Connect with us

National

സുന്നി സംഘടനകളുടെ ഐക്യം വിളിച്ചോതി ബെംഗളൂരുവില്‍ മഹാ നബിദിന സമ്മേളനം

കച്ചോച്ച ശരീഫ്, മാര്‍ഹാരെ ശരീഫ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ, മര്‍കസെ അഹ്ലുസ്സുന്നത്, സമസ്ത ഇ കെ വിഭാഗം, കര്‍ണാടക മുസ്ലിം ജമാഅത്ത് തുടങ്ങി വിവിധ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ അഞ്ച് ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു

Published

|

Last Updated

ബെംഗളൂരു | പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ 1500ാം ജന്മദിനത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സില്‍ ജനലക്ഷങ്ങള്‍ സംബന്ധിച്ചു. ദീര്‍ഘകാലമായി വിഘടിച്ചു വെവ്വേറെ പ്രവര്‍ത്തിച്ചിരുന്ന സുന്നി സംഘടനകളാണ് കര്‍ണാടക ജോയിന്റ് മീലാദ് കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര നബിദിന സമ്മേളനത്തില്‍ അണിനിരന്നത്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിച്ചു.

കച്ചോച്ച ശരീഫ്, മാര്‍ഹാരെ ശരീഫ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ, മര്‍കസെ അഹ്ലുസ്സുന്നത്, സമസ്ത ഇ കെ വിഭാഗം, കര്‍ണാടക മുസ്ലിം ജമാഅത്ത് തുടങ്ങി വിവിധ സുന്നി സംഘടനകള്‍ക്ക് പുറമെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദര്‍ഗകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്തിലധികം സംഘടനകളാണ് ഒന്നൊച്ചണിനിരന്നായിരുന്നു മീലാദുന്നബി ആഘോഷിച്ചത്.

കര്‍ണാടക വഖ്ഫ് മന്ത്രി സമീര്‍ അഹ്‌മദ് ഖാന്റെയും കര്‍ണാടക വഖ്ഫ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശാഫി സഅദിയുടെയും നേതൃത്വത്തിലാണ് സുന്നി സംഘടനകളെ ഏകോപിപ്പിച്ചത്. കര്‍ണാടക ഉപമുഖ്യന്ത്രി ഡി കെ ശിവകുമാര്‍, ഹൗസിംഗ്, വഖ്ഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹ്‌മദ് ഖാന്‍, ആരോഗ്യ മന്ത്രി  കെ ജെ ജോര്‍ജ്, മുനിസിപല്‍ അഡ്മിനിസ്‌ട്രെഷന്‍ മന്ത്രി റഹീം ഖാന്‍ തുടങ്ങി നിരവധി ക്യാബിനറ്റ് മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങിനെത്തി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിലെ  വിശിഷ്ടാതിഥിയായി. കോണ്‍ഫറന്‍സിനെത്തിയ മുഖ്യന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും  ഖലീല്‍ ബുഖാരി തങ്ങള്‍ കഫിയ ഷാളും തൊപ്പിയും അണിയിച്ച്  ആദരിച്ചു.

പ്രമുഖ സൂഫി പണ്ഡിതന്‍ ശൈഖ് ഉമര്‍ ബിന്‍ ഹഫീള് (യമന്‍), ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ ഓണ്‍ലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്തു. അല്‍ ഹാജ് അമീര്‍ ജാന്‍ ഖാദിരി (ചെയര്‍മാന്‍, മര്‍കസേ അഹ്ലുസ്സുന്നത്ത്), ഹസ്രത്ത് സയ്യിദ് മുഹമ്മദ് ഖാസിം അഷ്റഫ് അഷ്റഫി (കച്ചോച്ച ശരീഫ്), മുഫ്തി മുഹമ്മദ് തൗസീഫ് റസാ ഖാന്‍ (ബറേലി), ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ( പ്രസിഡന്റ്, എസ് വൈ എസ് കേരള), മൗലാനാ ഷാഫി സഅദി (വൈസ് ചെയര്‍മാന്‍, കര്‍ണാടക വഖ്ഫ് ബോര്‍ഡ്), മുഫ്തി മുഹമ്മദ് അക്തര്‍ ഹുസൈന്‍ അലീമി (യു പി), ഡോ. മുഫ്തി മുഹമ്മദ് സജ്ജാദ് റസ് വി (കൊല്‍ക്കത്ത), അല്ലാമാ ഷാ അബ്ദുല്‍ ഖാദിര്‍ ഷാ വാജിദ് ഖാദിരി പ്രസംഗിച്ചു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം വിശ്വാസികളാണ് കൂറ്റന്‍ നബിദിന സംഗമത്തിനെത്തിയത്.