Kerala
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര് കനക്കുന്നു; ചാണ്ടി ഉമ്മനും രംഗത്ത്
ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ അനുകൂലികളായ 27 ഭാരവാഹികള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നതിനിടെ അവകാശവാദവുമായി ചാണ്ടി ഉമ്മനും രംഗത്ത്. അബിന്‍ വര്‍ക്കിയുടെയും കെ എം അഭിജിത്തിന്റെയും ബിനു ചുള്ളിയിലിന്റെയും പേരുകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പേരും ഉയരുന്നത്.
സമുദായ സമവാക്യത്തിന്റെ പേരില്‍ അബിന്‍ വര്‍ക്കിയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ രംഗ പ്രവേശം. ഒരാള്‍ക്കു രണ്ടു പദവി എന്ന തടസ്സവാദവും നേരിട്ടുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ കച്ചമുറുക്കുന്നത്. അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ അനുകൂലികള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ചാണ്ടി ഉമ്മന് ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ 27 ഭാരവാഹികളാണ് ഒപ്പിട്ടിരിക്കുന്നത്.
ചാണ്ടി ഉമ്മനുവേണ്ടി ഉമ്മന്‍ചാണ്ടി ബ്രിഗേഡാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നല്ലെങ്കില്‍ കെ എം അഭിജിത്തിനെ പിന്തുണക്കാനും ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ധാരണയില്‍ എത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ വിഷ്ണു സുനില്‍ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പകരക്കാരന്‍ ഈ മൂന്നു പേരില്‍ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി ബ്രിഗേഡ് മുന്നോട്ട് വച്ചിരിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് വേണ്ടിയാണ് ആദ്യഘട്ടം മുതലേ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍ നടത്തുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും താത്പര്യം അബിന്‍ വര്‍ക്കി അധ്യക്ഷ സ്ഥാനത്തെത്തണം എന്നതാണ്. മുന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയര്‍ത്തുന്നത്. എം കെ രാഘവന്‍ എം പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് കെ എം അഭിജിത്തിനെ പിന്തുണയ്ക്കുന്നത്. ഒടുവില്‍ ചാണ്ടി ഉമ്മന്റെ പേരും സജീവമായി ഉയര്‍ന്നുവന്നതോടെ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാവുമെന്നാണു കരുതുന്നത്.