local body election 2025
പൊന്മുണ്ടത്ത് എട്ട് വാർഡുകളിൽ അപരന്മാരുടെ ശല്യം
എല്ലാ വാർഡുകളിലും കപ്പും സോസറും ചിഹ്നത്തിലാണ് ഇവർ മത്സരിക്കുന്നത് എന്നതും ശ്രദ്ധേയം.
വൈലത്തൂർ | പൊന്മുണ്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എട്ടു വാർഡുകളിൽ അപരൻമാരുടെ ശല്യം മുന്നണികൾക്ക് തലവേദനയാകുന്നു. ആകെയുള്ള 18 വാർഡുകളിൽ എട്ടു സീറ്റുകളിലും അപരൻമാർ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എല്ലാ വാർഡുകളിലും കപ്പും സോസറും ചിഹ്നത്തിലാണ് ഇവർ മത്സരിക്കുന്നത് എന്നതും ശ്രദ്ധേയം. രണ്ടാം വാർഡ് കാര്യത്തറ ജനകീയ മുന്നണി സ്ഥാനാർഥി കാളമണ്ണിൽ സാഹിന ശുക്കൂർ കുട ചിഹ്നത്തിൽ മത്സരിക്കുന്പോൾ എതിരാളിയായി കപ്പ് സോസറും അടയാളത്തിൽ ഷാഹിന കല്ലറമ്പിൽ രംഗത്തുണ്ട്.
ആദൃശ്ശേരി മൂന്നാം വാർഡിൽ ജനകീയ മുന്നണി സ്ഥാനാർഥി അസ്മാബി പരേത്തിന് വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർഥിയായ ചീരംകുളങ്ങര അസ്മാബിയുണ്ട്.
നാലാം വാർഡിൽ സാജിത മുത്തേടത്തിന് അപര പന്നികണ്ടത്തിൽ സാജിദയാണ്. കഞ്ഞിക്കുളങ്ങര എട്ടാം വാർഡിൽ നിന്ന് ജനവിധി തേടുന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമുക്കുട്ടി രണ്ടൊടിക്ക് അപരനായി കോയക്കുട്ടി ഈങ്ങാപടലിലാണ്. ഒൻപതാം വാർഡ് ചോലപ്പുറത്ത് സാബിറ മുത്തേടത്തിന് അപരയായി സാബിറ പോണിയേരിയാണ്.
പത്താം വാർഡിൽ പി കെ ഹൈദ്രോസിന് അപരനായി ഹൈദ്രേസ് കോഴിശ്ശേരി മത്സരിക്കുന്നുണ്ട്. അതേസമയം ഇരു മുന്നണി സ്ഥാനാർഥികൾക്കും അപരൻമാർ രംഗത്തുള്ള ഏക വാർഡ് 11 നൊട്ടപ്പുറമാണ്. മുസ്്ലിം ലീഗ് സ്ഥാനാർഥി ചോലക്കാട്ടിൽ മൻസൂർ അലിക്ക് അപരൻ മൻസൂർ മൈലാടികുന്നത്ത് ആണ്. ഇവിടെ ജനകീയ മുന്നണി സ്ഥാനാർഥി ഒ അലവിക്ക് അപരനായി ഇ അലിയാണ് സ്ഥാനാർഥി പട്ടികയിലുള്ളത്.
16-ാം വാർഡ് ചിലവിൽ ജനകീയ മുന്നണി സ്ഥാനാർഥി ഷാഹിന മാട്ടുമ്മലിന് അപരയായി ഷാഹിമ ഹനാൻ പാലേരിയാണ്. ഡി എഫ് മുന്നണി സംവിധാനം നിലവിൽ വരാത്ത പഞ്ചായത്തിൽ കോൺഗ്രസ്സും ഇടതുപക്ഷവും സഹകരിച്ചുള്ള ജനകീയ മുന്നണിയാണ് മുസ്്ലിം ലീഗ് വെൽഫെയർ കൂട്ടുകെട്ടിനെ നേരിടുന്നത്.



