Connect with us

Kerala

വിസി നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി

സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലില്‍ പേരുകള്‍ സമര്‍പ്പിക്കേണ്ടത് ചാന്‍സിലര്‍ക്കാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാന്‍ യുജിസി അപേക്ഷ നല്‍കിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും യുജിസി വ്യക്തമാക്കി.

വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സിലറായ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ചിരിക്കുന്ന സമിതിയില്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ക്കൈയ്യുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്.

 

 

Latest