International
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസും
ഫലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പാരീസ് | ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രാൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ നിർണായക തീരുമാനം ലോകത്തെ അറിയിച്ചത്.
ഇസ്രായേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക പരിഹാരം ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്ന് മാക്രോൺ പറഞ്ഞു. ഫലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മാക്രോൺ. ഇസ്രായേലും ഫലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രായേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും ഫ്രാൻസ് ആദ്യ ദിവസം മുതൽ ഇസ്രായേലിനെ പിന്തുണച്ചിട്ടുണ്ടെന്നും മാക്രോൺ പറഞ്ഞു.
അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച മറ്റ് രാജ്യങ്ങൾക്കും ഫ്രഞ്ച് പ്രസിഡന്റ് നന്ദി പറഞ്ഞു. സമാധാനത്തിനായി സ്വീകരിച്ച ഉത്തരവാദിത്തപരമായ തീരുമാനമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
ബ്രിട്ടൺ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഫ്രാൻസിൻ്റെയും ഈ നീക്കം. ഫ്രാൻസിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുമെന്നാണ് സൂചന.