Ongoing News
ഹംപിയോ, ദേശ്മുഖോ? ആരാകും രാജ്യത്തേക്ക് ലോക ചെസ്സ് കിരീടം എത്തിക്കുക; ആകാംക്ഷയോടെ ആരാധകര്‍
കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള പോരാട്ടം കനത്തതായിരിക്കുമെന്ന് ഉറപ്പ്. വിജയം ആര്‍ക്കാകുമെന്നത് പ്രവചിക്കാനാകാത്ത സ്ഥിതി. നാളെയും മറ്റന്നാളുമായാണ് ഫൈനല്‍ മത്സരം.

ബാതുമി (ജോര്‍ജിയ) | ഫിഡെ ലോക വനിതാ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങിയതോടെ ആരാകും രാജ്യത്തേക്ക് കിരീടമെത്തിക്കുകയെന്ന് ഉറ്റുനോക്കി കായികലോകം. കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള പോരാട്ടം കനത്തതായിരിക്കുമെന്ന് ഉറപ്പ്. വിജയം ആര്‍ക്കാകുമെന്നത് പ്രവചിക്കാനാകാത്ത സ്ഥിതി. നാളെയും മറ്റന്നാളുമായാണ് ഫൈനല്‍ മത്സരം നടക്കുക.
ലോക വനിതാ ചെസ്സിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അവസാന അങ്കത്തിന് അര്‍ഹത നേടിയതോടെ ഹംപിയും ദേശ്മുഖും അടുത്ത വര്‍ഷം നടക്കുന്ന വനിതാ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലേക്കും യോഗ്യത നേടിക്കഴിഞ്ഞു.
വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചതിന്റെ പരിചയസമ്പത്താണ് സെമിഫൈനലില്‍ ഹംപിയെ തുണച്ചത്. ചൈനയുടെ ടിങ്ജി ലീയെ പിന്നില്‍ നിന്ന് തിരിച്ചുവന്നാണ് ഹംപി തോല്‍പ്പിച്ചത്. ടൈബ്രേക്കറിലായിരുന്നു വിജയം. അതേസമയം, മുന്‍ ലോക ചാമ്പ്യന്‍ ചൈനയുടെ തന്നെ യോങ്യി ടാനിനെയാണ് ദേശ്മുഖ് അടിയറവു പറയിച്ചത്. നാലുഘട്ട മത്സരത്തിലെ അവസാനത്തേതില്‍ രണ്ടാമത്തെ ഗെയിമിലാണ് താരം ജയം കൊയ്തത്.
ലോക വനിതാ റാപിഡ് ടൂര്‍ണമെന്റിലെ ചാമ്പ്യനാണ് 38കാരിയായ കൊനേരു ഹംപി. അടുത്തിടെ നടന്ന വനിതാ ഗ്രാന്‍ഡ് പ്രിക്‌സിലും ഒന്നാമതെത്തിയതിലൂടെ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് അവര്‍. താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒരു തരി പോലും മങ്ങലേറ്റിട്ടില്ല.
എന്നാല്‍, ഇത്തവണത്തെ ലോക ചെസ്സ് ടൂര്‍ണമെന്റില്‍ മികവുറ്റ പ്രകടനമാണ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ് നടത്തിയതെന്ന് ഹംപി തന്നെ പറയുന്നു. ഹംപിയുടെ പകുതി മാത്രം പ്രായമുള്ള ദേശ്മുഖ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന റാങ്കിലുള്ള മൂന്ന് താരങ്ങളെയാണ് മറികടന്നത്. രണ്ടാം സീഡായ ചൈനയുടെ ജിനര്‍ യു ആയിരുന്നു ദേശ്മുഖിന്റെ ആദ്യ ഇര. തുടര്‍ന്ന് മുന്‍ വനിതാ ലോക ചാമ്പ്യന്‍ ചൈനയുടെ യോങ്യി ടാനിനെ തോല്‍പ്പിച്ചു.
ദീര്‍ഘസമയം നീളുന്ന മത്സരങ്ങളില്‍ പിഴവുകള്‍ വരുത്താതെ മുന്നോട്ടു പോകാന്‍ കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് കൊനേരു ഹംപി. മറുവശത്താണെങ്കില്‍ ആക്രമണ ശൈലിയാണ് ദേശ്മുഖിന്റേത്.
ഏതായാലും ഇരട്ടി സന്തോഷത്തിലാണ് ഇന്ത്യന്‍ ചെസ്സ് ആരാധകര്‍. ലോകകീരിടം രാജ്യത്തേക്കാണെന്നത് ഉറപ്പായതാണ് അതിലൊന്ന്. വാശിയേറിയ ഒരു അങ്കത്തിന് സാക്ഷിയാകാമെന്നതാണ് മറ്റൊന്ന്.