Connect with us

Ongoing News

ഫോബ്സ് ആഗോള സമ്പന്ന പട്ടിക പുറത്ത്; എം എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, പട്ടികയില്‍ ഒമ്പത് മലയാളികള്‍

211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലൂയി വിറ്റന്‍ ആണ് 2,640 സമ്പന്നരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ഒന്നാമത്.

Published

|

Last Updated

അബൂദബി | ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങുമായി ഫോബ്സ് ആഗോള പട്ടിക പുറത്ത്. 211 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലൂയി വിറ്റന്‍ ആണ് 2,640 സമ്പന്നരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയില്‍ ഒന്നാമത്. സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡ്, ടെസ്ല, സ്പേസ് എക്‌സ് സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് (180 ബില്യണ്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (114 ബില്യണ്‍) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

169 ഇന്ത്യക്കാര്‍ ഇടം നേടിയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (83.4 ബില്യണ്‍), അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (47.2 ബില്യണ്‍), എച്ച് സി എല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (25.6 ബില്യണ്‍) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ലോകറാങ്കിങ് യഥാക്രമം ഒമ്പത്, 24, 55 എന്നിങ്ങനെയാണ്.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ആകെ ഒമ്പത് മലയാളികളാണുള്ളത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 5.3 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള അദ്ദേഹം ലോകറാങ്കിങ്ങില്‍ 497 ാം സ്ഥാനത്താണ്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (3.2 ബില്യണ്‍), ആര്‍ പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (3.2 ബില്യണ്‍), ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (3 ബില്യണ്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യണ്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരാണ് സമ്പന്ന മലയാളികളില്‍ മുന്‍നിരയില്‍. 2.2 ബില്യണ്‍ സമ്പത്തുള്ള ഡോ. ഷംഷീറാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. 2.1 ബില്യണ്‍ സമ്പത്തുമായി ബൈജു രവീന്ദ്രന്‍ രണ്ടാമതും.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ (1.8 ബില്യണ്‍), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (ഒരു ബില്യണ്‍) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവു വന്നെന്നാണ് ഫോബ്സ് വിലയിരുത്തല്‍. 254 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 150 സമ്പന്നര്‍ പട്ടികയില്‍ ആദ്യമായി ഇടം നേടി.

 

---- facebook comment plugin here -----

Latest