Connect with us

Articles

ഫാസിസം വന്‍മതിലല്ല; പൊളിക്കാവുന്നതേയുള്ളൂ

ബ്രിട്ടീഷ് സിവില്‍ സമൂഹവും സര്‍ക്കാറും നിയമപാലകരും ചേര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ജനകീയ പ്രതിരോധമാണ് കാഴ്ചവെച്ചത്. ആശ്വാസത്തിന്റെ വലിയ തെളിച്ചം സമ്മാനിക്കുന്നുണ്ട് ഈ പ്രതിരോധം. ലോകത്തെയാകെ വിഴുങ്ങാന്‍ ശേഷിയുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ സര്‍വ ഇടങ്ങളിലുമുണ്ട്. ഈ ഗ്രൂപ്പുകളെല്ലാം ഫാസിസത്തിന്റെ പുതുപതിപ്പുകളാണ്. ഇവര്‍ക്കെതിരെ നേടുന്ന ഏത് ചെറിയ വിജയവും മനുഷ്യര്‍ക്ക് ആഘോഷിക്കാനുള്ളതാണ്.

Published

|

Last Updated

സുഹൃത്തിന്റെ മകള്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ലണ്ടനിലാണ്. തീവ്ര വലതുപക്ഷ ഹൂളിഗന്‍സിന്റെ അഴിഞ്ഞാട്ടം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് അവളുടെ കാര്യമാണ്. ഓരോരുത്തരും വാര്‍ത്തകള്‍ വായിക്കുന്നത് ഓരോ തരത്തിലാണല്ലോ. നമ്മളെ നേരിട്ട് തൊടുമ്പോഴാണല്ലോ വാര്‍ത്തയുടെ ചൂടറിയുക. പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അവള്‍ താമസിക്കുന്നിടത്ത് വലിയ കുഴപ്പങ്ങളുണ്ടായില്ലെന്ന് മറുപടി വന്നു. ഒരാഴ്ച നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ യു കെ ശാന്തമാണ്. അതിവേഗം ആ രാജ്യം നിയമവാഴ്ച തിരിച്ചുപിടിച്ചു. മുസ്‌ലിംകള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, വെള്ളക്കാരല്ലാത്തവര്‍ തുടങ്ങി ബ്രിട്ടീഷ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിക്കഴിഞ്ഞ മനുഷ്യരെ തിരഞ്ഞ് പിടിച്ച് ഒരു കൂട്ടം വര്‍ണവെറിയന്‍മാര്‍ ആക്രമിക്കുകയായിരുന്നു. സര്‍വ തെരുവിലും ആയുധങ്ങളുമായിറങ്ങുകയും “അവരെ കടലില്‍ തള്ളുക, അവരെ ആട്ടിയോടിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷവും നുണയും വാരിവിതറുകയും ചെയ്ത തീര്‍ത്തും അഭിശപ്തമായ ദിനങ്ങൾക്കാണ് ജൂലൈ ഒടുവിലും ഈ മാസം തുടക്കത്തിലുമായി ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്.

ആ വിഷമ ഘട്ടത്തെ മറികടന്ന ബ്രിട്ടീഷ് സിവില്‍ സമൂഹവും സര്‍ക്കാറും നിയമപാലകരും ചേര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ജനകീയ പ്രതിരോധമാണ് കാഴ്ചവെച്ചത്. ലോകത്താകെ ആശ്വാസത്തിന്റെ വലിയ തെളിച്ചം സമ്മാനിക്കുന്നുണ്ട് ഈ പ്രതിരോധം. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍, ശ്രീലങ്കയിലെ സിംഹള ഗ്രൂപ്പുകള്‍, മ്യാന്‍മറിലെ ബുദ്ധ തീവ്രവാദികള്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ നവ നാസികള്‍, യു എസിലെ വൈറ്റ് സൂപ്രമാസിസ്റ്റുകള്‍, ഇസ്‌റാഈലിലെ സയണിസ്റ്റുകള്‍…. ലോകത്തെയാകെ വിഴുങ്ങാന്‍ ശേഷിയുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ സര്‍വ ഇടങ്ങളിലുമുണ്ട്. അവയുടെ പുറമേക്ക് കാണുന്ന മുള ചെറുതായിരിക്കും. അവഗണനീയവുമാകാം.

എന്നാല്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞിരിക്കുന്ന വിശാലമായ വിഷ വേരുകള്‍ അവയ്ക്കുണ്ട്. അത് നാടാകെ പടരുന്നുണ്ട്. അതിനെ വര്‍ഗീയതയെന്ന് വിളിക്കാം. വംശീയത, കുടിയേറ്റവിരുദ്ധത, ഇസ്‌ലാമോഫോബിയ, യുദ്ധോത്സുകത, ആണഹന്ത എന്നൊക്കെ വിളിക്കാം. ഈ ഗ്രൂപ്പുകളെല്ലാം ഫാസിസത്തിന്റെ പുതുപതിപ്പുകളാണ്. ഇവര്‍ക്കെതിരെ നേടുന്ന ഏത് ചെറിയ വിജയവും മനുഷ്യര്‍ക്ക് ആഘോഷിക്കാനുള്ളതാണ്. ഫ്രാന്‍സില്‍ മാരിനെ ലീ പെന്നിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയെ “ഇന്ത്യ സഖ്യം’ മാതൃകയില്‍ പാര്‍ട്ടികളുടെ കൂട്ടായ്മ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയപ്പോഴും ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷം വന്നപ്പോഴും ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് അധികാരം അവസാനിപ്പിച്ച് അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴുമെല്ലാം മനുഷ്യ സ്‌നേഹികള്‍ ആഹ്ലാദിച്ചത് അതുകൊണ്ടാണ്. അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീന്‍ നേടുന്ന കുഞ്ഞു വിജയങ്ങള്‍ പോലും ആഘോഷ ഹേതുവാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഇനി തലപൊക്കില്ലെന്ന് ആരും കരുതുന്നില്ല. പക്ഷേ, മനുഷ്യര്‍ ഒന്നിച്ചാല്‍ ഏത് വിധ്വംസക ശക്തികളെയും നേരിടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അത് പകരുന്നുണ്ട്.
തെരുവിലുണ്ട് മനുഷ്യര്‍

കലാപത്തിന്റെ ആദ്യ ദിനങ്ങളില്‍ നിഗല്‍ ഫറാഷിന്റെ റിഫോം യു കെ പാര്‍ട്ടിക്കാരാണ് അക്രമ ആഹ്വാനവുമായി രംഗത്തിറങ്ങിയത്. പിന്നെ, നിരവധി തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലെ പ്രവര്‍ത്തകര്‍ ചേര്‍ന്നു. അവര്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങളില്‍ തമ്പടിച്ചു. പുറത്തിറങ്ങുന്നവരെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. പള്ളികള്‍ക്ക് നേരെ കല്ലേറുണ്ടായി.

കുടിയേറ്റക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്കും അക്രമികള്‍ ഇരച്ചെത്തി. അഭയാര്‍ഥികളെ അവരുടെ രേഖകള്‍ ശരിയാകും വരെ താമസിപ്പിച്ചിരുന്ന ഹോഷിഡേ ഇന്‍ പോലുള്ള ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് വാഹനങ്ങള്‍ക്ക് തീവെച്ചു. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യു കെയിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതോടെ ആഗോള വാര്‍ത്തയായി അത് പരിണമിച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സ്ഥിതി പാടേ മാറിമറിഞ്ഞു. ബെര്‍മിംഗ്ഹാം, റോതര്‍ഹാം, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് മനുഷ്യര്‍ ഫാസിസ്റ്റ്‌വിരുദ്ധ പ്രകടനങ്ങളുമായി ഇറങ്ങി. മുസ്‌ലിംകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഇടതു സംഘടനാ പ്രവര്‍ത്തകര്‍, യുദ്ധവിരുദ്ധ ഗ്രൂപ്പുകള്‍ എല്ലാം കൈകോര്‍ത്തു. “ഇന്ന് ഞാന്‍ ഇവിടെയുണ്ടാകണമെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. എന്റെ വെളുത്ത തൊലി ഈ മനുഷ്യത്വവിരുദ്ധതക്കെതിരെ പ്രതികരിക്കാന്‍ തടസ്സമായിക്കൂടാ’- സൗത്ത് ഇംഗ്ലണ്ടിലെ ഹാസ്റ്റിംഗ്‌സില്‍ വംശീയവിരുദ്ധ റാലിക്കെത്തിയ 37കാരിയായ ലൂസി പറഞ്ഞു. ലൂസിയെപ്പോലെ നിരവധി പേര്‍ സര്‍വ നഗരങ്ങളിലും നിരുപാധികം തെരുവിലിറങ്ങിയതോടെ തീവ്ര വലതുപക്ഷക്കാര്‍ മെല്ലെ പിന്‍വാങ്ങാന്‍ തുടങ്ങി. അവര്‍ പ്രഖ്യാപിച്ച നൂറിലേറെ റാലികള്‍ മാറ്റിവെച്ചു.

കുടിയേറ്റക്കാരെ നിയമപരമായി സഹായിക്കുന്ന അഭിഭാഷകരെ ആക്രമിക്കാന്‍ ചില ഗ്രൂപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തിരുന്നു. അതേക്കുറിച്ചും പിന്നെ കേട്ടില്ല. പോലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പലയിടങ്ങളിലും വംശീയവിരുദ്ധരും തീവ്ര വലതുപക്ഷക്കാരും ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു. അങ്ങേയറ്റം പക്വതയോടെ പോലീസ് പെരുമാറി. “നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാപം അഴിച്ചുവിടുന്നവര്‍ വലിയ ശിക്ഷ നേരിടേണ്ടി വരു’മെന്ന് പ്രധാനമന്ത്രി കീയ്്ർ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ബ്രിട്ടനെ മഹത്തായി നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം മഹാഭൂരിപക്ഷം പേരും നെഞ്ചേറ്റുകയായിരുന്നു. അധികാരമേറ്റ് ഒരു മാസം പിന്നിടും മുമ്പ് േനരിടേണ്ടിവന്ന ബലപരീക്ഷണത്തില്‍ ലേബര്‍ നേതാവ് സ്റ്റാര്‍മര്‍ വിജയിക്കുന്നതാണ് പിന്നെ കണ്ടത്. അത് അദ്ദേഹത്തിന് കൊടുക്കുന്ന ഊര്‍ജം ചില്ലറയായിരിക്കില്ല.
നേരത്തേ തുടങ്ങി

ജൂലൈ നാലിന് നടന്ന നിര്‍ണായക പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തില്‍ തന്നെ ബ്രിട്ടനിലാകെ മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും ലക്ഷ്യമിട്ട് നുണകള്‍ പറന്ന് നടന്നിരുന്നു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളെ പിന്തുണക്കുന്ന രാഷ്ട്രീയ നേതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും ഒറ്റതിരിഞ്ഞ് തോല്‍പ്പിക്കാന്‍ ആഹ്വാനമുയരുകയും ചെയ്തു. കുടിയേറ്റം സമ്പൂര്‍ണമായി നിയന്ത്രിക്കുന്നവര്‍ക്കേ വോട്ടുള്ളൂ എന്ന പ്രചാരണവും കത്തിക്കയറി.

കണ്‍സര്‍വേറ്റീവ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഋഷി സുനക് തന്റെ റുവാണ്ട പദ്ധതി പ്രഖ്യാപിച്ചത് ഈ പ്രചാരണത്തില്‍ വീണായിരുന്നു. എന്നാല്‍ സ്റ്റാര്‍മര്‍ പറഞ്ഞത് കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന സുനകിന്റെ പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത് കടക്കണമെന്ന് വാദിക്കുന്ന ബ്രെക്‌സിറ്റിന്റെയും ഉള്ളടക്കം കുടിയേറ്റവിരുദ്ധതയായിരുന്നു. 9/11 ആക്രമണത്തിന് പിറകേ യു എസ് ഇളക്കിവിട്ട ഇസ്‌ലാമോഫോബിയ ബ്രിട്ടനിലും പടര്‍ന്നിരുന്നു. അതിനും മുമ്പ് 1970കളിലും 1980കളിലും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചപ്പോഴും കുറ്റം ചാര്‍ത്തപ്പെട്ടത് മുസ്‌ലിംകളിലും കുടിയേറ്റക്കാരിലുമായിരുന്നു. അന്നും ഇരുണ്ട തൊലിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വന്നിരുന്നു. പള്ളികള്‍ ലക്ഷ്യം വെച്ചിരുന്നു. തങ്ങളുടെ തൊഴിലും ഭക്ഷണവും ഇടവും കവരുന്നത് കുടിയേറി വരുന്നവരാണെന്നും ബ്രിട്ടീഷ് പ്രൈഡ് തകര്‍ക്കുകയാണ് മുസ്‌ലിംകളെന്നും വംശീയവാദികള്‍ എക്കാലവും പ്രചരിപ്പിച്ചു വരുന്നതാണ്.
നുണയാണ് ആയുധം

ഇന്ത്യയില്‍ നടക്കുന്നത് പോലെ ബ്രിട്ടനിലും ഇത്തവണത്തെ അഴിഞ്ഞാട്ടത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചത് നുണയാണ്. ജൂലൈ 29ന് സൗത്ത് പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ കടന്നു കയറിയ കൗമാരക്കാരന്‍ മൂന്ന് കുട്ടികളെ കുത്തിക്കൊല്ലുന്നു. ഉടന്‍ നുണ പ്രചരിക്കുന്നു. കൊലയാളി ഒരു കുടിയേറ്റക്കാരനാണ്. ഒരു മുസ്‌ലിം പേരും വരുന്നു. പ്രതി കൗമാരക്കാരനായിരുന്നതിനാല്‍ പേര് ഔദ്യോഗികമായി പുറത്തുവിടാന്‍ നിയമപരമായ തടസ്സമുണ്ടായിരുന്നു. അതാണ് വിദ്വേഷ പ്രചാരകര്‍ക്ക് അവസരമായത്. പക്ഷേ, കാര്യങ്ങള്‍ കൈവിടുമെന്നായപ്പോള്‍ പേര് വെളിപ്പെടുത്താന്‍ നിയമം മറികടന്ന് കോടതി അനുമതി നല്‍കി. മനുഷ്യര്‍ക്ക് വേണ്ടിയാണല്ലോ നിയമങ്ങള്‍. ആ പേര് പുറത്തുവന്നു. ആക്‌സല്‍ റുഡകബാന. നല്ല അസ്സല്‍ ബ്രിട്ടീഷുകാരന്‍. കൃത്യമായി ചര്‍ച്ചിലൊക്കെ പോകുന്ന കുടുംബത്തില്‍ പിറന്നവന്‍. ചര്‍ച്ച് ഗായക സംഘത്തിലെ പാട്ടുകാരനെന്നും ചില വെബ്‌സൈറ്റുകള്‍ പറയുന്നു. പതിവ് തെറ്റിയില്ല. പയ്യന്‍ മാനസിക രോഗിയാണത്രെ.

തീവ്ര വലതുപക്ഷക്കാരെ നേരിടാന്‍ മനുഷ്യ സ്‌നേഹികള്‍ തെരുവിലിറങ്ങിയതോടെ അടുത്ത നുണ വന്നു. ടു ടയര്‍ പോലീസിംഗാണ് നടക്കുന്നതെന്നായിരുന്നു ആ നുണ. പോലീസ് വിവേചനം കാണിക്കുന്നു. കുടിയേറ്റം നിയന്ത്രിക്കണമെന്ന് പറയുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു. അവരെ പാര്‍പ്പിക്കാന്‍ ഫോക്ക് ലാന്‍ഡ് ദ്വീപില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ സ്റ്റാര്‍മര്‍ തീരുമാനിച്ചിട്ടുണ്ട്. ഫലസ്തീന്‍ അനുകൂലികള്‍ക്ക് തലോടല്‍. ഇസ്‌റാഈല്‍ അനുകൂലികള്‍ക്ക് തടവറ. ഇങ്ങനെ പോകുന്നു നുണകൾ. എക്‌സ് ആണ് ഈ നുണയുടെ വാഹകരായത്. എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് നേരിട്ട് വിദ്വേഷ പ്രചാരണത്തിന് രംഗത്തിറങ്ങി. അതിര്‍ത്തി അടയ്ക്കാന്‍ സാധിക്കാത്ത കഴിവുകെട്ട ഭരണാധികാരികളാണ് ബ്രിട്ടന്റെ ശാപമെന്ന് അദ്ദേഹം ആക്രോശിച്ചു.

നിഗല്‍ ഫറാഷുമൊത്ത് അദ്ദേഹം ഫോട്ടോ ഷൂട്ട് നടത്തി. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണമാണ് സത്യത്തില്‍ അക്രമികള്‍ക്ക് ഉത്തേജനം പകരുന്നത്. പല കൈ മറിഞ്ഞ് പരക്കുന്ന നുണ നേരിടാന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് സാധിക്കാതെ വരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫറാഷിന്റെ റിഫോം യു കെ അഞ്ച് സീറ്റ് നേടുകയും പലയിടത്തും വന്‍തോതില്‍ വോട്ട് പിടിക്കുകയും ചെയ്തത് ഇത്തരം നുണകളുടെ ബലത്തിലായിരുന്നു. 2022ല്‍ ലീഷസ്റ്ററില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട് വംശീയ അതിക്രമത്തിന് വഴിമരുന്നിട്ടു കൊടുത്ത ബ്രിട്ടനിലെ ഹിന്ദുത്വ ഗ്രൂപ്പകളെയും തീവ്ര വലതുപക്ഷക്കാര്‍ വെറുതെ വിടുന്നില്ല എന്നതാണ് കൗതുകകരമായ കാര്യം.
അവര്‍ അലയുന്നു

പള്ളിക്ക് കാവല്‍ നില്‍ക്കുന്നവര്‍, അഭയാര്‍ഥികള്‍ക്ക് സ്വാഗതം എന്ന് പ്ലക്കാര്‍ഡ് പിടിക്കുന്നവര്‍, പുറത്തിറങ്ങാനാകാത്ത നോണ്‍ ബ്രിട്ടീഷ് മനുഷ്യര്‍ക്ക് സംരക്ഷണവലയം തീര്‍ക്കുന്നവര്‍, തീവ്ര വലതുപക്ഷക്കാരെ അടിച്ചോടിക്കാനിറങ്ങുന്ന യുവാക്കള്‍, ആശയ പ്രചാരണം ശക്തമാക്കുന്ന എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍… എല്ലാവരും ഒരുമിക്കുകയും വംശീയവാദികളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ ബ്രിട്ടീഷ് ജനാധിപത്യം ബാലറ്റില്‍ നിന്ന് മനുഷ്യരുടെ ജീവിതത്തിലേക്ക് പടരുകയാണ്. എന്നാല്‍, വംശീയ ഹിസ്റ്റീരിയ ബാധിച്ചവര്‍ തെരുവില്‍ നിന്ന് തത്കാലം പിന്‍വാങ്ങുന്നേയുള്ളൂ. അവര്‍ അവിടെയുണ്ട്. പ്രതികാരദാഹിയായി അവര്‍ അലയുന്നുണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്