National
പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് എം പി
ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്

അഹമ്മദാബാദ് | സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് എം പി. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്.
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിച്ചിരുന്നു. മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങള്‍ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെന്‍ പറഞ്ഞു. ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എം പിയുടെ കത്ത്.
ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എം പിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി. എം പിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലുമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഗെനി ബെന്‍ ഠാക്കോര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ ഗുജറാത്ത് സര്‍ക്കാരും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ഗെനി ബെന്‍ ആവശ്യപ്പെടുന്നത്.