Connect with us

Uae

ഇത്തിഹാദ് റെയിൽ യു എ ഇക്ക് കോടികൾ വരുമാനം നേടിക്കൊടുക്കും

ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും

Published

|

Last Updated

ദുബൈ | ഇത്തിഹാദ് റെയിലിൽ അബൂദബി – ദുബൈ പാസഞ്ചർ ലൈൻ നിലവിൽ വന്നാൽ യു എ ഇയുടെ ജി ഡി പിയിലേക്ക് ഒരു ദശകത്തിൽ 14,500 കോടി ദിർഹം വരെ സംഭാവന ചെയ്യുമെന്ന് യു എ ഇ പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും ഈ ദേശീയ റെയിൽ ശൃംഖല സമ്പദ്്വ്യവസ്ഥയിലേക്ക് പ്രതിവർഷം 350 കോടി ദിർഹം ചേർക്കും. 15.5 ശതമാനം എന്ന ശ്രദ്ധേയമായ സാമ്പത്തിക വരുമാന നിരക്കുണ്ടാകും. മാത്രമല്ല, 2030 ഓടെ യു എ ഇയിലുടനീളം 9,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എൻജിനീയറിംഗ്, നിർമാണം, ട്രെയിൻ പ്രവർത്തനങ്ങൾ, കയറ്റിറക്കുമതി, അറ്റകുറ്റപ്പണി എന്നിവയിലാണ് അവസരങ്ങൾ.
5,000 കോടി ദിർഹം മുതൽ മുടക്കിൽ യു എ ഇയുടെ “50 പദ്ധതികൾ’ സംരംഭത്തിന്റെ ഭാഗമായി ആരംഭിച്ചതാണ് യു എ ഇ റെയിൽവേ പ്രോഗ്രാം. ഏഴ് എമിറേറ്റുകളെയും പ്രധാന നഗര, വ്യാവസായിക കേന്ദ്രങ്ങളെയും ഒരു ദേശീയ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നു. ഇത് ജി സി സി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും.
ഇത്തിഹാദ് റെയിൽ മൊത്തത്തിൽ 20,000 കോടി ദിർഹം സാമ്പത്തിക അവസരങ്ങൾ ഒരുക്കും. സുസ്ഥിര ഗതാഗത സംവിധാനം വികസിപ്പിക്കുക മാത്രമല്ല, പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിൽ വളർച്ച കൈവരിക്കാനും ഇത് ലക്ഷ്യമിടുന്നു. എമിറേറ്റ്സിലുടനീളം സ്റ്റേഷനുകൾ, ഡിപ്പോകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രൂപപ്പെടുന്നു. നിർമാണ ഘട്ടത്തിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾക്ക് പദ്ധതി തൊഴിൽ നൽകി. വിതരണ ശൃംഖലകൾ, ഫാക്ടറികൾ, സേവന മേഖലകൾ എന്നിവിടങ്ങളിൽ ഇതിന്റെ സ്വാധീനം പ്രകടമാണ്. അബൂദബി വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം അടുത്ത തലമുറ ഇമറാത്തികളെ ഗതാഗത, എഞ്ചിനീയറിംഗ് മേഖലകളിൽ പരിശീലിപ്പിക്കുന്നു. നിലവിൽ അബൂദബി – ഫുജൈറ ചരക്ക് വണ്ടികൾ ഓടുന്നുണ്ട്. അടുത്ത വർഷം അതിവേഗ ട്രെയിനിൽ യാത്രക്കാരെ കയറ്റിത്തുടങ്ങും. സഊദി അതിർത്തിയിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ ദുബൈയിൽ എത്താം.

Latest