Education
അറിവനുഭവങ്ങളുടെ അഞ്ച് ദിനം;മഅദിന്‍ ഹറമൈന്‍ എക്സ്പോ സമാപിച്ചു
അഞ്ച് ദിവസങ്ങളിലായി നടന്ന എക്സപോയില്‍ ആയിരങ്ങള്‍ക്കാണ് മക്ക മദീന ചരിത്രങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെട്ടത്

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഹറമൈന്‍ എക്സ്പോക്ക് പ്രൗഢമായ സമാപനം.
അഞ്ച് ദിവസങ്ങളിലായി നടന്ന എക്സപോയില്‍ ആയിരങ്ങള്‍ക്കാണ് മക്ക മദീന ചരിത്രങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെട്ടത്.ഇസ്ലാമിക ചരിത്രങ്ങളിലേക്കും ഹജ്ജ്, ഉംറ കര്‍മങ്ങളിലേക്കും ഹൃദയം തുറക്കുന്ന തരത്തിലാണ് ഓരോ സ്റ്റാളും സജ്ജീകരിച്ചിരുന്നത്. മക്കയില്‍ നിന്ന് മദീനയിലേക്ക് നീളുന്ന 45 പ്രധാന ചരിത്ര കേന്ദ്രങ്ങളുടെ മിനിയേച്ചര്‍ മാതൃകകള്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. കഅ്ബയുടെ നിര്‍മാണ ഘട്ടങ്ങള്‍, ഇബ്‌റാഹീം നബിയുടെ മഖാം, സൗര്‍ ഗുഹ, നൂര്‍ പര്‍വതം എന്നിവയെല്ലാം സൂക്ഷ്മമായ വിശദാംശങ്ങളോടെ പുനരാവിഷ്‌കരിച്ചതും കാണികളെ ഏറെ അതിശയിപ്പിച്ചു.
പഴയകാലത്തെയും പുതിയ കാലത്തെയും ഹജ്ജ് കര്‍മങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. മഅ്ദിന്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത എക്‌സ്‌പോയിലെ ഓരോ മാതൃകയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ തന്നെ വിശദമായ വിശദീകരണം നല്‍കി. പഴമക്കാരുടെ ഹജ്ജ് യാത്രകള്‍, ചരിത്രപരമായ സംഭവങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നതിലൂടെ എക്സ്പോ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ അനുഭൂതിയാണ് സമ്മാനിച്ചത്.പ്രവാചക നഗരമായ മദീനയുടെ പുരാതന ചരിത്രം പറഞ്ഞുള്ള സ്റ്റാള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റി.
‘ദ അണ്‍ഡോള്‍ഡ് ഓഫ് മദീന’ എന്ന ശീര്‍ഷകത്തില്‍ എ ഡി 622 കാലഘട്ടത്തിലെ മദീനയെ ആണ് വിദ്യാര്‍ഥികള്‍ ആവിഷ്‌കരിച്ചത്. പ്രവാചകനും കൂട്ടുകാരന്‍ സിദ്ധീഖ് (റ) വും മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്റ വേളയില്‍ മദീനയിലേക്ക് പ്രവേശിച്ച സനിയ്യത്തുല്‍ വദാഇന്റെ പ്രതീകമെന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ ഹാളിലേക്കുള്ള കവാടം സജ്ജീകരിച്ചത്. മണലാരണ്യത്തില്‍ പടുത്തുയര്‍ത്തിയ ഇസ്ലാമിക മുന്നേറ്റത്തെ നൂറ്റാണ്ടുകള്‍ക്കിപ്പുറം മണ്ണിലൂടെ ആവിഷ്‌കരിച്ചത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രവാചകര്‍ വിശ്രമിച്ച ഈന്തപ്പന തോട്ടവും, പ്രവാചകന്റെ മയ്യിത്ത് കുളിപ്പിച്ച കിണറും കാണികള്‍ക്ക് അടുത്തറിയാനായി. ഹിജ്റ ഏഴാം വര്‍ഷത്തെ മുളകൊണ്ടു നിര്‍മ്മിച്ച മസ്ജിദ്നബവിയുടെയും അതിനോട് ചേര്‍ന്നുള്ള പ്രവാചക പത്നിമാരുടെ വീടുകളുടെയും പരിണാമ ചിത്രങ്ങളുള്‍പ്പെടെ ആവിഷ്‌കരിച്ചത് പഠനാര്‍ഥികള്‍ക്കുള്ള ഒരു ഗൈഡായി മാറി.
സൗദി ഭരണകൂടത്തിന്റെ 2030 ലോക ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പ് 12 അടി താഴ്ച്ചയില്‍ കണ്ടെത്തിയ ഇത്ബാനു ബ്നു മാലിക്(റ)വിന്റെ വീട് വിശ്വാസികളില്‍ ആനന്ദം കൊള്ളിച്ചു. 1500 വര്‍ഷം മുമ്പുള്ള വീടിന്റെ മാതൃകയോടൊപ്പം വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ശേഖരിച്ച കിതാബുകളുടെ അവലംബം ചേര്‍ത്ത് എഴുതിയത് ഗവേഷകര്‍ക്കുള്ള പഠനസഹായി കൂടിയായിരുന്നു. മദീനയുടെ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള പുരാതന ചരിത്രമാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്
ഹറമൈന്‍ എക്സ്പോ അവാര്‍ഡ് മഅദിന്‍ സാദാത്ത് അക്കാദമിക്ക്
മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ഹറമൈന്‍ എക്സ്പോയില്‍ ഏറ്റവും മികച്ച സ്റ്റാള്‍ ഒരുക്കിയ മഅദിന്‍ സാദാത്ത് അക്കാദമിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. കഅ്ബയുടെ വിവിധ നിര്‍മാണ ചരിത്രങ്ങളും കഅബയുടെ ആദ്യകാല രൂപം മുതല്‍ ഇന്ന് നാം കാണുന്ന കഅബയുടെ യഥാര്‍ത്ഥ രൂപം വരെയുള്ളവ അതിമനോഹരമായാണ് മഅദിന്‍ സാദാത്ത് അക്കാദമി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.
രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കോളേജ് ഓഫ് ഇന്റഗ്രേറ്റ്ഡ് സ്റ്റഡീസ് എജ്യൂപാര്‍ക്ക്, മഅദിന്‍ മോഡല്‍ അക്കാദമി എന്നിവര്‍ കരസ്ഥമാക്കി. കോളേജ് ഓഫ് ഇസ് ലാമിക് ദഅ്വ പെരുമ്പറമ്പ്, സ്‌കൂള്‍ ഓഫ് എക്സലന്‍സ്, മഅദിന്‍ അറബിക് വില്ലേജ് എന്നീ സ്ഥാപനങ്ങള്‍ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി.ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവര്‍ക്ക് 25,000,15,000,10,000 രൂപ വീതം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മാനിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ദുല്‍ഫുഖാര്‍ അലി സഖാഫി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ നുഐമാന്‍, ജവാദ് മുസ്ഥഫവി, ഹാമിദ് അബൂബക്കര്‍ സഖാഫി കാന്തപുരം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സ്വാലിഹ് ഫൈസാനി, ശാഫി ഫാളിലി എന്നിവര്‍ സംബന്ധിച്ചു.