Connect with us

Kerala

ശിരോവസ്ത്ര വിവാദം: കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരും; മന്ത്രി വി ശിവന്‍കുട്ടി

ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്നും മന്ത്രി

Published

|

Last Updated

കൊച്ചി| ശിരോവസ്ത്ര വിവാദത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിന്‍സിപ്പാളാണ്. പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്നും പിതാവ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കുട്ടിക്ക് ആ സ്‌കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തിന്റെ പേരിലാണ് കുട്ടി സ്‌കൂളിലേക്ക് പോകാത്തതെന്നും ആരുടെ വീഴ്ച്ച കാരണമാണ് പോകാത്തതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിക്കണം. യൂണിഫോമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ആവശ്യമില്ല. എന്നാല്‍, സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നു.

ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷനേതാവിന് എന്റെ നിലപാട് ശരിയായിരുന്നു എന്ന് പറയാന്‍ കഴിയില്ലല്ലോ. ഇത്തരം ഒരു വിഷയം ഉണ്ടായാല്‍ ആളി കത്തിക്കുക എന്നതല്ല. ഇടപെടുക അല്ലേ സര്‍ക്കാരിന്റെ ചുമതലയെന്നും മന്ത്രി ചോദിച്ചു.

പാലക്കാട് 14കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് അടക്കം നടന്നത്. ഏത് ഉന്നതന്‍ ആയാലും നടപടി ഉണ്ടാകും. സര്‍ക്കാര്‍ പരിപാടിക്ക് ബദലായിട്ടുള്ള പരിപാടിയാണ് യുഡിഎഫിന്റെതെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest