International
സാമ്പത്തിക ക്രമക്കേട്: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം
കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി ഐ ഡി) വിക്രമസിംഗെയെ അറസ്റ്റ് ചെയ്തിരുന്നത്.
കൊളംബോ ഫോര്‍ട്ട് മജിസ്ട്രേറ്റ് നിലുപുലി ലങ്കാപുരയുടെ അധ്യക്ഷതയില്‍ സൂം വഴിയാണ് കേസില്‍ വാദം കേട്ടത്. കൊളംബോ നാഷണല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വിക്രമസിംഗെ അവിടെ നിന്നാണ് കോടതി നടപടിക്രമങ്ങളില്‍ പങ്കെടുത്തത്.
2023 സെപ്തംബറില്‍ പ്രസിഡന്റായിരിക്കെ ഹവാനയില്‍ ഏ77 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ റനില്‍ വിക്രമസിംഗെ ലണ്ടനില്‍ തങ്ങിയിരുന്നു. ആ സമയത്ത് അദ്ദേഹവും ഭാര്യ മൈത്രിയും വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഭാര്യയുടെ ചെലവ് സംസ്ഥാന ഫണ്ടില്‍ നിന്നെടുത്തു എന്നാണ് ആരോപണം. എന്നാല്‍, യാത്രയുടെ ചെലവുകള്‍ ഭാര്യ സ്വയം വഹിക്കുകയായിരുന്നുവെന്നും സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് വിക്രമസിംഗെയുടെ വാദം.
വിക്രമസിംഗെ സ്വകാര്യ യാത്രയ്ക്കായി സര്‍ക്കാര്‍ പണം ഉപയോഗിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൊതു പണം നല്‍കിയതായുമാണ് പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് പറയുന്നത്. ഈ കേസില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



