International
ജെൻ സി പ്രക്ഷോഭം: മുൻ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ മരിച്ചു, ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു
സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള നിരോധനം നീക്കിയതായി പ്രഖ്യാപിച്ചിട്ടും, ജെൻ സി തലമുറയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങൾ രണ്ടാം ദിവസവും നേപ്പാളിൽ തുടരുന്നു

കാഠ്മണ്ഡു | നേപ്പാളിൽ നടന്നുകൊണ്ടിരിക്കുന്ന ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രബി ലക്ഷ്മി ചിത്രകാർക്ക് ജീവൻ നഷ്ടമായി. ദല്ലുവിലെ ഇവരുടെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചിത്രകാറിനെ കീർത്തിപൂർ ബേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള നിരോധനം നീക്കിയതായി പ്രഖ്യാപിച്ചിട്ടും, ജെൻ സി തലമുറയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങൾ രണ്ടാം ദിവസവും നേപ്പാളിൽ തുടർന്നു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസം രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 22 ആയി ഉയർന്നു. 300-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ സ്ഥാനഭ്രഷ്ടനാക്കണമെന്നും സർക്കാർ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭകർ സമരം തുടങ്ങിയത്. ശക്തമായ സമരത്തിരയിൽ പിടിച്ചുനിൽക്കാനാകാതെ ശർമ ഒലി രാജിവെച്ചുവെങ്കിലും പ്രക്ഷോഭകർ അടങ്ങിയിട്ടില്ല.
കാഠ്മണ്ഡുവിലെ കേന്ദ്ര ഭരണ സമുച്ചയമായ സിംഗ് ദർബാർ, പ്രസിഡൻഷ്യൽ വസതിയായ ഷീതൽ നിവാസ് എന്നിവയുൾപ്പെടെ നേപ്പാളിലെ പ്രധാന സർക്കാർ, രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടായി. പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ, കെ.പി.ശർമ്മ ഒലി, മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹൽ ‘പ്രചണ്ഡ’, ഷേർ ബഹദൂർ ദേവബ എന്നിവരുടെ വസതികളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
ദേവബയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തെയും ഭാര്യയും വിദേശകാര്യ മന്ത്രിയുമായ ആർജു റാണ ദേവബയെയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. രൂക്ഷമായ പ്രക്ഷോഭങ്ങൾക്കിടയിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളും ലക്ഷ്യമിട്ടിട്ടുണ്ട്.