kanthapuram
ഗസ്സ നിവാസികളുടെ ക്ഷേമത്തിനായി മറ്റന്നാള്‍ നോമ്പ് അനുഷ്ഠിച്ച് പ്രാര്‍ഥന നടത്തുക: കാന്തപുരം
തിങ്കളാഴ്ച മഗ്രിബ് നിസ്‌കാരശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാര്‍ഥന നടത്തണമെന്നാണ് ആഹ്വാനം

കോഴിക്കോട് | ഇസ്‌റാഈല്‍ ക്രൂരതകള്‍ക്ക് ഇരകളായികൊണ്ടിരിക്കുന്ന ഗസ്സ നിവാസികളുടെ ക്ഷേമത്തിനും സമാധാനം പുലരുന്നതിനും വേണ്ടി മറ്റന്നാള്‍ തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. തിങ്കളാഴ്ച മഗ്രിബ് നിസ്‌കാരശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാര്‍ഥന നടത്തണമെന്നും കാന്തപുരം ഫേസ്ബുക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയതായുള്ള വാര്‍ത്ത കണ്ടു. ഗസ്സയില്‍ വംശഹത്യാ പദ്ധതി നടപ്പാക്കിയാണ് സയണിസ്റ്റ് സൈന്യം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. കണ്ണു കുഴിഞ്ഞ, വയറൊട്ടിയ, എല്ലുന്തിയ ഓരോ നിമിഷവും വിശപ്പിന്റെ മരണവേദനയില്‍ നിലവിളിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കണ്ണില്‍ നിന്നു മായുന്നില്ല. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കരാറുകളും ലംഘിച്ച് കഴിഞ്ഞ 22 മാസമായി ഇസ്‌റാഈല്‍ ഗസ്സയില്‍ തുടരുന്ന നരഹത്യയും ഉപരോധവും മൂലം ഇതുവരെ 65,000 ത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പട്ടിണിമൂലം മാത്രം മരണപ്പെട്ടത് 193 പേര്‍. ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗസ്സയില്‍ ചെയ്തുകൂട്ടുന്നത്. സര്‍വവും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മുഴു പട്ടിണിയില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന കേവല ഭക്ഷണപ്പൊതികള്‍ക്ക് കാത്തുനില്‍ക്കുന്നവര്‍ക്കും നേരെപോലും വെടിയുതിര്‍ക്കാന്‍ മുതിരുന്നത് എത്ര കിരാതമായ ആശയമാണ് അക്രമികളെ നയിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
ചിത്രങ്ങളും വാര്‍ത്തകളും നമ്മോട് പറഞ്ഞതിനേക്കാളും ഭീകരമാണ് അവസ്ഥ. 81% ജനങ്ങള്‍ക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലെന്നാണ് യുഎന്‍ കണക്ക്. പത്തില്‍ ഒന്‍പതു കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്. ഹൃദയം തകര്‍ന്നു പോകുന്ന മുറിവുകളുടെ മാത്രം ലോകമായി ഒരു നാട് മാറിയിരിക്കുന്നു. പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി അരവയറുപോലും നിറക്കാന്‍ നിവൃത്തിയില്ലാതെ ദയനീയമായി അവര്‍ നമ്മെ നോക്കുന്നു. മാനുഷിക പരിഗണനയിലും ഒരു വിശ്വാസി എന്ന നിലയിലും നമുക്ക് ചില കടമകളുണ്ട്. നമ്മുടെ സഹോദരങ്ങളാണവര്‍. ഓര്‍ക്കുമ്പോള്‍ കണ്ണില്‍ നനവ് പടരുന്നു. അവര്‍ക്കുവേണ്ടി ഇനിയും റബ്ബിനോട് മനമുരുകി പ്രാര്‍ഥിക്കേണ്ടതുണ്ട്. ഗസ്സ നിവാസികളുടെ ക്ഷേമത്തിനും സമാധാനം പുലരുന്നതിനും വേണ്ടി വരുന്ന തിങ്കളാഴ്ച(11-08-25) മഗ്രിബ് നിസ്‌കാരശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാര്‍ഥന നടത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.
പ്രാര്‍ഥനയുടെ മുന്നോടിയായി സുകൃതങ്ങള്‍ ഉണ്ടാവുകയെന്നത് അതിന്റെ സ്വീകാര്യതയുടെയും മര്യാദയുടെയും ഭാഗമാണല്ലോ. ആ അര്‍ഥത്തില്‍ തിങ്കളാഴ്ച പകല്‍ അന്നേ ദിവസം സുന്നത്തുള്ള നോമ്പ് കഴിയുന്നവരെല്ലാം അനുഷ്ഠിക്കണമെന്ന് ഉണര്‍ത്തുന്നു. ഫലസ്തീന്‍ ജനതക്ക് എത്രയും വേഗം സമാധാന ജീവിതം സാധ്യമാവട്ടെ.