covid
കൊവിഡ് രോഗ തീവ്രതാ സാധ്യതകൾ പ്രവചിക്കാൻ ജീൻ അധിഷ്ഠിത ടെസ്റ്റ് കിറ്റ്
സാങ്കേതിക മികവുകളെ അടിസ്ഥാനമാക്കി ജനിതക ശാസ്ത്രത്തിന്റെ പഠനവും ഗവേഷണവും നടത്തികൊണ്ടിരിക്കുന്ന സ്ഥാപനമായ സാജിനോം ഓമൈജീൻ എന്ന പ്ലാറ്റ്‌ഫോമിൽ കൂടിയാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്

കൊച്ചി | കൊവിഡ് തീവ്രത നിർണയത്തിനായുള്ള ജീൻ അധിഷ്ഠിത പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു. കൊവിഡ് ബാധിക്കാത്തവർക്കും പോസിറ്റീവ് ആയിരിക്കുന്നവർക്കും ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകളെ നേരത്തെ നിർണയിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്താനുതകുന്ന കൊവിജീൻ എന്ന കിറ്റ് ആണ് ബയോ ടെക്‌നോളജി സ്റ്റാർട്ടപ്പായ സാജിനോം വികസിപ്പിച്ചെടുത്തത്.
സാങ്കേതിക മികവുകളെ അടിസ്ഥാനമാക്കി ജനിതക ശാസ്ത്രത്തിന്റെ പഠനവും ഗവേഷണവും നടത്തികൊണ്ടിരിക്കുന്ന സ്ഥാപനമായ സാജിനോം ഓമൈജീൻ എന്ന പ്ലാറ്റ്‌ഫോമിൽ കൂടിയാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് കാരണം ഉണ്ടാകുന്ന സങ്കീർണമായ രോഗങ്ങൾ ജനിതക ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നതിനാൽ ജനിതക വിശകലനത്തിലൂടെ വികസിപ്പിച്ചെടുത്ത കൊവിജീൻ കൊവിഡ് വന്നാൽ സങ്കീർണമാകുമോ എന്നറിയാൻ പ്രയോജനപ്പെടുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
എച്ച് എൽ എൽ ലൈഫ് കെയർ മുൻ സി.എം.ഡി ഡോ. എം അയ്യപ്പൻ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി മുൻ ഡയറക്ടർ പ്രൊഫ. എം രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകുന്ന സാജിനോം കേരള സ്റ്റാർട്ടപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് ഇൻകുബേറ്റ് ചെയ്തിരിക്കുന്നത്.
നാല് ജീനുകളുടെ വിശകലനത്തിലൂടെയാണ് കൊവിഡ് അനന്തര ഫലങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിക്കുന്നതെന്ന് ഡോ. രാധാകൃഷ്ണപിള്ള പറഞ്ഞു.
ഇപ്പോഴത്തെ ക്ലിനിക്കൽ സമ്പ്രദായവുമായി ജനിതക വിശകലനത്തെ സംയോജിപ്പിക്കുമ്പോൾ രോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രവചനം കൂടുതൽ ഫലപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് തങ്ങളുടെ വിദഗ്ധർ രോഗത്തിന്റെ ഗുരുതരാവസ്ഥയുമായി ബന്ധപ്പെട്ട ജീനുകളെ വേർതിരിച്ച് നിർണയിക്കുന്ന പ്രക്രിയയിലായിരുന്നു. ഈ ഗവേഷണ ഫലങ്ങളാണ് ഒരു വ്യക്തിയിൽ രോഗാനന്തര സാഹചര്യങ്ങൾ ഗുരുതരമാകുമോ എന്ന് നിർണയിക്കാൻ സഹായിച്ചത്. ആരോഗ്യ വിദഗ്ധരുമായി ഈ ഫലം പങ്കുവച്ച് ചികിത്സക്കുള്ള മാർഗങ്ങൾ ആവിഷ്‌കരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിജീൻ പരിശോധന കൊവിഡ് വരാത്തവർക്ക് മാത്രമല്ല പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, അർബുദം എന്നിങ്ങനെ രോഗങ്ങളുള്ള പ്രായമായവർക്കും ഏറെ ഫലപ്രദമാകും. കൂടുതൽ വിവരങ്ങൾ www.ohmygene.com എന്ന വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.