Connect with us

Articles

റാവു മുതല്‍ മോദി വരെ

ഗസ്സ മുനമ്പില്‍ അമേരിക്കയുടെ സഹായത്തോടെ വര്‍ഷിക്കുന്ന തീമഴയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ വെന്തുരുകുമ്പോള്‍ അരുതെന്ന് പറയാന്‍ കെല്‍പ്പ് നഷ്ടപ്പെട്ട ഗാന്ധിജിയുടെ നാട്, ഫലസ്തീനികളുടെ വംശഹത്യ എന്ന കൊടും ക്രൂരതക്ക് കൂട്ടുനില്‍ക്കേണ്ടിവരുമ്പോള്‍ വരുംതലമുറയോട് എന്ത് ന്യായീകരണമാണ് പറയുക. 1992ല്‍ റാവു തുടക്കം കുറിച്ച ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം 2018ല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തോടെ പൂര്‍ണതയിലെത്തുകയായിരുന്നു.

Published

|

Last Updated

കാസിം ഇരിക്കൂര്‍
kasmiirikkur@gmail.com
ഒന്നാം ലോക മഹായുദ്ധത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്കിടയില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വ-കൊളോണിയല്‍ ശക്തികള്‍ കൊടും വഞ്ചനയിലൂടെ ചുട്ടെടുത്ത “ബാള്‍ഫര്‍ പ്രഖ്യാപനവും’ “ബ്രിട്ടീഷ് മാന്‍ഡേറ്റ്’ എന്ന ശുദ്ധ അസംബന്ധവുമാണ് ഇസ്‌റാഈല്‍ എന്ന രാഷ്ട്രത്തിന്റെ പിറവിയില്‍ കലാശിച്ചത്. 20ാം നൂറ്റാണ്ടിന്റെ ആദ്യപാദം തൊട്ട് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം പിറന്ന മണ്ണിന്മേലുള്ള ഫലസ്തീനികളുടെ അവകാശത്തിനായി നിലകൊള്ളുന്നുണ്ടായിരുന്നു. തിയോഡര്‍ ഹെര്‍സല്‍ വിഭാവന ചെയ്ത സയണിസ്റ്റ് അജന്‍ഡയുടെ മറവില്‍ അഷ്ടദിക്കുകളില്‍ നിന്നുമുള്ള ജൂതസമൂഹം ഫലസ്തീനിലേക്ക് ഒഴുകാന്‍ തുടങ്ങിയത് മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പം ഫലസ്തീനികളുടെ സ്വാതന്ത്ര്യവും രാഷ്ട്രശില്‍പ്പികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. എല്ലാതരം കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് എതിരെയും പോരാടാന്‍ അധിനിവിഷ്ട ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന യു എന്‍ പ്രമേയത്തിനു പിന്നിലെ ചാലകശക്തിയായി ഇന്ത്യ നിലകൊണ്ടു. ഇന്ത്യയുടെയും ഫലസ്തീന്റെയും പതാകകള്‍ കൂട്ടിക്കെട്ടി “ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റല്‍ സ്റ്റാമ്പ് നാം പുറത്തിറക്കിയത് സയണിസ്റ്റ് രാജ്യത്തോടുള്ള അടങ്ങാത്ത രോഷം പ്രകടിപ്പിക്കാനായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ ഇസ്‌റാഈലിന് അംഗത്വം നല്‍കരുതെന്ന് ഇന്ത്യ ശക്തമായി വാദിച്ചത് തത്ത്വാധിഷ്ഠിതമായ ഒരു നിലപാടുതറയില്‍ ഉറച്ചുനിന്നുകൊണ്ടായിരുന്നു. ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ (പി എല്‍ ഒ) ഓഫീസ് ആദ്യമായി തുറന്ന മഹാനഗരങ്ങളിലൊന്ന് ഡല്‍ഹിയാണ്. പി എല്‍ ഒ നേതാവ് യാസര്‍ അറഫാത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു ഗാന്ധിജിയുടെ നാട്. അങ്ങനെയാണ് അന്താരാഷ്ട്ര ധാരണക്കുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം നല്‍കി അറഫാത്തിനെ നാം ആദരിക്കുന്നത്. എന്നാല്‍, തെല്‍അവീവിന്റെ മുന്നില്‍ 1992ല്‍ പി വി നരസിംഹ റാവു നയതന്ത്ര കവാടങ്ങള്‍ മലര്‍ക്കെ തുറന്നുവെച്ചതോടെ, നല്ലൊരു ഭൂതകാലത്തെ മാത്രമല്ല, വര്‍ത്തമാനകാല ചിന്താഗതിയെ പോലും ആ നടപടി പാപപങ്കിലമാക്കി.
പിതൃ ഭൂമിയെയും പുണ്യ ഭൂമിയെയും അടിസ്ഥാനമാക്കി പുതിയൊരു വിഭാഗീയ ദേശീയ സിദ്ധാന്തം കരുപ്പിടിപ്പിച്ച വി ഡി സവര്‍ക്കറുടെ ചിന്തയില്‍ ഇന്ത്യയും ഇസ്‌റാഈലും ആര്യരക്ത വിശുദ്ധിയില്‍ കെട്ടിപ്പടുക്കണമെന്ന മോഹമാണ് തുടിച്ചുനിന്നത്. അമേരിക്കയിലോ ആഫ്രിക്കന്‍ വന്‍കരയിലെവിടെയോ അല്ലാതെ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഫലസ്തീനില്‍ തന്നെയാകണം ജൂതരുടെ ഭാവിരാഷ്ട്രം എന്ന ആശയത്തെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെയാണ് 1948ല്‍ ഇസ്‌റാഈല്‍ എന്ന പേരില്‍ ഒരു രാജ്യം പിറവികൊണ്ട അതേ നിമിഷം ഇന്ത്യ ഫലസ്തീനിനെ അംഗീകരിക്കുന്നതും സര്‍വ പിന്തുണയും പ്രഖ്യാപിക്കുന്നതും. ഇസ്‌റാഈലുമായി ഒരു തരത്തിലും സൗഹൃദമോ നയതന്ത്രബന്ധമോ പാടില്ലെന്ന തത്ത്വാധിഷ്ഠിതമായ നിലപാടാണ് അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മുറുകെ പിടിച്ചത്. പി എല്‍ ഒയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ഫലസ്തീന്‍ രാജ്യം 1988ല്‍ പ്രഖ്യാപിച്ചപ്പോള്‍ അതംഗീകരിക്കാന്‍ മുന്നോട്ടുവന്ന ആദ്യത്തെ അറബിയിതര രാജ്യവും നമ്മുടേതായിരുന്നു.
സംഘ്പരിവാര്‍ കൊതിച്ച
നയതന്ത്ര ഗതിമാറ്റം
ആര്‍ എസ് എസുകാര്‍ തുടക്കം മുതല്‍ക്കേ ഇസ്‌റാഈല്‍ ഭക്തരും ഫലസ്തീന്‍ വിരുദ്ധരുമായിരുന്നു. ഇസ്‌റാഈലിന് അമേരിക്കയും മറ്റു വന്‍ശക്തികളും കാലാകാലമായി നല്‍കിപ്പോന്ന സാമ്പത്തികവും ആയുധപരവുമായ സഹായങ്ങളെ ന്യായീകരിക്കാനും ഫലസ്തീനികള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകളും ദുരിതങ്ങളും അവര്‍ അര്‍ഹിക്കുന്നതാണെന്ന് പച്ചക്ക് പ്രചരിപ്പിക്കാനും ആവേശം കാട്ടുന്നുണ്ടായിരുന്നു സംഘ്പരിവാര്‍. ഇന്ത്യയുടെ ഇസ്‌റാഈലുമായുള്ള ബന്ധം മറ്റൊരു വഴിക്ക് ഗതിമാറി ഒഴുകേണ്ടതുണ്ടെന്ന് ആര്‍ എസ് എസ് പ്രചാരകന്മാര്‍ വാദിച്ചു. ഇസ്‌റാഈല്‍ നിലവില്‍ വന്നത് മുതല്‍ ഇത്തരമൊരു ആവശ്യവുമായി ഗോള്‍വാള്‍ക്കര്‍ രാഷ്ട്രീയ നേതാക്കളെ രഹസ്യമായി സമീപിക്കുന്നുണ്ടായിരുന്നു. പക്ഷേ, അത്തരമൊരു സാഹസത്തിന് പി വി നരസിംഹ റാവു അധികാരത്തില്‍ വരുന്നത് വരെ ആരും ധൈര്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ്സിന്മേല്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെട്ട 1990 കാലഘട്ടത്തിലാണ് നാല് പതിറ്റാണ്ടിന്റെ നയതന്ത്ര ആദര്‍ശപരത കാറ്റില്‍ പറത്തി റാവു സര്‍ക്കാര്‍ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. രാജീവ് ഗാന്ധിയുടെ സ്ഥാനാരോഹണത്തോടെ കോണ്‍ഗ്രസ്സിന്മേല്‍ സംഘ്പരിവാരം ചെലുത്തിയ ദുഃസ്വാധീനം റാവുവിന്റെ കാലമായപ്പോഴേക്കും പാരമ്യതയിലെത്തി. പി വി നരസിംഹ റാവുവാണ് ആര്‍ എസ് എസിന്റെ പ്രഥമ പ്രധാനമന്ത്രി എന്ന് കോണ്‍ഗ്രസ്സ് നേതാവായ മണിശങ്കര്‍ അയ്യര്‍ക്ക് നിസ്സങ്കോചം പറയാന്‍ സാധിക്കുന്നത് ആ കാലഘട്ടത്തിന്റെ ചിന്താവൈകൃതം അടുത്ത് മനസ്സിലാക്കിയത് കൊണ്ടാണ്. അന്നത്തെ ആര്‍ എസ് എസ് അമരക്കാരന്‍ ബാലേസാഹെബ് ദേവരസ് പ്രധാനമന്ത്രി റാവുവുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്നുവത്രെ.
1992 വരെ ആര്‍ എസ് എസ് നേതാക്കള്‍ക്ക് പുറമെ, രഹസ്യാന്വേഷണ വിഭാഗത്തിന് മാത്രമേ തെല്‍അവീവുമായി ബന്ധമുണ്ടായിരുന്നുള്ളൂ. മുംബൈ, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ തീരദേശ പട്ടണങ്ങളിലെ ജൂത സമൂഹവുമായി ദേവരസ് നിരന്തരം ബന്ധം സ്ഥാപിച്ചു. ന്യൂഡല്‍ഹി-തെല്‍അവീവ്- വാഷിംഗ്ടണ്‍ അച്ചുതണ്ടായിരുന്നു അന്തിമ ലക്ഷ്യം. ആ ലക്ഷ്യവുമായി നരസിംഹ റാവുമായും മറ്റു അധികാര കേന്ദ്രങ്ങളുമായും സദാ ഇടപെടാന്‍ തുടങ്ങി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന എല്‍ കെ അദ്വാനിയോടൊപ്പം റാവുവിനെ നേരില്‍ കണ്ട് ഇസ്‌റാഈലുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കേണ്ടതിന്റെ ആവശ്യകത ആര്‍ എസ് എസ് തലവന്‍ ഊന്നിപ്പറഞ്ഞു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (RAW) പ്രഥമ ചെയര്‍മാനായിരുന്ന ആര്‍ എന്‍ റാവു ഇസ്‌റാഈല്‍ ചാരഏജന്‍സിയായ മൊസ്സാദുമായി അടുത്തിടപഴകുന്നതില്‍ അതീവ ഉത്സുകനായിരുന്നു. പാകിസ്താന്‍, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനിക നീക്കങ്ങള്‍ ചെറുക്കുന്നതില്‍ പ്രയോജനപ്പെടുമെന്ന അവകാശവാദത്തോടെയാണ് മൊസ്സാദിന്റെ സഹായ സഹകരണങ്ങള്‍ തേടിയത്. ഹിബ്രു ഭാഷക്ക് സയണിസ്റ്റ് ഭരണകൂടം നല്‍കുന്ന പ്രാമുഖ്യം ആര്‍ എസ് എസ് തലവനെ ആവേശം കൊള്ളിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഹിബ്രു പോലെ പൗരാണിക ഭാഷയായ സംസ്‌കൃതത്തിന്റെ പുനരുദ്ധാരണത്തിനും പ്രചാരണത്തിനും സി കെ ശാസ്ത്രിയുടെ നേതൃത്വത്തില്‍ ചില സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
1992ന് ശേഷം
ഇസ്‌റാഈല്‍ ബന്ധത്തോട് കോണ്‍ഗ്രസ്സുകാരില്‍ ചിലര്‍ ഇന്ന് കാണിക്കുന്ന അനുകൂല നിലപാട് 1992ന് ശേഷം റാവുവിന്റെ കാലത്ത് മ്യൂട്ടേഷന്‍ സംഭവിച്ച, നയവൈകല്യത്തിന്റെ പരിണതിയാണ്. ഫലസ്തീനികളോടുള്ള പാര്‍ട്ടിയുടെ തത്ത്വാധിഷ്ഠിതവും മനുഷ്യാവകാശത്തിലധിഷ്ഠിതവുമായ നയസമീപനത്തെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ കൈവിട്ടുകഴിഞ്ഞു. ശശി തരൂരിന്റെ കണ്ണില്‍ ഹമാസ് ഭീകരവാദികളാകുന്നതിന്റെ പശ്ചാത്തലം മറ്റൊന്നല്ല. ഇസ്‌ലാമോഫോബിയയാണ് ഈ വിഷയത്തില്‍ സംഘ്പരിവാറിനെ നയിക്കുന്നതെന്ന നഗ്നസത്യം കാണാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് സാധിക്കുന്നില്ല. നെഹ്റൂവിയന്‍ നൈതിക മൂല്യങ്ങളെയും രാഷ്ട്രീയ വീക്ഷണഗതിയെയും അടിപടലം മാറ്റിമറിച്ച് നവഉദാരീകരണ സമ്പദ് വ്യവസ്ഥയുമായി മുന്നോട്ടുപോകുമ്പോള്‍ കാഴ്ചവെക്കേണ്ടിവരുന്ന രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റുകള്‍ക്ക് റാവു തുടക്കമിട്ടതാണ് ഇനി ഏതറ്റം വരെയും പോകാം എന്ന സ്ഥിതിവിശേഷം സംജാതമാക്കിയത്. 92ല്‍ യാസര്‍ അറഫാത്തിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് റാവു സര്‍ക്കാര്‍ ന്യായീകരണം നിരത്തിയത് വന്‍ ശക്തികളില്‍ നിന്നുള്ള ഉദാരമായ സഹായവും ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്നുള്ള മയമുള്ള നിലപാടുമാണത്രെ. അധികമൊന്നും എതിര്‍പ്പില്ലാതെ ഇന്ത്യ-ഇസ്‌റാഈല്‍ ബന്ധം സ്ഥാപിതമായപ്പോള്‍, സയണിസ്റ്റ് ഭരണകൂടം ആര്‍ എസ് എസ് തലവനെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ പോലും അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തി. പക്ഷേ, ആദരവ് ഏറ്റുവാങ്ങുന്നതിന് മുമ്പ് ദേവരസ് കാലയവനികക്കുള്ളില്‍ മറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ മുന്‍കൈയാല്‍ മാറ്റിമറിക്കപ്പെട്ട ഇന്ത്യ-ഇസ്‌റാഈല്‍ ബാന്ധവം ഇന്ന് ആഗോള സമൂഹത്തിനു മുന്നില്‍ ഗാന്ധിജിയുടെ നാടിന്റെ ധാര്‍മിക നിലവാരവും അന്തസ്സും ഇടിച്ചുതാഴ്ത്തുകയാണ്. 20 കോടി മുസ്‌ലിംകള്‍ മാത്രമല്ല ഫലസ്തീന്‍ പക്ഷത്ത് അണിനിരന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ, സയണിസ്റ്റ് രാജ്യം അരങ്ങുതകര്‍ക്കുന്ന സകല നിഷ്ഠൂരതകള്‍ക്കും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യ പിന്തുണ ചാര്‍ത്തിക്കൊടുക്കുന്നത് എന്തുമാത്രം ലജ്ജാവഹമാണ്! ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ഖ്യാതി നേടിയെടുത്ത നരേന്ദ്ര മോദി, 2016ലാണ് ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരെയുള്ള യു എന്‍ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ആദ്യമായി മാറിനിന്നത്. സ്വാതന്ത്ര്യലബ്ധി തൊട്ട് അതുവരെ സയണിസ്റ്റ് അതിക്രമങ്ങളെ ഇന്ത്യ എന്നും എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഇന്ന് ഗസ്സ മുനമ്പില്‍ അമേരിക്കയുടെ സഹായത്തോടെ വര്‍ഷിക്കുന്ന തീമഴയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ വെന്തുരുകുമ്പോള്‍ അരുതെന്ന് പറയാന്‍ കെല്‍പ്പ് നഷ്ടപ്പെട്ട ഗാന്ധിജിയുടെ നാട്, ഫലസ്തീനികളുടെ വംശഹത്യ എന്ന കൊടും ക്രൂരതക്ക് കൂട്ടുനില്‍ക്കേണ്ടി വരുമ്പോള്‍ വരുംതലമുറയോട് എന്ത് ന്യായീകരണമാണ് പറയുക.
1992ല്‍ റാവു തുടക്കം കുറിച്ച ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം 2018ല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തോടെ പൂര്‍ണതയിലെത്തുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായോ പ്രത്യയശാസ്ത്രപരമായോ യാതൊരു പൊരുത്തവുമില്ല എന്നത് അവിതര്‍ക്കിതമാണ്. ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ അധീനതയിലുള്ള ഭൂപ്രദേശം സൈനിക കരുത്തുകൊണ്ട് പിടിച്ചെടുത്ത് സൃഷ്ടിച്ച ഇസ്‌റാഈലിന് ഇന്ത്യയുമായി ഒരിക്കലും പ്രത്യയശാസ്ത്ര ബന്ധുത്വം അവകാശപ്പെടാനാകില്ല. വാഗ്ദത്തഭൂമി എന്ന മിത്തില്‍ കടിച്ചുതൂങ്ങി ചരിത്രത്തെയും മൂല്യവിചാരങ്ങളെയും കുഴിച്ചുമൂടിയ ഒരു രാജ്യവുമായി സാംസ്‌കാരിക വൈവിധ്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും മാനവികതയെ ആദരിക്കുകയും ചെയ്യുന്ന ഇന്ത്യ പോലൊരു രാജ്യത്തിന് എങ്ങനെ മാനസിക ഐക്യത്തിലെത്താനാകും. ഇവിടെയാണ് വര്‍ഗീയ ഫാസിസത്തില്‍ വിശ്വസിക്കുന്ന ഹിന്ദുത്വയും സങ്കുചിത ദേശീയതയുടെ മേല്‍ പടുത്തുയര്‍ത്തിയ സയണിസവും തമ്മില്‍ പരിണയത്തിലേര്‍പ്പെടുന്നത്. ഈ അസംബന്ധ നാടകത്തിന് കാര്‍മികത്വം വഹിക്കാന്‍ ഭാഗ്യമുണ്ടായത് കോണ്‍ഗ്രസ്സിനാണ് എന്ന ചരിത്ര പരമാര്‍ഥത്തില്‍ നിന്നാണോ ഫലസ്തീനികളുടെ പക്ഷം ചേര്‍ന്നുനില്‍ക്കാതിരിക്കാന്‍ ഇന്നത്തെ ചില കോണ്‍ഗ്രസ്സുകാര്‍ക്ക് പരിശീലനം ലഭിക്കുന്നതെന്ന് സംശയിച്ചുപോകും.

Latest