Connect with us

Health

ഹെര്‍ണിയ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടിവയറിന്റെ ഭാഗത്താണ് ഹെര്‍ണിയ കൂടുതലായും കാണപ്പെടുന്നത്. ജന്മനാ പേശികള്‍ക്ക് ബലഹീനത ഉള്ളവര്‍ക്കും ഈ രോഗം കണ്ടുവരാറുണ്ട്.

Published

|

Last Updated

പ്രായഭേദമില്ലാതെ മിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ. വയറിന്റെ ഭിത്തിയിലുള്ള പേശികള്‍ക്ക് മര്‍ദ്ദം അല്ലെങ്കില്‍ ദൗര്‍ബല്യം സംഭവിക്കുമ്പോള്‍ ശരീരത്തിന്റെ ഉള്ളിലുള്ള കുടല്‍ മുതലായ അവയവങ്ങള്‍ അതിന്റെ യഥാസ്ഥാനത്തുനിന്ന് അസാധാരണമായി തള്ളി പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഹെര്‍ണിയ. ഇന്‍ഗ്വയ്‌നല്‍ ഹെര്‍ണിയ, ഇന്‍സിഷണല്‍ ഹെര്‍ണിയ, ഫെമറല്‍ ഹെര്‍ണിയ, അംബ്ലിക്കല്‍ ഹെര്‍ണിയ എന്നിങ്ങനെ നാല് തരം ഹെര്‍ണിയകളുണ്ട്. അടിവയറിന്റെ ഭാഗത്താണ് ഹെര്‍ണിയ കൂടുതലായും കാണപ്പെടുന്നത്. ജന്മനാ പേശികള്‍ക്ക് ബലഹീനത ഉള്ളവര്‍ക്കും ഈ രോഗം കണ്ടുവരാറുണ്ട്.
ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഹെര്‍ണിയ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണം. അമിതവണ്ണം, വിട്ടുമാറാത്ത ചുമ, പാരമ്പര്യം എന്നിവയൊക്കെ ഹെര്‍ണിയയ്ക്ക് കാരണമാകുന്നു. സ്ത്രീകളില്‍ സിസേറിയന്‍ പോലുള്ള ശസ്ത്രക്രിയകള്‍ വേണ്ടിവരുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകാറുള്ളത്. ഗര്‍ഭകാലത്തെ അമിതവണ്ണമാണ് ഇത്തരം അവസ്ഥകള്‍ വരാനുള്ള സാധ്യതയുണ്ടാക്കുന്നത്.

ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയകള്‍ പലതരത്തിലുണ്ട്. ജന്മനാലുള്ള പേശീ ദൗര്‍ബല്യംമൂലം ഉണ്ടാകുന്നതാണ് ഈ ഹെര്‍ണിയ. ഫെമറല്‍ ഹെര്‍ണിയ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അരയ്ക്ക് താഴെയാണ് ഇത് കാണപ്പെടുന്നത്. കുടലോ, മൂത്രസഞ്ചിയോ ഇറങ്ങിവരുന്ന അവസ്ഥയാണിത്. എപ്പിഗ്യാസ്ട്രിക് ഹെര്‍ണിയ നെഞ്ചിനു മധ്യത്തിലായും ഉദരത്തിന് മുകളിലുമായാണ് ഉണ്ടാകുന്നത്. വയറിലെ പേശികളിലൂടെ കുടല്‍ ഭാഗങ്ങള്‍ തള്ളിവരുന്നതാണ് ഇതിന് കാരണം.

ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍

വയറിലോ അടി വയറിലോ ശ്രദ്ധേയമായ വീക്കം, കിടക്കുന്ന സമയത്ത് പിന്നിലേക്ക് തള്ളുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്ന തരത്തിലുള്ള വീക്കം, ശക്തമായ വയറുവേദന, ഭാരമുള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴോ, നില്‍ക്കുമ്പോഴോ, ചിരിക്കുമ്പോഴോ, ചുമക്കുമ്പോഴോ അടിവയറില്‍ ഉണ്ടാകുന്ന വേദന അല്ലെങ്കില്‍ വീക്കം, നെഞ്ചെരിച്ചില്‍, ഭക്ഷണം കഴിക്കുമ്പോള്‍ നെഞ്ചുവേദന തുടങ്ങിയവയാണ് ഹെര്‍ണിയയുടെ പ്രധാന ലക്ഷണങ്ങള്‍. മൂത്രസഞ്ചിയും മറ്റും താഴേക്കിറങ്ങുക, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ഹെര്‍ണിയയുടെ ലക്ഷണങ്ങളാണ്.

ചില ആളുകള്‍ക്ക് വേദന ഇല്ലാതെ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സ തേടാന്‍ മടി കാണിക്കാറുണ്ട്. അങ്ങനെ ചെയ്താല്‍ കാലക്രമേണ ആരോഗ്യത്തിന് ദോഷം ചെയ്യും. ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഡോക്ടര്‍ നിരീക്ഷിച്ചതിന് ശേഷം സി ടി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍ പോലുള്ള ഇമേജിങ് പരിശോധനകള്‍ വഴി ഹെര്‍ണിയ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഹെര്‍ണിയ പൂര്‍ണ്ണമായി മാറ്റാന്‍ ശസ്ത്രക്രിയ തന്നെയാണ് പോംവഴി. പരമ്പരാഗതമായ രീതിയില്‍ 6 മുതല്‍ 10 സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള മുറിവിലൂടെയാണ് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പൊക്കിളിനുള്ളില്‍ ഉണ്ടാക്കുന്ന 1 സെന്റീമീറ്റര്‍ മുറിവിലൂടെ ഒരു ലാപ്രോസ്‌ക്കോപ്പി ട്യൂബ് കടത്തി ചെയ്യുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണുള്ളത്. ചെറിയ മുറിവ് ആയതിനാല്‍ ശസ്ത്രക്രിയക്കുശേഷം വേദനയും കുറവായിരിക്കും

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. മുസാഫര്‍ ഖാന്‍
കണ്‍സള്‍ട്ടന്റ് ജനറല്‍ ആന്റ് ലാപറോസ്‌കോപ്പിക് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോട്ടക്കല്‍

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest