National
ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടേക്കും; ജീവനക്കാരെ തടഞ്ഞുവെച്ച് യാത്രക്കാരുടെ പ്രതിഷേധം
ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം അറിയിച്ചത്
ന്യൂഡല്‍ഹി | ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടേക്കും. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.
ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറക്കുമെന്നും സാധാരണനിലയിലെത്താന്‍ രണ്ടുമാസത്തോളമാകുമെന്നുമാണ് എയര്‍ലൈന്‍സ് കമ്പനി യാത്രക്കാരെ അറിയിച്ചിരിക്കുന്നത്
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി രാജ്യവ്യാപകമായി തടസ്സപ്പെട്ടത്. മുന്നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും ഉള്‍പ്പെടുന്നു.
ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കുകയോ, മണിക്കൂറുകള്‍ വൈകുകയോ ചെയ്തത്. ഇതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടിലായി. ഇന്‍ഡിഗോയുടെ ഈ പ്രവര്‍ത്തന തടസ്സങ്ങളില്‍ വ്യോമയാന മന്ത്രാലയം ഇടപെടുകയും, സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡി ജി സി എ) ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.കൂടാതെ, യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍, ക്രൂ വിന്യാസം, വിമാനങ്ങള്‍ വൈകുമ്പോഴുള്ള ഓണ്‍-ഗ്രൗണ്ട് ഏകോപനം എന്നിവ വിലയിരുത്തുന്നതിനായി പ്രധാന വിമാനത്താവളങ്ങളില്‍ തത്സമയ ഫീല്‍ഡ് പരിശോധനകള്‍ നടത്താനും ഡി ജി സി എ. പ്രാദേശിക ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. ഏറ്റവും കൂടുതല്‍ യാത്രക്കാരെ ബാധിച്ച ഡല്‍ഹി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1-ല്‍ ഡി ജി സി എ. സംഘം നേരിട്ട് നടത്തിയ പരിശോധനയില്‍, തടസ്സം മൂലം ആളുകള്‍ കൂടുന്നത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ യാത്രാ സഹായ ജീവനക്കാര്‍ വിമാനത്താവളത്തില്‍ ഇല്ലെന്ന് കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്, ബാധിക്കപ്പെട്ട എല്ലാ ടെര്‍മിനലുകളിലും ഉടന്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, യാത്രക്കാര്‍ക്കുള്ള പിന്തുണ സേവനങ്ങള്‍ ശക്തിപ്പെടുത്താനും ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ മാസവും 1,232 സര്‍വീസുകളാണ് ജീവനക്കാരുടെ കുറവടക്കമുള്ള കാരണങ്ങളാല്‍ ഇന്‍ഡിഗോ റദ്ദാക്കിയിരുന്നത്. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഓഹരി 3.40 ശതമാനം ഇടിഞ്ഞു. ചെക് ഇന്‍ സംവിധാനത്തിലെ തകരാര്‍, കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ചില സര്‍വീസുകളും റദ്ദാക്കപ്പെട്ടിരുന്നു.


