pinarayi
ആദിവാസി കലയെ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണം കേരളീയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമം: മുഖ്യമന്ത്രി
അവരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം ശരിയായ ഉദ്ദേശ്യത്തോടെ നടന്നതല്ല
തിരുവനന്തപുരം | കേരളീയം പരിപാടിയുടെ വന്‍ വിജയത്തിന്റെ ശോഭ കെടുത്തുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ആദിമം പരിപാടിക്കെതിരായ പ്രചാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടോടി ഗോത്ര കലാകാരന്‍മാര്‍ക്ക് അവരുടെ പരിപാടി അവതരിപ്പിക്കാനുള്ള വേദി ഒരുക്കിയതാണ് ആദിമം.
പളിയനൃത്തം അവതരിപ്പിച്ചതില്‍ ഒരുതെറ്റും കാണാനാവില്ല. പരമ്പരാഗത ഗോത്ര വിഭാഗത്തില്‍ പെട്ട കലാകരന്‍മാര്‍ക്ക് ഫോക്ലോര്‍ അക്കാഡമിയാണു വേദിയൊരുക്കിയത്. അവരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം ശരിയായ ഉദ്ദേശ്യത്തോടെ നടന്നതല്ല. തങ്ങളുടെ പ്രകടനം ജനം കണ്ടതില്‍ അവര്‍ സന്തുഷ്ടരായിരുന്നു.
പരമ്പരാഗത കുടിലിനു മുന്നില്‍ കലാകാരന്‍മാര്‍ വിശ്രമിക്കുന്ന ചിത്രം പ്രദര്‍ശനമാണെന്നു പ്രചരിപ്പിക്കുകയാണുണ്ടായത്. ആദിമ മനുഷ്യരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് ലോകത്തെമ്പാടും നടക്കുന്നു. കേരളീയം ജനശ്രദ്ധ നേടിയപ്പോള്‍ അതിന്റെ ശോഭ കെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.