Connect with us

International

പാകിസ്താനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം, നിരവധിപേരെ കാണാതായി

രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി പ്രതികൂല കാലാവസ്ഥ

Published

|

Last Updated

പെഷവാർ | വടക്കൻ പാകിസ്താനിൽ മിന്നൽ പ്രളയം. മുന്നൂറിലേറെ പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്തരാഷ്ട്ര വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം നാശം വിതച്ചത്. നിരവധി പേരെ കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. പേമാരിയെത്തുടർന്ന് സമീപത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. മഴ ഈ മാസം 21 വരെ തുടരുമെന്നാണ് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ വിലങ്ങുതടിയാവുകയാണ്.

മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. ബജൗർ, ബുണർ, സ്വാത്, മനേഹ്ര, ഷാങ്ല, തോർഘർ, ബടാഗ്രാം എന്നീ ജില്ലകൾ വെള്ളപ്പൊക്കത്തിൻ്റെ ദുരിതത്തിലാണ്. 184 പേർ മരിച്ച ബുണറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഷാങ്‌ലയിൽ 36 മരണങ്ങളും മൻസെഹ്‌റയിൽ 23 മരണങ്ങളും, സ്വാതിൽ 22 മരണങ്ങളും, ബജൗറിൽ 21 മരണങ്ങളും ബട്ടാഗ്രാമിൽ 15 മരണങ്ങളും, ലോവർ ദിറിൽ അഞ്ച് മരണങ്ങളും റിപോർട്ട് ചെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും നിശ്ശേഷം തകർന്നു. വാഹനങ്ങളുൾപ്പെടെ ഒലിച്ചുപോയി.

കാലവർഷം ആരംഭിച്ച ജൂൺ അവസാനം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും വടക്കൻ പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്.

Latest