Connect with us

National

ഖുർആൻ പകർത്തിയെഴുതി ഫാത്വിമ സജ്‌ല; പൂർത്തിയാക്കിയത് 2,416 മണിക്കൂർ കൊണ്ട്

പ്രകാശനം മർകസ് നോളജ് സിറ്റി മുദരിസ് യാസീൻ അബ്ദുൽ ഹകീം സഖാഫി അൽ അസ്ഹരി നിർവഹിച്ചു

Published

|

Last Updated

മംഗളൂരു | പുത്തൂർ സ്വദേശിനിയും കുംബ്‌റ മർകസുൽ ഹുദാ വുമൺസ് കോളജ് വിദ്യാർഥിനിയുമായ ഫാത്വിമ സജ്‌ല ഇസ്മാഈൽ പേന ഉപയോഗിച്ച് വിശുദ്ധ ഖുർആൻ പൂർണമായി എഴുതി ശ്രദ്ധേയയായി. ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം വനിതകളിൽ ഒരാളാണ് ബികോം ബിരുദദാരിയായ സജ്‌ല. ഖുർആനിലെ 30 ഭാഗങ്ങളും കാലിഗ്രാഫിയിൽ പകർത്തിയെഴുതാൻ സജ്‌ല  2,416 മണിക്കൂറുകളാണ് ചെലവഴിച്ചത്.

സജ്‌ലയുടെ മാതാപിതാക്കളായ ബി പി ഇസ്മാഈൽ ബൈതദ്കയും സുഹ്‌റ ജാസ്മിനും പൂർണ പിന്തുണ നൽകി. 2021 ജനുവരിയിൽ കൊവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ സമയത്താണ് എഴുത്ത് ആരംഭിച്ചത്. ശുദ്ധിയുള്ള പ്രത്യേക സ്ഥലത്ത് ഇരുന്നുകൊണ്ട് വേണം ഖുർആൻ എഴുതാൻ. മികച്ച അച്ചടക്കവും ആവശ്യമാണ്. ആദ്യഘട്ടത്തിൽ മഷി പരന്ന് ആദ്യത്തെ കുറച്ച് പേജുകൾ നശിച്ചുപോയിരുന്നു. തുടർന്ന് സജ്‌ല അത് വീണ്ടും എഴുതി. 2024 ഒക്ടോബർ 24ന് എഴുത്ത് പുനരാരംഭിച്ച ശേഷം കഴിഞ്ഞ മാസം രണ്ടിനാണ് പൂർത്തിയാക്കിയത്. 302 ദിവസങ്ങളാണ് ആകെ ഉപയോഗിച്ചത്.

ഓരോ പേജിനും നാല് മണിക്കൂറിനടുത്ത് സമയമെടുത്തു. 604 പേജുള്ള  കൈയെഴുത്തുപ്രതി വെള്ള, ഇളം നീല, ഇളം പച്ച നിറങ്ങളിലുള്ള പേപ്പറുകളിൽ കറുത്ത മഷിയിലാണ് എഴുതിയത്. 22 ഇഞ്ച് നീളവും 14 ഇഞ്ച് വീതിയും 5.5 ഇഞ്ച് ഉയരവുമുള്ള കൈയെഴുത്തുപ്രതിക്ക്  13.8 കിലോഗ്രാം ഭാരമുണ്ട്.

മർകസുൽ ഹുദയിൽ നടന്ന ചടങ്ങിൽ കൈയെഴുത്ത് പ്രതിയുടെ ഔദ്യോഗിക പ്രകാശനം നടന്നു. മർകസ് നോളജ് സിറ്റി മുദരിസ് യാസീൻ അബ്ദുൽ ഹകീം സഖാഫി അൽ അസ്ഹരിയാണ് പ്രകാശനം നിർവഹിച്ചത്. സജ്‌ലയുടെ ഈ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ചേർക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് കുടുംബം.