Uae
ജി സി സി സിവിൽ ഏവിയേഷൻ അതോറിറ്റി ആസ്ഥാനം യു എ ഇയിൽ
റെയിൽവേ പദ്ധതിക്കും പച്ചക്കൊടി
ദുബൈ|ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങൾക്കായി പുതിയ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കും. ഇതിന്റെ ആസ്ഥാനം യു എ ഇയിൽ ആയിരിക്കും. ഡിസംബർ മൂന്നിന് ബഹ്റൈനിൽ നടന്ന 46-ാമത് ജി സി സി ഉച്ചകോടിയിലാണ് അതോറിറ്റി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്. ജി സി സി റെയിൽവേ പദ്ധതിക്ക് വേണ്ടിയുള്ള പൊതു ഉടമ്പടിയും ഉച്ചകോടിയിൽ അംഗീകരിച്ചു.
സഊദി അറേബ്യ, യു എ ഇ, ഒമാൻ, ഖത്വർ, കുവൈത്ത്, ബഹ്റൈൻ എന്നീ ആറ് അംഗരാജ്യങ്ങളെയും 2026ഓടെ റെയിൽ വഴി ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് രാജ്യങ്ങൾ തമ്മിലുള്ള യാത്രാ സമയം കുറക്കുകയും ജി സി സി രാജ്യങ്ങൾക്കുള്ളിലെ യാത്രയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കൂടാതെ ജി സി സി പൗരന്മാർക്ക് പ്രവേശന നടപടിക്രമങ്ങൾ ആവർത്തിക്കാതെ അംഗരാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ അവസരം നൽകുന്ന “വൺ-സ്റ്റോപ്പ്’ യാത്രാ സംവിധാനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഈ മാസം യു എ ഇയും ബഹ്റൈനും തമ്മിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഇതിന് തുടക്കമിട്ടിട്ടുണ്ട്. അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും സംയോജനവും വർധിപ്പിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ നീക്കങ്ങൾ.


