Connect with us

cover story

ഘടാഘടിയൻ കല്യാണക്കഥ

വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ചെഴുതാൻ ഒരാൾ തീരുമാനിച്ചുറപ്പിച്ചാൽ, പുനലൂർ രാജന്റെ ചിത്രശേഖരത്തിൽ നിന്ന് ബേപ്പൂർ സുൽത്താന്റെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾക്ക് പിറകിലെ കഥയും കാമ്പും കണ്ടെത്താൻ ശ്രമിച്ചാൽ മാത്രം മതിയാകും, ഒരു മഹാകാവ്യത്തിനുള്ള വിഭവങ്ങൾ ധാരാളമുണ്ടാകും. ബഷീറിന്റെ ദൈനംദിന ജീവിതവും ചര്യകളും അത്രമേൽ ആഴത്തിലും അർഥത്തിലും പകർത്തിയെടുത്തിട്ടുണ്ട് പുനലൂർ രാജന്റെ ക്യാമറക്കണ്ണുകൾ.

Published

|

Last Updated

ബേപ്പൂർ സുൽത്താന്റെ വൈലാലിൽ തറവാട്ടു മുറ്റത്തു നിന്ന് നാലടി നടന്നാൽ, പഴയകാല ദേശബന്ധു വായനശാലയുടെ പൂമുഖത്തു എത്തിച്ചേരാം. എന്നിട്ടും വായനശാല നിൽക്കുന്ന ഭഗവതിക്കാവ് പറമ്പിൽ മാധവന്റെ വീട്ടിലോ പറമ്പിലോ അങ്ങനെയൊരു പെൺകുട്ടി ജീവിച്ചിരിക്കുന്നത് വൈക്കം മുഹമ്മദ്‌ ബഷീറോ ഭാര്യ ഫാബിയോ മുമ്പൊരിക്കലും അറിയാതെ പോയി.

തന്റെ അനന്തവിഹായസ്സിൽ കരുതലോടെ കാത്തു വെച്ച അനന്തകോടി സമയത്തിൽ നിന്ന് ഓരോന്നിനും കടുകിട തെറ്റാത്ത കൃത്യ സമയവും നിശ്ചയിച്ചു വെച്ച ഈ അണ്ഡകഠാഹത്തിന്റെ ഒടേതമ്പുരാൻ ആ കാഴ്ചക്കുള്ള സമയവും കാലങ്ങൾക്ക് മുമ്പേ കരുതി വെച്ചിട്ടുണ്ടാവണം. കാഴ്ചക്കുള്ള സമയമെത്തുമ്പോൾ, പടച്ച തമ്പുരാൻ മഹർ കൂട്ടി പടച്ച പടപ്പുകളെ ചേർത്തു വെക്കേണ്ട നിയോഗവും മലയാളത്തിന്റെ മഹാ കഥാകാരൻ, ബേപ്പൂർ സുൽത്താന്റെ കരങ്ങളിൽ കൊടുത്തു വെച്ചിട്ടുണ്ടാകണം.
അതുകൊണ്ടാകണം, വീടിന്റെ പൂമുറ്റത്തു വായനശാലയുടെ പരിസരത്തു ചുമ്മാ വേലിയും പിടിച്ചു നിന്ന ഇരുപത്തൊന്നുകാരിയിൽ ഫാബി ബഷീറിന്റെ കണ്ണും കരളും ചെന്നുടക്കിയത്. കിണാശ്ശേരി ഹൈസ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന തങ്കമണിയായിരുന്നു, ആ ഇരുപത്തൊന്നുകാരി. തിയ്യോർക്കണ്ടി മാധവന്റെയും വല്ലാറ്റിൽ ജാനകിയുടെയും മകൾ, തങ്കമണി.

കൊല്ലം ജില്ലയിൽ ശൂരനാട്ടു പുത്തൻ വിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്തു ഈശ്വരിയുടെയും മകൻ പഠിച്ചതും വളർന്നതും പുനലൂരിലായിരുന്നുവെങ്കിലും പേരും പെരുമയും ആളും ആരവങ്ങളും നേടിയെടുത്തത് കോഴിക്കോടിന്റെ മണ്ണിലായിരുന്നു.
ഇരുപത്തിനാലാം വയസ്സിൽ മെഡിക്കൽ കോളജ് ആർടിസ്റ്റ് ഫോട്ടോഗ്രാഫറായി കോഴിക്കോട് എത്തി ച്ചേർന്ന പുനലൂർ രാജൻ, കൂടും കുടുംബവും കൂട്ടുമെല്ലാം കണ്ടെടുത്തത്, ഈ നഗരത്തിൽ നിന്ന് തന്നെയായിരുന്നു.

കറുപ്പും വെളുപ്പും കലർന്ന ചിത്രങ്ങൾ കൊണ്ട് അറ്റമില്ലാത്ത മാസ്റ്റർ പീസുകൾ അണിയിച്ചൊരുക്കിയ പുനലൂർ രാജന്റെ ക്യാമറക്ക് മുന്നിൽ നിറഞ്ഞ മുഖങ്ങളിൽ വിരിഞ്ഞ ചിരികൾ കണ്ടാണ് കാണികൾ ആ എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളെയത്രയും സ്നേഹിച്ചതും നെഞ്ചോടടുക്കി പിടിച്ചു പരിചയിച്ചതും.
ആരാധകർക്ക് വിദൂരക്കാഴ്ചകളിൽ മാത്രം പ്രാപ്യമായിരുന്ന ഒത്തിരി പ്രതിഭാധനരെ, രാഷ്ട്രീയ പ്രമുഖരെ, കലാകാരന്മാരെ ഏറ്റവും മനോഹരമായ കാഴ്ചകളാക്കി മാറ്റിയത്, പുനലൂർ രാജന്റെ ക്യാമറക്കണ്ണുകളാണ്.

ഇടതുപക്ഷ സഹയാത്രികനായിരുന്ന രാജന്റെ ഛായഗ്രഹണ വൈഭവം തിരിച്ചറിഞ്ഞ പാർട്ടി കെ പി എ സിയുടെ ബാനറിൽ നാടകങ്ങൾക്ക് പുറമെ സിനിമയും കൂടി ചെയ്യാൻ തീരുമാനിച്ചപ്പോൾ ഛായഗ്രഹകനായി രാജനെ തിരഞ്ഞെടുക്കാൻ ഒരു പുനരാലോചനയുടെ ആവശ്യമുണ്ടായില്ല എന്ന് മാത്രമല്ല സിനിമയെയും ഛായഗ്രഹണത്തെയും കുറിച്ച്, അതിന്റെ സാങ്കേതിക വിദ്യകളെ കുറിച്ചും കൂടുതൽ ആധികാരികമായി പഠിക്കാൻ മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രാഫിയിലേക്കയക്കുകയും ചെയ്തു.
അദ്ദേഹം മൂന്ന് വർഷത്തെ പഠനം കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും പാർട്ടി സിനിമാ പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇല്ലായിരുന്നുവെങ്കിൽ ചലച്ചിത്ര കലക്ക് എക്കാലവും എടുത്തുകാണിക്കാൻ പറ്റിയ എണ്ണം പറഞ്ഞ ക്യാമറമാനെ സ്വന്തമാകുമായിരുന്നു എന്നതിന് അദ്ദേഹം പകർത്തിയ ദൃശ്യങ്ങൾ തന്നെ മതിയായ തെളിവുകളാണ്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനിക്കാത്ത ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ദേശങ്ങളിലൂടെ സഞ്ചരിച്ച് പുനലൂർ രാജൻ തയ്യാറാക്കിയ “മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിക്കുകയുണ്ടായി.

ബഷീർ, തകഴി, എം ടി, ഇ എം എസ് തുടങ്ങിയ മലയാളക്കരയെ സാമൂഹികമായും സാംസ്കാരികമായും നിർവചിച്ച മഹാപ്രതിഭകളുടെ അനർഘ നിമിഷങ്ങൾ, രാജന്റെ ചിത്രങ്ങളിൽ അതി വാചാലമാകുന്ന മനോഹര ഫ്രെയിമുകളായി മാറുകയായിരുന്നു.

അവരുടെയൊക്കെ അപൂർവ നിമിഷങ്ങൾ കൊണ്ട് സമ്പന്നമായ ആ അത്യപൂർവ ശേഖരത്തിലൂടെ സഞ്ചരിച്ചാൽ ചിത്രത്തിലുള്ളവരുടെ ജീവചരിത്രം മാത്രമാകില്ല, ഒരു ദേശത്തിന്റെ ചരിതം കൂടിയാകും, ഒരുപക്ഷെ അനാവരണം ചെയ്യപ്പെടുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കൊണ്ട് ഒരു ദേശത്തിന്റെയും ആ ദേശത്തിന്റെ ശിരോലിഖിതം പുനർനിർണയിച്ച മഹാരഥന്മാരുടെയും വർണാഭമായ നിമിഷങ്ങൾ അനശ്വരമുഹൂർത്തങ്ങളാക്കി മാറ്റിയ പുനലൂർ രാജൻ, കേരളത്തിന്റെ ചുവരിൽ കരുത്തോടെ പതിച്ചുവെച്ച ഛായാചിത്രങ്ങൾ ഋതുഭേദങ്ങൾക്കൊപ്പം മങ്ങുന്നതോ മായുന്നതോ ആകില്ലെന്നും തീർച്ചയാണ്.

വർണങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന, സാങ്കേതിക വിദ്യകൾ കൊണ്ട് ഏതൊരു ചിത്രവും സുന്ദരമാക്കാവുന്ന, ആപ്ലിക്കേഷനുകൾ കൊണ്ട് മഹത്തായ ചിത്രവും മഹാനായ ഫോട്ടോഗ്രാഫർമാരും സൃഷ്ടിക്കപ്പെടുന്ന ഇന്നത്തെ തലമുറയ്ക്കുള്ളിൽ വിസ്മയം തീർക്കാൻ പ്രാപ്തമാണ് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ എന്ന് മാത്രമല്ല, കാലം കല്ലിൽ കൊത്തിവെച്ച നാടിന്റെ നാഴികക്കല്ലുകൾ കൂടിയാണ്, പുനലൂർ രാജൻ എന്ന ചിത്രകാരൻ തന്റെ സദാ തുറന്നു വെച്ച ക്യാമറാക്കണ്ണിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത കാഴ്ചകൾ. അതു തന്നെയാണ് ആ മനുഷ്യൻ ഈ ലോകത്തിന് നൽകിയ മഹത്തായ സംഭാവനയും.
താനീ ലോകത്ത് ജീവിച്ചിരുന്നുവെന്നതിന്ന് തെളിവായി, അദ്ദേഹം ഈ ഭൂമിയിൽ പൊഴിച്ചിട്ട തൂവലുകൾ, ഈ നാടിന്റെ ചരിത്രത്താളുകളിൽ ഉല്ലംഘിക്കാനാകാത്ത വിധം പടർന്നു നിൽക്കുന്ന സംഭവങ്ങളുടെ ചിത്രങ്ങൾ ആയിരുന്നു എന്നത് സദാ ജാഗരൂകമായ ഒരു മനസ്സിന്റെ സൗഭാഗ്യം തന്നെയാണ്.
ചിത്രത്തിൽ എവിടെയും, ഒരിടത്തും പതിഞ്ഞിട്ടില്ലാത്ത ഒരു മുഖം, ഒരു ഫോട്ടോഗ്രാഫറുടെ മുഖം അന്വേഷിക്കപ്പെടുന്ന ഏറ്റവും ആർദ്രമായ ഒരു ക്ഷണനേരത്തിന്റെ സൗഭാഗ്യത്തിലാണ് ഒരോ ക്യാമറമാനും തന്റെ മുന്നോട്ടുള്ള യാത്രയെ ഫോക്കസ് ചെയ്യുന്നത്. അത് ഒരു നാടിന്റെ ചരിത്രഗതികളിലൂടെയുള്ള യാത്രയാകുമ്പോൾ നാടോടുന്ന കാലംവരേക്കും ആ നാമവും വാഴ്ത്തപ്പെടും. പുനലൂർ രാജൻ എന്ന ഫോട്ടോഗ്രാഫർ പകർത്തി വെച്ച ചരിത്രനിമിഷങ്ങൾക്കൊപ്പം അദ്ദേഹം കൂടി ഭാഗഭാക്കായിരുന്നു എന്നത് വിസ്മരിക്കാൻ പാടില്ലാത്ത സത്യം.

വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ചെഴുതാൻ ഒരാൾ തീരുമാനിച്ചുറപ്പിച്ചാൽ, പുനലൂർ രാജന്റെ ചിത്രശേഖരത്തിൽ നിന്ന് ബേപ്പൂർ സുൽത്താന്റെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾക്ക് പിറകിലെ കഥയും കാമ്പും കണ്ടെത്താൻ ശ്രമിച്ചാൽ മാത്രം മതിയാകും, ഒരു മഹാകാവ്യത്തിനുള്ള വിഭവങ്ങൾ ധാരാളമുണ്ടാകും. ബഷീറിന്റെ ദൈനംദിന ജീവിതവും ചര്യകളും അത്രമേൽ ആഴത്തിലും അർഥത്തിലും പകർത്തിയെടുത്തിട്ടുണ്ട്, പുനലൂർ രാജന്റെ ക്യാമറക്കണ്ണുകൾ.
കോഴിക്കോട് എത്തിച്ചേർന്നു അധികം താമസിയാതെ പുനലൂർ ബഷീറുമായി പരിചയപ്പെട്ടു. അത് അടുപ്പമായി മാറാനും ആ അടുപ്പം സന്തത സഹചാരിയായ ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തേക്ക് വളരുവാൻ ഏറെയൊന്നും കാലവിളംഭം നേരിട്ടില്ല. അനന്തകോടി അവകാശികൾക്ക് മണ്ണും മനസ്സും തീറെഴുതിക്കൊടുത്ത സുൽത്താന്റെ ഖൽബിൽ പുനലൂർ രാജനും കിട്ടി, വരദാനമെന്നോണം ഒരിടം. പിന്നീടങ്ങോട്ട് ഊണിലും ഉറക്കിലും ഉണർവ്വിലും കഥയുടെ സുൽത്താന്റെ നിഴൽ പോലൊരാൾ.
ബഷീറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അഭേദ്യമായ ബന്ധം പുലർത്തിപ്പോന്ന രാജന്റെ ഏകാന്തവാസം ഇനിയും തുടർന്നാൽ ജീവിതം ചൊറി പോലെ സുഖമുള്ള എന്തോ ഒന്നാണെന്നു രാജൻ കരുതിക്കളയും എന്ന് ചിന്തിച്ചത് കൊണ്ടാവണം ബഷീർ തന്നെ ഫാബിയോട് സൂചിപ്പിച്ചത്, ‘ഇനിയും ഒറ്റയ്ക്ക് വിട്ടാൽ ശരിയാവില്ല, പുനലൂരിന്ന് ഒരു പെണ്ണ് വേണം, നല്ല ജിമ്ക്കൻ പെണ്ണൊരുത്തി.’

ഇനിയും താമസിപ്പിക്കാൻ സമയമില്ല. ഉടനടി വേണം. ഊണും ഉറക്കവും ഫോട്ടോ പിടിത്തവും കഴിച്ചു, ശിഷ്ട്ടം പത്തു മുപ്പതു കൊല്ലം മാത്രം കഷ്ടിച്ചൊന്ന് ജീവിക്കാൻ കിട്ടുന്ന ആയുസ്സിന്റെ പാതിയും കഴിഞ്ഞു പോയ രാജന്റെ ശേഷിക്കുന്ന ജീവിതം സംഭവബഹുലവും സംഘർഷഭരിതവുമാക്കാൻ, ക്യാമറയും കടിച്ചുപിടിച്ചുള്ള പരക്കം പാച്ചിലിന് മുക്കയറിട്ടൊന്ന് പിടിക്കാൻ ഒരു പെണ്ണെങ്കിലും വേണമെന്ന് കുടുംബസദസ്സിലും കൂട്ടം കൂടുന്ന സുഹൃദ് സദസ്സിലും ബേപ്പൂർ സുൽത്താൻ തിട്ടൂരമിറക്കി.
അങ്ങനെ കൊണ്ട് പിടിച്ച ചർച്ചക്കും പാച്ചിലിനുമിടയിലാണ് ഭഗവതിക്കാവ് പറമ്പിന്റെ വേലിക്കരികിൽ ചുമ്മാ റോട്ടിലേക്ക് നോക്കി നിന്ന ഇരുപതിയൊന്നുകാരിയെ ഫാബി ബഷീർ കണ്ടതും കണ്ട കാഴ്ച കരളിൽ കൊണ്ടതും താമസംവിനാ ബഷീറിനെ അറിയിച്ചതും.

നോക്കി നിൽക്കെ എല്ലാം കഴിഞ്ഞല്ലോ എന്ന് തോന്നും വിധം വേഗത്തിലാണ് പിന്നീടങ്ങോട്ട് കാര്യങ്ങൾ കഴിഞ്ഞു പോയത്. ഒന്നൊന്നായി എല്ലാം ബഷീറിന്റെയും ഫാബിയുടെയും മേൽനോട്ടത്തിൽ തന്നെയാണ് നടന്നത്. അങ്ങനെ ആ മഹത്തായ സുദിനം വന്നണയുക തന്നെ ചെയ്തു. ആയിരത്തി തൊള്ളായിരത്തി അറുപത്തിയേഴ്‌ ഡിസംബർ ഇരുപത്തി നാലിന് കോഴിക്കോട് ചെറുട്ടി റോഡിലുള്ള ഗാന്ധി ഗൃഹത്തിൽ വെച്ചു തങ്കമണി പുനലൂർ രാജന്റെ സഖിയായി അരങ്ങേറ്റം നടത്തി രണ്ടു കാലും എടുത്തു വെച്ച് അവകാശത്തോടെ കയറിച്ചെന്നു.
ചെറുതെങ്കിലും കോഴിക്കോട്ടെ കലാകാരന്മാരാൽ സമ്പന്നമായ ആ മംഗള സുമുഹൂർത്തത്തിൽ വധുവരന്മാരുടെ കൈയിലേക്ക് വരണമാല്യം എടുത്തു കൊടുത്ത നിമിഷം വരേക്കും കൂടെ നിന്ന്, ഒരു ഘടാഘടിയൻ കല്യാണത്തിന് അവസരമൊരുക്കി കൊടുത്തുകൊണ്ട്, തന്റെ കൂടപ്പിറപ്പെന്നോണം ഇഷ്ടത്തോടെ താൻ നെഞ്ചിലേറ്റിയ പുനലൂരിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിത്രത്തിന്റെ ഒറ്റ െഫ്രയിമിലും ആ സുൽത്താൻ ഒരു പൊട്ടിച്ചിരിയോടെ നിറഞ്ഞുനിന്നു.
.

Latest