National
ജിഎസ്ടി കൗൺസിൽ യോഗം: വരുമാന സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംസ്ഥാനങ്ങൾ
ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ കമ്പനികൾ അമിതലാഭം ഉണ്ടാക്കരുതെന്നും, അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കണമെന്നും സംസ്ഥാനങ്ങൾ

ന്യൂഡൽഹി | 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ, വരുമാന സംരക്ഷണവും ഉപഭോക്തൃ സുരക്ഷയും ആവശ്യപ്പെട്ട് പ്രതിപക്ഷ സംസ്ഥാനങ്ങൾ രംഗത്ത്. ജിഎസ്ടി ഘടന ലളിതമാക്കി 5% ഉം 18% ഉം എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കാനുള്ള നിർദ്ദേശമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. ഈ മാറ്റം നിത്യോപയോഗ സാധനങ്ങൾക്കും ഇലക്ട്രോണിക്സിനും വില കുറയാൻ ഇടയാക്കുമെങ്കിലും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതിക്ക് കാരണമാകും.
ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ കമ്പനികൾ അമിതലാഭം ഉണ്ടാക്കരുതെന്നും, അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ, വരുമാന നഷ്ടം ഉണ്ടാകാതിരിക്കാൻ വ്യക്തമായ നഷ്ടപരിഹാര പദ്ധതിയും അവർ ആവശ്യപ്പെടുന്നുണ്ട്. ചില ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ഈ വിഷയത്തിൽ സമാനമായ ആശങ്കകളുണ്ട്.
ജിഎസ്ടി ആദ്യമായി നടപ്പിലാക്കിയപ്പോൾ, അഞ്ച് വർഷത്തേക്ക് വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം ഉറപ്പ് നൽകിയിരുന്നു. ആഡംബര, പാപ (പുകയില, പാൻ മസാല തുടങ്ങി സമൂഹത്തിന് ഹാനികരമെന്ന് കരുതുന്ന മറ്റ് വസ്തുക്കളും സേവനങ്ങളും) വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തിയായിരുന്നു ഇത്. ഈ സംവിധാനം 2022 ജൂണിൽ അവസാനിച്ചു. പുതിയ നിർദ്ദേശമനുസരിച്ച് ആഡംബര വസ്തുക്കൾക്ക് 40% നികുതി ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പ് നൽകണമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു.
ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം സംസ്ഥാനങ്ങളുടെ ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന വലിയ വെല്ലുവിളിയാണ് ജിഎസ്ടി കൗൺസിൽ നേരിടുന്നത്. അതുകൊണ്ട് തന്നെ ഈ യോഗത്തിന്റെ ഫലം ഉറ്റുനോക്കുകയാണ് രാജ്യം.