Connect with us

UP Election 2022

FIVE FIGHT | ജാട്ടുകൾ വീശുന്ന ചാട്ടവാർ

മുസ്‌ലിം വോട്ടുകൾ പോലെ പ്രധാന ചർച്ചയാണ് ജാട്ട് വോട്ടുകൾ.

Published

|

Last Updated

ഉത്തർ പ്രദേശിലെ ആദ്യ രണ്ട് ഘട്ടങ്ങളിലുള്ള വോട്ടെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ മുസ്‌ലിം വോട്ടുകൾ പോലെ പ്രധാന ചർച്ചയാണ് ജാട്ട് വോട്ടുകൾ. ജാട്ട് വോട്ടുകൾ തിരികെപ്പിടിക്കാൻ ശക്തമായ പ്രചാരണമാണ് ബി ജെ പി നടത്തുന്നത്. ആർ എൽ ഡി വഴി ജാട്ട് വോട്ടുകൾ മൊത്തമായി പെട്ടിയിലാകുമെന്നാണ് എസ് പി സഖ്യം പ്രതീക്ഷിക്കുന്നത്.

ഹരിയാന, ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയ മേഖലകളിലുള്ള കർഷക വിഭാഗമാണ് ജാട്ടുകൾ. ഇവർക്കിടിയിൽ ധാരളം ഉപജാതികളുണ്ട്. ഈ ഉപജാതികളാണ് ജാട്ടുകളുടെ പേരിന് കൂടെ ഉപയോഗിക്കുന്നത്. ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ജാട്ടുകളെ ഒ ബി സി പട്ടികിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1891ലെ സെൻസസ് പ്രകാരം 1,791 വ്യത്യസ്ത ജാട്ടുകൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഹിന്ദി ഹൃദയ ഭൂമിയിലാകെ നിരവധി മണ്ഡലങ്ങളിൽ ജനഹിതം തീരുമാനിക്കാനുള്ള ശേഷി ജാട്ടുകൾക്കുണ്ട്. ഉത്തർ പ്രദേശിൽ ഇത് കുറച്ചുകൂടി ശക്തമാണ്. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന പശ്ചിമ ഉത്തർ പ്രദേശിലാണ് ജാട്ടുകൾ തിങ്ങിത്താമസിക്കുന്നത്. ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളായ ബാഗ്പത്, മുസാഫർനഗർ, ശാംലി, മീററ്റ്, ബിജ്‌നോർ, ഗാസിയാബാദ്, ഹാംപൂർ, ബുലന്ദ്‌ശഹർ, മഥുര, അലിഗഢ്, ഹാഥ്‌റസ്, ആഗ്ര, മുറാദാബാദ്, രാംപൂർ, അംറോഹ, ശഹാരൻപൂർ, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിൽ ജാട്ടുകൾക്ക് വലിയ സ്വധീനമുണ്ട്. പശ്ചിമ മേഖലയിലെ മറ്റ് മണ്ഡലങ്ങളിലും ജാട്ടുകൾക്ക് ചെറുതല്ലാത്ത ശക്തിയുണ്ട്. പശ്ചിമ യു പിയിലെ നൽപ്പതോളം മണ്ഡലങ്ങളിൽ ജയിപ്പിക്കാനും തോൽപ്പിക്കാനുമുള്ള ശക്തി തങ്ങൾക്കുണ്ടെന്ന് സമുദായ നേതാക്കൾ അവകാശപ്പെടുന്നു.

മുസാഫർനഗർ ഉൾപ്പെടയെുള്ള സംഘർഷങ്ങളും മോദി തരംഗവും കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകൾ മൊത്തമായി ബി ജെ പി കൊണ്ടുപോയിരുന്നു. ഈ ബലത്തിൽ ഇവിടെ നിന്നുള്ള ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി ജെ പി വിജയം നേടുകയും ചെയ്തു. ഇപ്പോൾ ജയന്ത് ചൗധരിയുടെ ആർ എൽ ഡിയുമായി ചേർന്ന് അഖിലേഷ് യാദവ് രൂപവത്കരിച്ച സഖ്യം ജാട്ട് വോട്ടുകൾ നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഭയത്തിൽ നിന്നാണ് അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പ്രദേശത്ത് പ്രചാരണം ഊർജിതമാക്കാൻ ഇറങ്ങിയിരിക്കുന്നത്. ജാട്ട് സമുദായ നേതാക്കളുമായി അമിത് ഷാ കഴിഞ്ഞ ദിവസം നേരിട്ട് ചർച്ച നടത്തി. തിരഞ്ഞെടുപ്പിന് ശേഷം സമുദായത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന വാഗ്ദാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
അഖിലേഷ് മുസ്‌ലിംകൾക്കാണ് കൂടുതൽ സ്ഥാനാർഥികളെ നൽകിയിരിക്കുന്നതെന്ന പ്രചാരണവും ജാട്ടുകൾക്കിടിയിൽ ബി ജെ പി നടത്തുന്നുണ്ട്. നേരത്തേയുണ്ടായ ജാട്ട്- മുസ്‌ലിം സംഘർഷങ്ങൾ ഓർമപ്പെടുത്താനും ബി ജെ പി നേതാക്കൾ പ്രചാരണത്തിനിടെ സമയം കണ്ടെത്തുന്നു.

Latest