Kerala
ഉത്തരേന്ത്യക്ക് സമാനമായി വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍
ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളോട് ശരിയായ തീരുമാനമാണ് ഇടതുമുന്നണി എടുക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്

തിരുവനന്തപുരം | രാജ്ഭവന്‍ മാര്‍ച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭ പാസാക്കിയ ബില്ല് ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവര്‍ണര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രദമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണ് ഗവര്‍ണര്‍. ആര്‍എസ്എസും ബിജെപിയും ഉത്തരേന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാവിവല്‍ക്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യം.
ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരത്തിലേക്കും പ്രക്ഷോഭത്തിലേക്കും എത്തുകയാണ്. ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളോട് ശരിയായ തീരുമാനമാണ് ഇടതുമുന്നണി എടുക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. കേരളത്തില്‍ നിയമം ഉള്ളതുകൊണ്ടാണ് വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാകുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കില്‍ ബില്ല് കൊണ്ടുവരും എം വി ഗോവിന്ദന്‍ പറഞ്ഞു.