Uae
സ്‌കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകണം
സ്‌കൂളുകൾക്ക് നിർദേശവുമായി അഡെക്

അബൂദബി|പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് സ്‌കൂളുകൾ രജിസ്‌ട്രേഷൻ ഫീസ് പൂർണമായും തിരികെ നൽകണമെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ആവശ്യപ്പെട്ടു. 2025-26 അധ്യയന വർഷം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. സ്‌കൂൾ ഫീസുമായി ബന്ധപ്പെട്ട് സുതാര്യതയും ന്യായവും ഉറപ്പുവരുത്തുക എന്നതാണ് നയത്തിന്റെ ലക്ഷ്യം. എല്ലാ സ്‌കൂളുകളും വകുപ്പ് അംഗീകരിച്ച ഫീസ് ഘടന അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ഒരു സ്‌കൂളിന് കുട്ടിയെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിലോ അല്ലെങ്കിൽ അധ്യയന വർഷം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും രക്ഷിതാവ് രജിസ്‌ട്രേഷൻ പിൻവലിക്കാൻ രേഖാമൂലം അറിയിപ്പ് നൽകിയാലോ രജിസ്‌ട്രേഷൻ ഫീസ് മുഴുവൻ തിരികെ നൽകണം.
വിദ്യാർഥികൾ സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ യാത്രാ ഫീസ് തിരികെ നൽകണമെന്ന് അഡെക് നിർദേശിച്ചു. സ്‌കൂളുകൾ പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് നിക്ഷേപങ്ങളോ മുൻകൂർ പേയ്‌മെന്റുകളോ രജിസ്‌ട്രേഷൻ ഫീസോ ആവശ്യപ്പെടുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഫീസ് അടക്കുന്നതിന് പകരമായി സാമ്പത്തിക ഗ്യാരണ്ടി ആവശ്യപ്പെടാനും പാടില്ല. ന്യായവും സുതാര്യവുമാണെന്നും നൽകുന്ന വിദ്യാഭ്യാസ നിലവാരവുമായി പൊരുത്തപ്പെടുന്നതാണെന്നും ഉറപ്പാക്കുകയാണ് ഈ നിയമങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
---- facebook comment plugin here -----