Connect with us

National

അഞ്ചാം ഘട്ട വോട്ടെടുപ്പ്; എല്ലാ കണ്ണുകളും അമേത്തിയിലേക്കും റായ്ബറേലിയിലേക്കും

ഇന്ത്യ മുന്നണിയുടെ ഭാഗമായി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്

Published

|

Last Updated

ന്യൂ ഡല്‍ഹി | ഇന്ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ് റായ്ബറേലിയും അമേത്തിയും. ഗാന്ധികുടുംബത്തിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും സോണിയ ഗാന്ധി വിജയിച്ച മണ്ഡലമാണ് റായ്ബറേലി.

2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ആകെ വിജയിക്കാന്‍ കഴിഞ്ഞ മണ്ഡലവും റായ്ബറേലിയാണ്. സിറ്റിങ്ങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് റായ്ബറേലിയില്‍ ഇനി ആര് എന്ന ചര്‍ച്ചകള്‍ സജീവമായത്.

പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേത്തിയിലും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലേക്ക് മത്സരരംഗത്ത് ഇറക്കുകയായിരുന്നു. ദിനേഷ് പ്രതാപ് സിംഗാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി. ബിഎസ്പിയുടെ താക്കൂര്‍ പ്രസാദ് സിംഗും ഇവിടെ മത്സരിക്കുന്നുണ്ട്.

2019 ല്‍ ബിജെപിയുടെ സമൃതി ഇറാനിയോട് രാഹുല്‍ ഗാന്ധിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് അമേത്തി. അമേത്തിയില്‍ രണ്ടാമൂഴത്തിനിറങ്ങുന്ന സമൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കിഷോരി ലാല്‍ ശര്‍മയാണ് മത്സരിക്കുന്നത്. 2014 ലാണ് സമൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ ആദ്യമായി അമേത്തിയില്‍ നിന്നും മത്സരിക്കുന്നത്. 2014 പരാജയപ്പെട്ട സമൃതി ഇറാനി 2019 ല്‍ രാഹുല്‍ ഗാന്ധിയെ കീഴ്‌പെടുത്തി.

വലിയ തരത്തിലുള്ള പ്രചാരണ പരിപാടികളാണ് ഇന്ത്യ മുന്നണിയും കോണ്‍ഗ്രസും അമേത്തിയിലും റായ്ബറേലിയിലും നടത്തിയത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും മുഴുവന്‍ സമയ പ്രചാരണത്തിനെത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രമായ റായ്ബറേലിയിലും 2019 ല്‍ കൈവിട്ടു പോയ അമേത്തിയിലും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ലക്ഷ്യം. ഇന്ത്യ മുന്നണിയുടെ ഭാഗമായി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 

 

Latest