Uae
യു എ ഇയിൽ സ്വദേശിവത്കരണ നിയമം കൈവരിക്കാത്ത സ്വകാര്യ കമ്പനികൾക്ക് അർധ വർഷത്തിൽ തന്നെ പിഴ
കമ്പനികൾക്കുള്ള പിഴ വർഷാവസാനത്തിലല്ല, അർധവർഷം തന്നെ ചുമത്തും

അബുദബി | ജൂലൈ ഒന്നിന് മുമ്പ് പുതിയ സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ കമ്പനികൾക്കുള്ള പിഴ വർഷാവസാനത്തിലല്ല, അർധവർഷം തന്നെ ചുമത്തും. ഓരോ ആറ് മാസത്തിലും സ്വകാര്യ കമ്പനികൾ തങ്ങളുടെ സ്വദേശി ജീവനക്കാരുടെ എണ്ണം ഒരു ശതമാനം വീതം വർധിപ്പിക്കണം.
ജൂലൈ ഒന്നിന് മുമ്പ് ഈ വളർച്ച കൈവരിക്കാത്ത സ്ഥാപനങ്ങൾ നിയമനം ലഭിക്കാത്ത ഓരോ യു എ ഇ പൗരനും 7,000 ദിർഹം പിഴ നൽകണം. പിഴ ഈടാക്കുന്നത് പുതിയതല്ലെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്ദുർറഹ്മാൻ അൽ അവാർ പറഞ്ഞു. എമിറേറ്റൈസേഷൻ സ്കീം നടപ്പാക്കുന്ന പ്രക്രിയയാണ് പരിഷ്കരിച്ചത്. നൈപുണ്യമുള്ള ജോലികളിൽ സ്വദേശികളുടെ എണ്ണം ഓരോ ആറ് മാസത്തിലും ഒരു ശതമാനം വീതം വർധിപ്പിക്കേണ്ടതുണ്ട്.
അതേസമയം വർഷാവസാനത്തോടെ മൊത്തത്തിലുള്ള രണ്ട് ശതമാനം ലക്ഷ്യം കൈവരിക്കണം. ഈ വർഷം പകുതിയോടെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നേടിയ കമ്പനികളെ പരിശോധിക്കും. വർഷം മുഴുവനും പരിശോധനയുണ്ടാകും. 2022-ൽ 400 ദശലക്ഷം ദിർഹം പിഴ ചുമത്തി. 2021 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.