Editorial
വളങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കണം
കാര്‍ഷിക മേഖലയില്‍ തുടരുന്നവരെ ഈ രംഗത്ത് തന്നെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വളം മിതമായ വിലയില്‍ ലഭ്യമാക്കേണ്ടത് ഇക്കാര്യത്തില്‍ പരമപ്രധാനമാണ്. വെട്ടിക്കുറച്ച വളം സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.
രാസവളങ്ങള്‍ക്ക് വില വര്‍ധിച്ചതിനൊപ്പം വിപണിയില്‍ കടുത്ത ക്ഷാമവും നേരിട്ടതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടാഷ്, ഫാക്ടംഫോസ്, കൂട്ടുവളങ്ങള്‍ തുടങ്ങിയവക്കാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വന്‍തോതില്‍ വില ഉയര്‍ന്നത്. പൊട്ടാഷ് ചാക്കിന് 300 രൂപ കൂടി. 1,500 രൂപയായിരുന്നത് 1,800 രൂപയായി വര്‍ധിച്ചു. 1,450 രൂപക്ക് ലഭിച്ചിരുന്ന 10ഃ26ഃ26 കൂട്ടുവളത്തിന്റെ വില 1,450ല്‍ നിന്ന് 1850 ആയി ഉയര്‍ന്നു. ഫാക്ടംഫോസ് വില അടുത്തിടെ രണ്ട് തവണ ഉണ്ടായ വര്‍ധനവിലൂടെ 1,300ല്‍ നിന്ന് 1,425 ആയി. ഒരു ഹെക്ടര്‍ നെല്‍കൃഷിക്ക് മൂന്ന് തവണയായി ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നീ വളങ്ങള്‍ ചെയ്യാറുണ്ട് മിക്ക കര്‍ഷകരും. വില വര്‍ധനവ് മൂലം ഈയിനത്തില്‍ 2,000 കോടിയുടെ അധികബാധ്യത സൃഷ്ടിക്കും. കാപ്പി, റബ്ബര്‍, വാഴക്കൃഷി തുടങ്ങി എല്ലാ ഇനങ്ങളെയും ബാധിക്കും വിലവര്‍ധന.
കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ വളങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി ഘട്ടംഘട്ടമായി കുറച്ചു വരികയാണ് കേന്ദ്ര സര്‍ക്കാര്‍. ഓരോ വാര്‍ഷിക ബജറ്റിലും വളം സബ്‌സിഡിയിനത്തില്‍ നീക്കിവെക്കുന്ന തുകയില്‍ വന്‍വെട്ടിക്കുറവാണ് വരുത്തുന്നത്. 2023-24ലെ ബജറ്റില്‍ 2.51 ലക്ഷം കോടി രൂപ നീക്കിവെച്ച സ്ഥാനത്ത് 2024-25ല്‍ 1.88 ലക്ഷം കോടിയും 2025-26ല്‍ 1.67 ലക്ഷം കോടിയുമാണ് നീക്കിവെച്ചത്. വളങ്ങളുടെ പ്രധാന ഘടകമായ ഫോസ്‌ഫോറിക് ആസിഡിന്റെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം, റഷ്യ-യുക്രൈന്‍ യുദ്ധം, പശ്ചിമേഷ്യന്‍ സംഘര്‍ഷം, രാസവളങ്ങളുടെ കയറ്റുമതിയില്‍ ചൈന വരുത്തിയ വെട്ടിക്കുറവ് തുടങ്ങിയ കാരണത്താല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വളങ്ങളുടെ വില കുതിച്ചുയരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വിഹിതം വെട്ടിക്കുറച്ചത്.
കാലവര്‍ഷം വളപ്രയോഗത്തിന്റെ ഘട്ടമാണ് കര്‍ഷകര്‍ക്ക്. തെങ്ങ്, കമുക്, കാപ്പി, റബ്ബര്‍, നെല്ല് തുടങ്ങി മിക്ക വിളകള്‍ക്കും ജൈവ വളങ്ങള്‍ക്കൊപ്പം രാസവളവും പ്രയോഗിക്കുന്നു. എന്നാല്‍ മിക്ക രാസവളങ്ങള്‍ക്കും വിപണിയില്‍ കടുത്ത ക്ഷാമമാണ്. മോണോ അമോണിയം ഫോസ്‌ഫേറ്റ്, കാല്‍സ്യം നൈട്രേറ്റ് തുടങ്ങിയ മുന്തിയ ഇനം വളങ്ങളുടെ കയറ്റുമതി ചൈന നിര്‍ത്തിയതാണ് ക്ഷാമത്തിനു കാരണമെന്നാണ് റിപോര്‍ട്ട്. ഇത്തരം വളങ്ങള്‍ ജൂണ്‍-ഡിസംബര്‍ കാലയളവില്‍ 15-16 ലക്ഷം ടണ്‍ വരെ ഇറക്കുമതി ചെയ്യാറുണ്ട് ഇന്ത്യ. ആഭ്യന്തര ഉപയോഗത്തെ ബാധിക്കുമെന്നതിനാലാണ് ചൈന ഇവയുടെ കയറ്റുമതിയില്‍ കടുത്ത നിയന്ത്രണം വരുത്തിയതെന്നാണ് പറയപ്പെടുന്നത്. പകരം മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം ഫലംകണ്ടതുമില്ല.
ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ലാണ് കൃഷി. 1950-51ല്‍ മൊത്തം ദേശീയ വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് 51.9 ശതമാനമായിരുന്നു. 1991ല്‍ ഇത് 35 ശതമാനമായും 2022-23ല്‍ 15 ശതമാനമായും കുറഞ്ഞു. എങ്കിലും ഗ്രാമീണ മേഖലയുടെ മുഖ്യസാമ്പത്തിക സ്രോതസ്സ് ഇന്നും കൃഷിയാണ്. ഗ്രാമങ്ങളില്‍ പകുതിയോളം കുടുംബങ്ങളും ജീവിത സന്ധാരണത്തിന് കൃഷിയെയാണ് ആശ്രയിക്കുന്നത്. തൊഴില്‍ സൃഷ്ടിക്കുന്നതിലും കാര്‍ഷിക മേഖലയുടെ പങ്ക് അദ്വിതീയമാണ്. 1951ല്‍ രാജ്യത്തെ 70 ശതമാനം തൊഴിലാളികളും കൃഷി, അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു ജോലി ചെയ്തിരുന്നത്. 2000ത്തില്‍ 56.7 ശതമാനമായും 2011ല്‍ 48.9 ശതമാനമായും കുറഞ്ഞു. നിലവില്‍ അത് 43-44 ശതമാനത്തില്‍ എത്തിയിരിക്കുമെന്നാണ് മതിപ്പ് കണക്ക്.
പൗരന്മാരുടെ വിദ്യാഭ്യാസപരമായ ഉയര്‍ച്ച, സാങ്കേതിക മേഖലയിലെ വളര്‍ച്ച തുടങ്ങി കാര്‍ഷിക മേഖലയുടെ തളര്‍ച്ചക്ക് വിവിധ കാരണങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും കൃഷി ലാഭകരമല്ലാത്ത ഏര്‍പ്പാടായി മാറിയെന്നതാണ് ഇതിന് പ്രധാന കാരണം. ഭരണകൂട നയങ്ങളും കാര്‍ഷിക പരിസ്ഥിതിയും കര്‍ഷകര്‍ക്ക് ഒട്ടും അനുകൂലമല്ല. മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടുന്ന സാഹചര്യത്തിലേ ഏതൊരാളും കൃഷിയിറക്കാന്‍ സന്നദ്ധമാകുകയുള്ളൂ. പ്രകൃതി ദുരന്തം മൂലം കൃഷികള്‍ക്ക് നാശനഷ്ടം, വന്യജീവികള്‍ കൂട്ടത്തോടെ ഇറങ്ങി വന്ന് കൃഷി നശിപ്പിക്കുന്ന സാഹചര്യം, വളങ്ങളുടെ ക്ഷാമം തുടങ്ങിയ കാരണങ്ങളാല്‍ കൃഷികള്‍ പൊതുവെ വിജയകരമല്ല നിലവില്‍. കാര്‍ഷികമേഖല വിട്ട് മറ്റു മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം അടിക്കടി വര്‍ധിച്ചു വരികയാണ്. കര്‍ഷക ആത്മഹത്യകള്‍ വന്‍തോതില്‍ ഉയരുന്നതും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ഭാവിയും അത്ര ശുഭകരമല്ലെന്നാണ് റിപോര്‍ട്ട്. ക്രമരഹിതവും തീവ്രവുമായ മഴ, അന്തരീക്ഷ താപനിലയിലെ ഉയര്‍ച്ച, വര്‍ധിച്ചു വരുന്ന കീട ആക്രമണം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ മൂലം വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല 25 ശതമാനം വിളനഷ്ടം നേരിടേണ്ടി വരുമെന്നാണ് ചില പഠനങ്ങളെ അടിസ്ഥാനമാക്കി അഖിലേന്ത്യാ കര്‍ഷക സംഘടനാ ഫെഡറേഷന്‍ (എഫ് എ ഐ എഫ് ഐ) അടുത്തിടെ മുന്നറിയിപ്പ് നല്‍കിയത്. ഈയൊരു സാഹചര്യത്തില്‍ നിലവില്‍ കാര്‍ഷിക മേഖലയില്‍ തുടരുന്നവരെ ഇതര മേഖലകള്‍ തേടിപ്പോകാനുള്ള അവസരം നല്‍കാതെ കാര്‍ഷിക രംഗത്ത് തന്നെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വളം മിതമായ വിലയില്‍ ലഭ്യമാക്കേണ്ടത് ഇക്കാര്യത്തില്‍ പരമപ്രധാനമാണ്. വെട്ടിക്കുറച്ച വളം സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്.
വ്യവസായ ഭീമന്മാര്‍ക്ക് വന്‍ ഇളവുകളും ആനുകൂല്യങ്ങളുമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. നികുതിയിനത്തില്‍ വന്‍വെട്ടിക്കുറവ്, ബേങ്ക് കടങ്ങള്‍ എഴുതിത്തള്ളല്‍, ഉത്പാദനവുമായി ബന്ധപ്പെടുത്തി ഇന്‍സെന്റീവുകള്‍ നല്‍കല്‍, വ്യവസായത്തിനെന്ന പേരില്‍ തുച്ചവിലക്ക് സഹസ്രക്കണക്കിന് ഏക്കര്‍ പതിച്ചു നല്‍കല്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍. ഇത്തരമൊരു അനുകൂല മനസ്സ് എന്തുകൊണ്ടാണ് രാജ്യത്തെ കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാറിനുണ്ടാകാതെ പോകുന്നത്. കാര്‍ഷിക മേഖലയുടെ ഉത്തേജേനത്തിന് സഹായകമായ സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് ഏറെ സഹായകമായി തീരും. വളക്ഷാമം പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

