക്കാന്‍ തുനിഞ്ഞപ്പോള്‍ തമിഴ്നാട് വീണ്ടും ആളിക്കത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രക്ഷോഭത്തിലേക്കിറങ്ങി. സമരം അക്രമാസക്തമായി. പോലീസ് വെടിവെപ്പില്‍ നിരവധി വിദ്യാര്‍ഥികള്‍ മരിച്ചു. സ്വയം തീകൊളുത്തിയുള്ള സമരത്തിലും പലര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി സര്‍ക്കാറിന് നയം മാറ്റേണ്ടി വന്നു. ഹിന്ദിയോടൊപ്പം ഇംഗ്ലീഷിനെ ‘അനുബന്ധ ഔദ്യോഗിക ഭാഷ’യായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി. ഹിന്ദിക്കെതിരെ നടന്ന ഈ ഐതിഹാസിക സമരമാണ് തമിഴ്നാട്ടിലെ കോണ്‍ഗ്രസ്സിന്റെ പതനത്തിനും ഡി എം കെ അധികാരത്തിലെത്താനും വഴിയൊരുക്കിയത്. അണ്ണാദുരൈയുടെ നേൃത്വത്തില്‍ തമിഴ്നാട്ടില്‍ ആദ്യമായി അധികാരത്തിലേറിയ ഡി എം കെ സര്‍ക്കാര്‍, സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ തമിഴും ഇംഗ്ലീഷും മാത്രം പഠിച്ചാല്‍ മതിയെന്ന് നിയമം കൊണ്ടുവരികയും ചെയ്തു. മോദി സര്‍ക്കാറിന്റെ ത്രിഭാഷാ നയത്തിനെതിരെയും ചെറുത്തുനില്‍പ്പ് ശക്തമാണ് തമിഴകത്തില്‍.

ഈ ചരിത്രപരിസരത്ത് നിന്നാണ് ഹിന്ദി നിരോധിക്കാനുള്ള ഡി എം കെ സര്‍ക്കാറിന്റെ നീക്കമെന്ന് പറയപ്പെടുന്നതെങ്കിലും, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം അവശേഷിച്ചിരിക്കെ രാഷ്ട്രീയ താത്പര്യം കൂടിയുണ്ട് സ്റ്റാലിന്റെ ഈ പുറപ്പാടിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. എന്‍ ഡി എയുടെ വളര്‍ച്ച തടഞ്ഞ് തുടര്‍ഭരണം ഉറപ്പ് വരുത്തുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ഡി എം കെക്ക് ഹിന്ദിനിരോധന ബില്ല് പാസ്സാക്കാന്‍ പ്രയാസമില്ല. എങ്കിലും ബി ജെ പിയും അണ്ണാ ഡി എം കെയും ചേര്‍ന്ന എന്‍ ഡി എയില്‍ ഇത് ഭിന്നസ്വരം സൃഷ്ടിക്കാനും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാനും ഇടയുണ്ട്. അണികളുടെ വികാരം കണക്കിലെടുക്കുമ്പോള്‍ ബില്ലിനെ അനുകൂലിക്കാന്‍ അണ്ണാ ഡി എം കെ നിര്‍ബന്ധിതമാകും. ഇതുപക്ഷേ ബി ജെ പിയെ ചൊടിപ്പിക്കുകയും സഖ്യത്തില്‍ വിള്ളല്‍ സൃഷ്ടിക്കുകയും ചെയ്തേക്കാം. ബില്ലിനെ എതിര്‍ത്താല്‍ ഹിന്ദിവിരുദ്ധത ശക്തിയാര്‍ജിച്ച ദ്രാവിഡ സമൂഹത്തിന്റെ പിന്തുണ പാര്‍ട്ടിക്ക് ഗണ്യമായി കുറയും. രണ്ടായാലും നേട്ടം ഡി എം കെക്കാണ്. ഡി എം കെ സര്‍ക്കാറിനെതിരെ ഭരണവികാരം ശക്തിപ്പെടുത്തി കന്നി അങ്കത്തില്‍ വന്‍നേട്ടം കൊയ്യാനുള്ള നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ തന്ത്രത്തെ പ്രതിരോധിക്കാനുള്ള ആയുധവുമാണ് സ്റ്റാലിന് ഹിന്ദി നിരോധന ബില്ല്.

അതേസമയം, ഹിന്ദി പാടേ നിരോധിക്കാനുള്ള സ്റ്റാലിന്‍ സര്‍ക്കാറിന്റെ നീക്കം അപക്വമായ നിലപാടായാണ് രാഷ്ട്രീയ നിരീക്ഷകരുടെയും നിയമവിദഗ്ധരുടെയും വിലയിരുത്തല്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനോടുള്ള ചെറുത്തുനില്‍പ്പ് പോലെയല്ല ഹിന്ദിനിരോധം. രാജ്യത്തെ ഭാഷാവൈവിധ്യത്തിനും ഭരണഘടന ഭാഷകള്‍ക്ക് നല്‍കുന്ന അംഗീകാരത്തിനും നിരക്കാത്തതാണിത്. 1996ല്‍ സ്പെയിനിലെ ബാഴ്സലോണയില്‍ നടന്ന ‘ഭാഷാ അവകാശങ്ങളുടെ സാര്‍വത്രിക അന്താരാഷ്ട്ര പ്രഖ്യാപന’ത്തിന് വിരുദ്ധവുമാണ്. രാജ്യത്ത് ഏറ്റവും പേര്‍ കൂടുതല്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. തമിഴ്നാട്ടിലുമുണ്ട് ഹിന്ദി സംസാരിക്കുന്നവര്‍ ധാരാളം. സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേഖലയിലും ഹിന്ദിനിരോധത്തോട് യോജിപ്പില്ലെന്നാണ് റിപോര്‍ട്ട്. ഭരണഘടന മുന്നോട്ടു വെക്കുന്ന ഭാഷാ വൈവിധ്യ നിലപാടില്‍ നിന്നുകൊണ്ട് തന്നെ, ഹിന്ദിയുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന നടപടികളാവിഷ്‌കരിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്

 

---- facebook comment plugin here -----

Latest